ബൗളിംഗ് കൊടുങ്കാറ്റില്‍ ഇന്ത്യ വീണു, ഇംഗ്ലണ്ടിന് തകര്‍പ്പന്‍ ജയം

0
153

എഡ്ജ്ബാസ്റ്റണ്‍ (www.mediavisionnews.in):ഇംഗ്ലണ്ടിനെതിരെ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് തോല്‍വി. 194 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 32 റണ്‍സ് അകലെവെച്ച് ഇടറി വീഴുകയായിരുന്നു. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇംഗ്ലണ്ട് 1-0ത്തിന് മുന്നിലെത്തി.

സ്കോര്‍: ഇംഗ്ലണ്ട്: 287, 180 ഇന്ത്യ: 274, 162

നാലാം ദിവസം ആദ്യം പുറത്തായത് കാര്‍ത്തിക് ആണ്. രണ്ട് റണ്‍സ് കൂട്ടിച്ചേര്‍ത്തതിന് പിന്നാലെ കാര്‍ക്കിന് 20 റണ്‍സുമായി മടങ്ങി. പിന്നീട് കോഹ്ലിയ്ക്കാപ്പം ഹാര്‍ദ്ദിക്ക് ചേര്‍ന്നെങ്കിലും അര്‍ധ സെഞ്ച്വറി തികച്ചതിന് പിന്നാലെ ഇന്ത്യന്‍ നായകനും മടങ്ങി. ബെന്‍സ്റ്റോക്‌സിന്റെ പന്തില്‍ എല്‍ബി വിക്കറ്റില്‍ കുടുങ്ങുകയായിരുന്നു കോഹ്ലി. 93 പന്തില്‍ നാല് ഫോറടക്കം 51 റണ്‍സാണ് കോഹ്ലി നേടിയത്.

തൊട്ടടുത്ത പന്തില്‍ മുഹമ്മദ് ഷമിയേയും പുറത്താക്കി സ്റ്റോക്‌സ് ഇംഗ്ലണ്ടിനെ വിജയത്തിലേക്ക് അടുപ്പിച്ചു. പിന്നീട് 11 റണ്‍സെടുത്ത് ഇശാന്ത് പൊരുതി നോക്കിയെങ്കിലും റാഷിദിന് മുന്നില്‍ എല്‍ബി വിക്കറ്റില്‍ കുടുങ്ങി. അവസാന വിക്കറ്റില്‍ ഉമേശുമായി ചേര്‍ന്ന് ഹാര്‍ദ്ദിക്ക് അവസാന രക്ഷാശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. 31 റണ‍്‍സെടുത്ത ഹാര്‍ദ്ദിക്ക് സ്റ്റോക്സിന്‍റെ പന്തില്‍ കുക്ക് പിടിച്ച് പുറത്തായി. ഉമേശ് റണ്‍സൊന്നും എടുക്കാതെ പുറത്താകാതെ നിന്നു.

ഇംഗ്ലണ്ടിനായി ബെന്‍ സ്റ്റോക്‌സ് നാലും സ്റ്റുവര്‍ട്ട് ബോര്‍ഡും ആന്‍ഡേഴ്‌സണും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

മൂന്നാം ദിനം 194 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ അഞ്ചിന് 110 റണ്‍സ് എന്ന നിലയിലായിരുന്നു. മുരളി വിജയ് (6), ശികര്‍ ധവാന്‍ (13), കെഎല്‍ രാഹുല്‍ (13), രഹാന (2), അശ്വിന്‍ (13) എന്നിങ്ങനെയായിരുന്നു ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരുടെ പ്രകടനം.

രണ്ടാം ഇന്നിങ്സില്‍ ഇംഗ്ലീഷ് ബാറ്റിങ് നിരയെ വരിഞ്ഞു കെട്ടിയ ഇഷാന്ത് ശര്‍മ്മയാണ് ഇന്ത്യയുടെ വിജയ ലക്ഷ്യം കുറച്ചതില്‍ നിര്‍ണായക പങ്കുവഹിച്ചത്. 13 റണ്‍സിന്റെ ഒന്നാം ഇന്നിങ്സ് ലീഡുള്‍പ്പെടെ 22 റണ്‍സ് ലീഡുമായി മൂന്നാം ദിനം ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ട് 180 റണ്‍സിന് പുറത്തായി.

