ദില്ലി(www.mediavisionnews.in): കേരളം അതിഗുരുതരമായ പ്രകൃതി ദുരന്തത്തിലൂടെ കടന്നുപോകുകയാണ്. വറുതിയിലായ കേരളത്തിന് താങ്ങായി ലോകത്തെമ്പാടുമുള്ള സുമനസ്സുകളുടെ സഹായ ഹസ്തങ്ങള്‍ നീളുന്നുമുണ്ട്.എന്നാല്‍ കേരളത്തിന് ഒരു രൂപ പോലും സഹായം നല്‍കരുതെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ക്യാംപയിനുകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാകുകയാണ്.
സംഘപരിവാര്‍ ബന്ധമുള്ള അക്കൗണ്ടുകളില്‍നിന്നാണ് ‘ബീഫ് കഴിക്കുന്ന കേരള’ത്തെ സഹായിക്കരുതെന്നും ഒരു രൂപ പോലും സംഭാവന നല്‍കരുതെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള വിദ്വേഷ പോസ്റ്റുകള്‍ ട്വിറ്ററില്‍ പ്രചരിക്കുന്നത്.
ഒരു ആയുസ്സ് മുഴുവന്‍ സ്വരൂപിച്ചതെല്ലാം ഒരുനിമിഷംകൊണ്ട് നഷ്ടപ്പെട്ടവര്‍ കയ്യിലൊതുങ്ങുന്നതുമാത്രമായാണ് ക്യാമ്പുകളില്‍ കഴിയുന്നത്. ഇനി ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ മിക്കവര്‍ക്കും ആകെയുള്ളത് വീട്ടില്‍നിന്ന് ഇറങ്ങുമ്പോള്‍ കയ്യിലെടുത്തതെന്തോ അത് മാത്രമാണ്. കേരളത്തിലെ ലക്ഷക്കണക്കിന് ജനങ്ങള്‍ ഇത്തരത്തില്‍ കൊടിയ ദുരിതം നേരിടുമ്പോള്‍ മത ജാതി രാഷ്ട്രീയം പറഞ്ഞ് കേരള ജനതയെ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങളാണ് ഇതിലൂടെ നടത്തുന്നത്.
‘അവരെ രക്ഷിച്ചാല്‍ അവര്‍ ബീഫ് ചോദിക്കും, ഭഗവാന്‍ അയ്യപ്പന്‍റെ ശാപമാണ്, കേരളത്തിലെ ഹിന്ദുക്കള്‍ ബീഫ് കഴിക്കുന്നത് നിര്‍ത്തണം, ബീഫ് കഴിക്കുന്നവര്‍ ചോദിച്ചു വാങ്ങിയ ദുരന്തമാണ് ഇത്’, തുടങ്ങിയ ട്വീറ്റുകളുമായും കേരളത്തെ സഹായിക്കരുതെന്ന ആവശ്യവുമായാണ് പലരും എത്തുന്നത്.