രോഹിത് വെമുലയുടെ കുടുംബത്തിന് തുക കൈമാറി

0
141
ന്യൂ ഡൽഹി(www.mediavisionnews.in):: ഫാസിസത്തിനെതിരെ ഇന്ത്യയിലെ കലാലയങ്ങളുടെ പ്രതിരോധത്തിന്റെ ജ്വലിക്കുന്ന പ്രതീകമായിരുന്ന ,ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റിയിലെ ദളിത് ഗവേഷക വിദ്യാർത്ഥി രോഹിത് വെമുലയുടെ കുടുംബത്തിനും ഇനി മുസ്ലിം ലീഗിന്റെ ജീവകാരുണ്യത്തിന്റെ സുരക്ഷ. രോഹിതിന്റെ കുടുംബത്തിന് സ്വന്തമായി വീടു വാങ്ങുന്നതിനുള്ള തുക അമ്മ രാധിക വെമുല, മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എം പി യിൽ നിന്ന് ഏറ്റുവാങ്ങി. മുസ്ലിം ലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇ റ്റി മുഹമ്മദ് ബഷീർ എം പി, ട്രഷറർ പി വി അബ്ദുൾ വഹാബ് എം പി, യൂത്ത് ലീഗ് ദേശീയ പ്രസിഡണ്ട് സാബിർ എസ് ഗഫാർ, ജനറൽ സെക്രട്ടറി സി കെ സുബൈർ, വൈസ് പ്രസിഡണ്ട് ആ സിഫ് അൻസാരി, എം എസ് എഫ് ദേശീയ സെക്രട്ടറി എൻ എ കരിം തുടങ്ങിയവർ പങ്കെടുത്ത ചടങ്ങിലാണ് തുക കൈമാറിയത്
ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റിയിൽ ഗവേഷക വിദ്യാർത്ഥിയായിരിക്കെ, വൈസ് ചാൻസലറുടെ പീഡനത്തിൽ മനം മടുത്താണ് രോഹിത് വെമുല ആത്മഹത്യ ചെയ്തത്. തുടർന്ന് ക്യാമ്പസിൽ നടന്ന വിദ്യാർത്ഥി സമരത്തിന് യൂത്ത് ലീഗും, എം എസ് എഫും ഐക്യദാർഡ്യം പ്രഖ്യാപിച്ചു.പി കെ കുഞ്ഞാലിക്കുട്ടി നയിച്ച കേരള യാത്രയുടെ തിരുവനന്തപുരത്ത് നടന്ന സമാപന ചടങ്ങിൽ രോഹിതിന്റെ അമ്മ രാധിക വെമുല പങ്കെടുത്തു. സ്വന്തമായി ഒരു വീട് എന്ന സ്വപ്നം ബാക്കിയാക്കി കടന്നു പോയ മകന് വേണ്ടി മുസ്ലിം ലീഗ് അതേറ്റെടുക്കുകയായിരുന്നു. വീട് നിർമ്മിക്കാൻ ഭൂമി നൽകാം എന്നേറ്റിരുന്ന ആന്ധ്രപ്രദേശിലെ ഐ പി എസ്, ഐ എ എസ് അസോസിയേഷൻ പിൻമാറിയപ്പോഴാണ് അപാർട്മെന്റ് വാങ്ങാനുള്ള  തീരുമാനത്തിലേക്ക് കുടുംബം എത്തിയത്. അഞ്ച് ലക്ഷം രൂപ അഡ്വൻസ് നൽകുന്നതിനായി മുസ്ലിം ലീഗ് ദേശീയ കമ്മിറ്റി   നേരത്തെ നൽകിയിരുന്നു. ബാക്കി പത്ത് ലക്ഷം രൂപയാണ് കൈമാറിയത്.
മകൻ നഷ്ടപ്പെട്ട നാൾ തുടങ്ങി ആ കുടുംബവുമായി മുസ്ലിം ലീഗ് തുടരുന്ന ആത്മബന്ധത്തിന്റെ പ്രതീകമാണ് ഈ സ്നേഹ സമ്മാനമെന്ന് പി കെ കുഞ്ഞാലിക്കുട്ടി എം പി പറഞ്ഞു. ഇത് അതിജീവനത്തിനു വേണ്ടി സമരം ചെയ്യുന്ന രാജ്യത്തെ ഓരോ ദളിത് കുടുംബത്തോടുമുള്ള മുസ്ലിം ലീഗിന്റെ ഐക്യദാർഡ്യ പ്രഖ്യാപനമാണ്. അദ്ദേഹം പറഞ്ഞു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here