ഗുജറാത്ത് കലാപം; അമിത് ഷായുടെ മൊഴി വിശ്വസിക്കാനാവില്ലെന്ന് പ്രത്യേക അന്വേഷണസംഘം

0
131

അഹമ്മദാബാദ് (www.mediavisionnews.in): ഗുജറാത്ത് കലാപകാലത്തെ നരോദ ഗാം കൂട്ടക്കൊലക്കേസില്‍ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ നല്‍കിയ മൊഴി വിശ്വസിക്കാനാവില്ലെന്ന് പ്രത്യേകാന്വേഷണസംഘം കോടതിയില്‍. കേസില്‍ പ്രതിയായ മുന്‍മന്ത്രി മായാ കോദ്‌നാനിക്ക് അനുകൂലമായി അമിത് ഷാ നല്‍കിയ മൊഴിയാണ് അവിശ്വസനീയമെന്ന് അന്വേഷണസംഘം കോടതിയെ അറിയിച്ചത്.

എം.എല്‍.എയായിരുന്ന മായ കോദ്നാനി, സംഭവ ദിവസം തനിക്കൊപ്പം നിയമസഭയിലും പിന്നീട് സോളാ സിവില്‍ ആശുപത്രിയിലും ഉണ്ടായിരുന്നു എന്നാണ് അമിത് ഷാ കഴിഞ്ഞ സെപ്റ്റംബറില്‍ മൊഴി നല്‍കിയത്.

എന്നാല്‍, വര്‍ഷങ്ങള്‍ക്കു ശേഷം നല്‍കിയ മൊഴി അവിശ്വസനീയവും അപ്രസ്‌കതവുമാണെന്നും കേസിലെ മറ്റു പ്രതികളൊന്നും മായ ആശുപത്രിയിലുണ്ടായിരുന്നതായി പറഞ്ഞിട്ടില്ലെന്നും പ്രോസിക്യൂട്ടര്‍ ഗൗരങ് വ്യാസ് ബോധിപ്പിച്ചു. ഇക്കാര്യം ഇന്നു കോടതി വീണ്ടും പരിഗണിക്കും.

സുപ്രീം കോടതി നിയോഗിച്ച പ്രത്യേക സംഘം അന്വേഷിക്കുന്ന ഗുജറാത്ത് കലാപത്തിലെ പ്രധാനപ്പെട്ട ഒന്‍പതു കേസുകളിലൊന്നാണ് നരോദ ഗാം കൂട്ടക്കൊല.

11 മുസ്ലിംകളാണ് ഇവിടെ കൊല്ലപ്പെട്ടത്. കലാപം, കൊലപാതകം, ഗൂഢാലോചന, വധശ്രമം എന്നീ കുറ്റങ്ങളാണ് കോദ്നാനിക്കെതിരെ ചുമത്തിയിട്ടുള്ളത്. 96 പേര്‍ കൊല്ലപ്പെട്ട നരോദ പാട്യ കൂട്ടക്കൊലക്കേസില്‍ നേരത്തേ ഇവരെ പ്രത്യേക കോടതി 28 വര്‍ഷം തടവിനു ശിക്ഷിച്ചിരുന്നുവെങ്കിലും ഗുജറാത്ത് ഹൈക്കോടി പിന്നീട് കുറ്റവിമുക്തയാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here