ന്യൂഡല്‍ഹി (www.mediavisionnews.in): രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്ക് ജയം. എന്‍ഡിഎയ്ക്കായി ജനതാദള്‍ യുണൈറ്റഡിന്റെ ഹരിവന്‍ശ് നാരായണ്‍ സിങ്ങിന് 125 വോട്ട് ലഭിച്ചപ്പോള്‍ പ്രതിപക്ഷത്തിന്റെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ബികെ ഹരിപ്രസാദിന് 105 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്.
ബിജു ജനതാദളും ടിആര്‍എസും എന്‍ഡിഎയ്ക്ക് വോട്ട് ചെയ്തതാണ് നിര്‍ണായകമായത്. 245 അംഗ രാജ്യസഭയില്‍ ഉപാധ്യക്ഷ തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ 123 അംഗങ്ങളുടെ പിന്തുണയായിരുന്നു ആവശ്യമായിരുന്നത്. ലോകസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള വിശാല ഐക്യത്തിനുള്ള സൂചകമാകും രാജ്യസഭാ ഉപാധ്യക്ഷ തെരഞ്ഞെടുപ്പ് എന്നായിരുന്നു വിലയിരുത്തല്‍.
എന്നാല്‍, ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് പരാജയപ്പെടുകയായിരുന്നു. സ്വന്തം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയതോടെ വൈഎസ്ആര്‍ കോണ്‍ഗ്രസും ആംആദ്മിയും കോണ്‍ഗ്രസിനോട് ഉടക്കിട്ട് വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നു. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ കൂടിയാലോചന നടത്തിയില്ലെന്നായിരുന്നു ഇവര്‍ കോണ്‍ഗ്രസിനെതിരേ ആരോപിച്ചത്.
അതേസമയം, രാജ്യസഭയില്‍ വ്യക്തമായ ഭൂരിപക്ഷമില്ലാതിരുന്നിട്ടും ജെഡിയു സ്ഥാനാര്‍ത്ഥിയെ കൊണ്ടുവന്ന് പ്രാദേശിക പാര്‍ട്ടികളുട പിന്തുണ ഉറപ്പിച്ചാണ് എന്‍ഡിഎ വോട്ടെടുപ്പില്‍ വിജയിച്ചത്.