21 ഓവറില്‍ 51 റണ്‍സ് വഴങ്ങി അഞ്ചു വിക്കറ്റ് വീഴ്ത്തിയ ഇഷാന്ത് ശര്‍മയാണ് ഇന്ത്യന്‍ ബോളര്‍മാരില്‍ മികച്ചുനിന്നത്. രവിചന്ദ്രന്‍ അശ്വിന്‍ 21 ഓവറില്‍ 59 റണ്‍സ് വഴങ്ങി മൂന്നും ഉമേഷ് യാദവ് ഏഴ് ഓവറില്‍ 20 റണ്‍സ് വഴങ്ങി രണ്ടും വിക്കറ്റ് വീഴ്ത്തി. അതേസമയം, ഇംഗ്ലീഷ് നിരയില്‍ സാം കുറാന്റെ അര്‍ധ സെഞ്ച്വറിയാണ് ആതിഥേയരെ വന്‍ നാണക്കേടില്‍ നിന്നും കരകയറ്റിയത്. 65 ബോളില്‍ നിന്ന് ഒന്‍പത് ഫോറും രണ്ട് സിക്സുമടക്കം 63 റണ്‍സാണ് 20 കാരന്‍ തന്റെ രണ്ടാം ടെസ്റ്റ് മത്സരത്തില്‍ നേടിയത്. ഇന്ത്യയുടെ ആദ്യ ഇന്നിങ്സില്‍ നാല് വിക്കറ്റ് നേടിയും കുറാന്‍ കഴിവ് തെളിയിച്ചിരുന്നു.

ഒന്നിന് ഒന്‍പത് എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ഇംഗ്ലണ്ട് ബാറ്റിംഗ് നിരയില്‍ കുറാനൊഴികെ കാര്യമായി ആര്‍ക്കും തിളങ്ങാനായില്ല. എട്ട് റണ്‍സെടുത്ത ഓപ്പണര്‍ ജെന്നിംഗ്‌സണാണ് മൂന്നാം ദിവസം ആദ്യം പുറത്തായത്. അശ്വിന്റെ പന്തില്‍ സ്ലിപ്പില്‍ രാഹുല്‍ പിടിച്ചാണ് ജെന്നിംഗ്‌സന്റെ പുറത്താകല്‍. പിന്നീട് ടീം സ്‌കോര്‍ 39ല്‍ നില്‍ക്കെ നായകന്‍ ജോറൂട്ടും സമാനമായ രീതിയില്‍ അശ്വിന്റെ പന്തില്‍ രാഹുലിന് ക്യാച്ച് സമ്മാനിച്ച് പുറത്തായി.

20 റണ്‍സുമായി മാലനും 28 റണ്‍സുമായി ബെയ്‌സ്‌ട്രോയും പിടിച്ച് നില്‍കാന്‍ ശ്രമിച്ചെങ്കിലും ഇശാന്ത് ശര്‍മ്മയ്ക്ക് മുന്നില്‍ കീഴടങ്ങുകയായിരുന്നു. ഉച്ചഭക്ഷണത്തിന് പിരിയുന്നതിന് തൊട്ട് മുമ്പ് ആറ് റണ്‍സെടുത്ത ബെന്‍ സ്റ്റോക്‌സിനെ കോഹ്ലിയുടെ കൈകളിലെത്തിച്ച് ഇശാന്ത് വിക്കറ്റ് നേട്ടം മൂന്നാക്കി ഉയര്‍ത്തി.

സ്‌കോര്‍ ബോര്‍ഡില്‍ ഒരു റണ്‍സ് കൂടി ചേര്‍ത്ത ഇംഗ്ലണ്ടിന് ബട്ട്ലറിനെ നഷ്ടമായി. കാര്‍ത്തിക്കിന് പിടികൊടുത്താണ് ഒരു റണ്‍സെടുത്ത് ബട്ട്ലര്‍ മടങ്ങിയത്. പിന്നീട് ആദില്‍ റാഷിദും സാം കുറാനും ചേര്‍ന്ന് ഇംഗ്ലണ്ടിന് ലീഡ് വര്‍ധിപ്പിച്ചു നല്‍കാന്‍ ശ്രമം നടത്തി. എന്നാല്‍ ഉമേഷ് യാദവിന്റെ ബോളിന് മുമ്പില്‍ സ്റ്റമ്പ് തെറിച്ച് റാഷിദ് മടങ്ങുകയായിരുന്നു. പിന്നീടെത്തിയ സ്റ്റുവര്‍ട്ട് ബ്രോഡിന് 11 റണ്‍സെടുക്കാന്‍ മാത്രമാണ് സാധിച്ചത്. പത്താമനായി സാം കുറാനാണ് ഇംഗ്ലണ്ടിന് പുറത്തായത്.

നേരത്തെ ആദ്യ ഇന്നിംഗ്സില്‍ ഇംഗ്ലണ്ട് 287 റണ്‍സും ഇന്ത്യ 274 റണ്‍സും സ്വന്തമാക്കിയിരുന്നു. വിരാട് കോഹ്ലിയുടെ 22ാം ടെസ്റ്റ് സെഞ്ച്വിറിയാണ് ഇന്ത്യയ്ക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ

LEAVE A REPLY

Please enter your comment!
Please enter your name here