മുന്‍ പ്രധാനമന്ത്രി വാജ്‌പേയി അന്തരിച്ചു; കാലയവനികയ്ക്കുള്ളില്‍ മറഞ്ഞത് ബിജെപിയുടെ മതേതരത്വ മുഖം

0
147

ന്യൂഡല്‍ഹി(www.mediavisionnews.in):ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രിയും ബിജെപിയുടെ മുതിര്‍ന്ന നേതാവുമായ അടല്‍ ബിഹാരി വാജ്‌പേയി (93) അന്തരിച്ചു. ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട്സ് ഓഫ് മെഡിക്കല്‍ സയന്‍സില്‍ വച്ചായിരുന്നു അന്ത്യം. രോഗബാധിതനായി ഏറെക്കാലമായി പൊതുയിടങ്ങളില്‍നിന്നും രാഷ്ട്രീയത്തില്‍നിന്നും വിട്ടുനില്‍ക്കുകയായിരുന്നു വാജ്പേയി. 2014 ല്‍ രാഷ്ട്രം ഭാരതരത്നം നല്‍കി ആദരിച്ചു.

ബിജെപിയുടെ ഇന്ത്യയിലെ ആദ്യത്തെ പ്രധാനമന്ത്രിയാണ് വാജ്പേയി. ബിജെപിയില്‍ മതേതരത്വ മുഖമുള്ള ചുരുക്കം ചില നേതാക്കളില്‍ ഒരാളാണ് അദ്ദേഹം. 2009 ലാണ് അദ്ദേഹത്തിന് സ്‌ട്രോക്ക് വന്നത്. ഇതേതുടര്‍ന്ന് ശരീരം തളര്‍ന്ന അദ്ദേഹത്തിന് സംസാരിക്കാന്‍ പോലും സാധിക്കില്ലായിരുന്നു. ഇതിനൊപ്പം അദ്ദേഹത്തെ അല്‍ഷിമേഴ്സും അലട്ടിയിരുന്നു.

രണ്ടു തവണ ഇന്ത്യന്‍ പ്രധാനമന്ത്രി പദം അലങ്കരിച്ച വാജ്‌പേയി ബിജെപിക്ക് രാജ്യത്ത് സ്വാധീനമുണ്ടാക്കുന്നതില്‍ സുപ്രധാന പങ്കുവച്ച് നേതാവായിരുന്നു. വായ്‌പേയി ആദ്യമായി പ്രധാനമന്ത്രി സ്ഥാനമേറ്റത് 1996 മെയ് 16നായിരുന്നു. ആദ്യ മന്ത്രിസഭ 13 ദിവസത്തിനു ശേഷം താഴെ വീണു. രാജ്യത്ത് ഏറ്റവും കുറച്ച് കാലം അധികാരത്തിലിരുന്ന കേന്ദ്ര മന്ത്രിസഭ ആദ്യ വാജ്‌പേയി മന്ത്രിസഭയാണ്.

ബിജെപിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ 1999 ല്‍ അധികാരം നേടിയപ്പോള്‍ വായ്‌പേയ് വീണ്ടും പ്രധാനമന്ത്രിയായി അധികാരമേറ്റു. ഇത്തവണ അഞ്ചു വര്‍ഷം അധികാരത്തില്‍ തുടരാന്‍ അദ്ദേഹത്തിന് സാധിച്ചു. പൊഖ്‌റാന്‍ ആണവ പരീക്ഷണം, കാര്‍ഗില്‍ യുദ്ധം, പാര്‍ലെമന്റ് ആക്രമണം തുടങ്ങിയ സംഭവങ്ങള്‍ രണ്ടാം വാജ്‌പേയി സര്‍ക്കാരിന്റെ ഭരണകാലത്താണ് നടന്നത്. അവിവാഹിതനായ വാജ്പേയി മികച്ച പ്രഭാഷകനായിരുന്നു.

യുപിയില്‍ നിന്നും മധ്യപ്രദേശിലെ ഗ്വാളിയോറിലേക്ക് കുടിയേറിയ ബ്രാഹ്മണകുടുംബത്തിലാണ് വാജ്‌പേയിയുടെ ജനനം. കൃഷ്ണ ദേവിയുടെയും കൃഷ്ണ ബിഹാരി വാജ്പേയിയുടെയും മകനായി 1924 ലെ ക്രിസ്തുമസ് ദിനത്തില്‍ ജനിച്ച വാജ്‌പേയി ഗ്വാളിയറിലെ വിക്ടോറിയ കോളേജില്‍ നിന്നും ബിരുദവും കാണ്‍പൂര്‍ ഡി.എ.വി. കോളേജില്‍ നിന്നും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി.

ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തിലൂടെയാണ് വാജ്‌പേയിയുടെ രാഷ്ട്രീയ പ്രവേശനം. 1942 ലായിരുന്നു ഇത്. പിന്നീട് ഭാരതീയ ജന സംഘത്തിന്റെയും നേതവായി ശ്രദ്ധനേടിയ വാജ്‌പേയി ബിജെപിയുടെ സ്ഥാപക നേതാക്കളില്‍ ഒരാളായിരുന്നു. ബിജെപി ദേശീയ അധ്യക്ഷനായി ആരംഭകാലത്ത് വാജ്‌പേയി പ്രവര്‍ത്തിച്ചിട്ടുണ്ട്. 1980 മുതലുള്ള ആറു വര്‍ഷ കാലം ശൈവദിശയിലായിരുന്ന ബിജെപിയെ വാജ്‌പേയിയുടെ നേതൃത്വമാണ് ഇന്ത്യയില്‍ അധികാരത്തിലെത്തിക്കുന്നതിന് തക്ക ശക്തിയുള്ള പ്രസ്ഥാനമായി വളര്‍ത്തിയത്.

ഒമ്പതു തവണ ലോകസഭയിലേക്കും രണ്ടു തവണ രാജ്യസഭയിലേക്കും ജയിച്ച വാജ്‌പേയി മൊറാര്‍ജി ദേശായിയുടെ നേതൃത്വത്തിലുള്ള ജനത പാര്‍ട്ടി മന്ത്രിസഭയില്‍ വിദേശകാര്യ മന്ത്രിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ

LEAVE A REPLY

Please enter your comment!
Please enter your name here