പീഡനക്കേസ് തള്ളാം; കേരളത്തിന്റെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കണമെന്ന് പ്രതിയോട് ഡല്‍ഹി കോടതി

0
145

ഡല്‍ഹി(www.mediavisionnews.in):പ്രളയത്തില്‍ ദുരിതം അനുഭവിക്കുന്ന കേരളജനതയെ സഹായിക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കി, ആ രേഖ ഹാജരാക്കിയാല്‍ കേസില്‍ നിന്ന് ഒഴിവാക്കാം. ഡല്‍ഹി ഹൈക്കോടതിയാണ്, ഒരു ലൈംഗികാതിക്രമ കേസ് റദ്ദാക്കണമെന്ന ഹരജി പരിഗണിക്കവേ വ്യത്യസ്തമായ വിധി പ്രസ്താവിച്ചത്. 15,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാനാണ് കോടതിയുടെ ഉത്തരവ്. ജസ്റ്റിസ് സഞ്ജീവ് സച്ചദേവയാണ് കേസ് പരിഗണിച്ചത്.

ലൈംഗികാതിക്രമക്കേസിലെ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് തരുണ്‍ സിങ് എന്ന യുവാവാണ് ഹൈക്കോടതിയെ സമീപിച്ചത്. തനിക്കെതിരെയുണ്ടായ എഫ്.ഐ.ആര്‍ ഒരു തെറ്റിദ്ധാരണയുടെ പുറത്തുണ്ടായതാണെന്നും പരാതി നല്‍കിയ ആളും താനും അടുത്ത സുഹൃത്തുക്കളാണെന്നും പറഞ്ഞാണ് ഇയാള്‍ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടത്. ഇയാളുടെ വാദം പരാതി നല്‍കിയയാളും അംഗീകരിച്ചു. പ്രശ്‌നം തങ്ങള്‍ പറഞ്ഞു പരിഹരിച്ചിട്ടുണ്ടെന്നും ഇതുപ്രകാരം ആഗസ്റ്റ് 28ന് ഒരു ഒത്തുതീര്‍പ്പ് കരാര്‍ ഡല്‍ഹിയിലെ സാകേത് കോടതിയിലെ മെഡിക്കേഷന്‍ സെന്ററില്‍ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.

ഇതിനു പിന്നാലെയായിരുന്നു ജഡ്ജിയുടെ ഉത്തരവ്. ‘ഇരുപാര്‍ട്ടികളും തമ്മിലുണ്ടായിരുന്ന തര്‍ക്കം ഒത്തുതീര്‍പ്പായ സാഹചര്യത്തില്‍ ഈ കേസില്‍ ക്രിമിനല്‍ നടപടികളുമായി മുന്നോട്ടുപോകുന്നതില്‍ അര്‍ത്ഥമില്ല. അതുകൊണ്ടുതന്നെ ഇരുപാര്‍ട്ടികളും തമ്മിലുള്ള തര്‍ക്കം ഇവിടെ അവസാനിപ്പിക്കുന്നതാണ് നീതി” -എന്നും വിശദീകരിച്ചുകൊണ്ടാണ് കോടതി ക്രിമിനല്‍ നടപടിക്രമങ്ങള്‍ അവസാനിപ്പിക്കുന്നതായി ഉത്തരവിട്ടത്. രണ്ടാഴ്ചയ്ക്കുള്ളില്‍ കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 15000 രൂപ നല്‍കിയതിന്റെ രേഖ ഹാജരാക്കിയാല്‍ മാത്രമേ നടപടിക്രമങ്ങള്‍ അവസാനിപ്പിക്കൂവെന്നും കോടതി വ്യക്തമാക്കി.

കേരളത്തിലെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാന്‍ ദല്‍ഹി ഹൈക്കോടതി നേരത്തെ തീരുമാനിച്ചിരുന്നു. ചീഫ് ജസ്റ്റിസ് രാജേന്ദ്ര മേനോനും മറ്റു ജഡ്ജിമാരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന ചെയ്യും. തുക എത്രയെന്നു നിര്‍ദേശിച്ചിട്ടില്ല.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ

LEAVE A REPLY

Please enter your comment!
Please enter your name here