ന്യൂഡല്‍ഹി(www.mediavisionnews.in): ബീഫ് തിന്നുന്നവരെ ഒരു കാരണവശാലും സഹായിക്കരുതെ കേരളത്തിലെ ഹിന്ദുക്കളോട് ഹിന്ദു മഹാസഭ നേതാവിന്റെ ആഹ്വാനം.
കേരളം സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ പ്രളയത്തിന്റെ കെടുതികള്‍ അനുഭവിക്കുമ്പോഴാണ് വിദ്വേഷ പ്രചരണവുമായി ഹിന്ദു മഹാസഭാ നേതാവ് ചക്രപാണി രംഗത്തെത്തിയിരിക്കുന്നത്. കേരളത്തില്‍ പശുക്കളെ കൊല്ലുന്നതുകൊണ്ടാണ് പ്രളയമുണ്ടായതെന്നും ഭൂമിയോട്
പാപം ചെയ്തവര്‍ക്ക് പ്രകൃതി നല്‍കിയ ശിക്ഷയാണിതെന്നും ചക്രപാണി പറഞ്ഞു.
”ഞാനും കേരളത്തെ സഹായിക്കാന്‍ വേണ്ടി ആവശ്യപ്പെടുന്നു. പക്ഷേ പ്രകൃതിയെയും ജീവജാലങ്ങളെയും ബഹുമാനിക്കുന്ന വരെ മാത്രമേ സഹായിക്കാവൂ. കേരളത്തിലെ ജനങ്ങള്‍ക്ക് കഴിക്കാന്‍ മറ്റ്
ഭക്ഷണപദാര്‍ഥങ്ങള്‍ ഉണ്ടായിരിക്കുമ്പോള്‍, അവര്‍ പശുവിനെ കൊല്ലുകയും അതിന്റെ മാംസം ഭക്ഷിക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ പ്രളയബാധിതരില്‍ ബീഫ് കഴിക്കാത്തവരെ മാത്രം ഹിന്ദുക്കള്‍ സഹായിച്ചാല്‍ മതി’ -ചക്രപാണി പറഞ്ഞു. മനപൂര്‍വം പശുമാംസം കഴിച്ച് ഹിന്ദു മതവികാരം വ്രണപ്പെടുത്താന്‍ ശ്രമിച്ചവരോടും റോഡില്‍ പശുവിനെ അറുത്തവരോടും ക്ഷമിക്കരുത്. ഗോഹത്യ നടത്തിയ ചിലര്‍ മൂലം നിഷ്‌കളങ്കരായവരും അപകടത്തില്‍പെട്ടെന്നും ചക്രപാണി കൂട്ടിച്ചേര്‍ത്തു.
പ്രളയക്കെടുതിയില്‍ നിന്ന് കേരളം ഒറ്റക്കെട്ടായി കരകയറാന്‍ ശ്രമിക്കുമ്പോഴാണ് ചക്രപാണിയെ പോലെയുള്ളവര്‍ വര്‍ഗീയത പ്രചരിപ്പിക്കുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി സോഷ്യല്‍ മീഡിയയില്‍ ഇത്തരം വിദ്വേഷ പ്രചരണങ്ങള്‍ വ്യാപകമാണ്. ശബരിമലയില്‍ സ്ത്രീകള്‍ കയറാന്‍ മുതിര്‍ന്നതും ഗോഹത്യയുമൊക്കെ വിഷയമാക്കിയാണ് ഈ വിദ്വേഷ പ്രചരണങ്ങളൊക്കെയും.