കേന്ദ്രത്തിന്റെ വാദം പൊളിയുന്നു; വിദേശ സഹായം സ്വമേധയാ നല്‍കിയാല്‍ സ്വീകരിക്കാം

0
137

ന്യൂഡൽഹി(www.mediavisionnews.in) : ദുരന്തങ്ങളുണ്ടായാൽ വിദേശരാജ്യങ്ങൾ വാഗ്ദാനം ചെയ്യുന്ന സാമ്പത്തിക സഹായങ്ങൾ സ്വീകരിക്കാൻ നയപരമായ തടസമുണ്ടെന്ന കേന്ദ്രസർക്കാർ വാദം പൊളിയുന്നു. ദേശീയ ദുരന്തനിവാരണ പദ്ധതിപ്രകാരം വിദേശരാജ്യങ്ങൾ സ്വമേധയാ നൽകുന്ന സഹായങ്ങൾ സ്വീകരിക്കാവുന്നതാണെന്ന് നിയമത്തിൽ പറയുന്നു. 2016ൽ മോദി സർക്കാർ തന്നെയാണ് നിയമം ഭേദഗതി ചെയ്ത് ഇത്തരമൊരു ഇളവ് കൊണ്ടുവന്നതെന്നതാണ് ശ്രദ്ധേയം.

ഇക്കാര്യത്തിൽ ദുരന്തബാധിതമായ സംസ്ഥാനങ്ങളിലെ സർക്കാരുമായി കേന്ദ്രസർക്കാരിന് ആലോചിച്ച് തീരുമാനമെടുക്കാവുന്നതാണെന്ന് നിയമത്തിൽ പറയുന്നു. 2016ലെ നിയമത്തിന്റെ ഒമ്പതാം അധ്യായത്തിൽ രൂക്ഷമായ ദുരന്തങ്ങളുണ്ടാകുമ്പോൾ വിദേശരാജ്യങ്ങൾ സ്വമേധയാ നൽകുന്ന സഹായങ്ങൾ വേണമെങ്കിൽ സ്വീകരിക്കാമെന്ന് വ്യക്തമാക്കുന്നുണ്ട്. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയൻ പത്രസമ്മേളനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

സംസ്ഥാനത്തുണ്ടായ പ്രളയക്കെടുതിയിൽ സഹായവുമായി യുഎഇ, ജപ്പാൻ, മാലദ്വീപ് തുടങ്ങിയ രാജ്യങ്ങൾ മുന്നോട്ടുവന്നിരുന്നു. യുഎഇ 700 കോടിയാണ് കേരളത്തിനായി വാഗ്ദാനം ചെയ്തത്. എന്നാൽ യുപിഎ സർക്കാരിന്റെ കാലത്തെടുത്ത നയത്തിന്റെ പേരിൽ സഹായം സ്വീകരിക്കേണ്ടതില്ലെന്ന നിലപാടാണ് കേന്ദ്രം സ്വീകരിച്ചിരിക്കുന്നത്. സഹായം വാഗ്ദാനം ചെയ്ത രാജ്യങ്ങളുടെ എംബസികളെ കേന്ദ്രം ഇക്കാര്യം അറിയിച്ചിരുന്നു.

പ്രകൃതി ദുരന്തങ്ങളുണ്ടായാൽ കൈകാര്യം ചെയ്യാൻ രാജ്യത്തിന് ഒറ്റയ്ക്ക് സാധിക്കുമെന്ന നിലപാടാണ് കേന്ദ്രത്തിനുള്ളത്. വിദേശസഹായം വേണ്ടെന്ന കേന്ദ്ര നിലപാടിനെതിരെ വലിയ പ്രതിഷേധം ഉയർന്നിരുന്നു.

ദുരന്ത നിവാരണ പദ്ധതിയിലെ ആനുകൂല്യം ചൂണ്ടിക്കാണിച്ച് ധനമന്ത്രി തോമസ് ഐസക്ക് രംഗത്ത് വന്നിട്ടുണ്ട്. കേരളത്തിനായി യുഎഇ വാഗ്ദാനം ചെയ്തതിനെതിരെ നിഷേധാത്മകമായ നിലപാടാണ് കേന്ദ്രത്തിനെന്നും തോമസ് ഐസക് കുറ്റപ്പെടുത്തുന്നു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ

LEAVE A REPLY

Please enter your comment!
Please enter your name here