ജംഷ്ഡ്പൂര്‍ (www.mediavisionnews.in):കഴിഞ്ഞ ഐഎസ്എല്‍ സീസണില്‍ അരങ്ങേറ്റം കുറിച്ച ജംഷഡ്പൂര്‍ എഫ്‌സി സ്പാനിഷ് വമ്പന്‍മാരെ നേരിടാനൊരുങ്ങുന്നു. പ്രീ സീസണിന്റെ ഭാഗമായി അത്‌ലറ്റികോ മാഡ്രിഡ് ബി ടീമിനോടാണ് ജംഷഡ്പൂര്‍ ഏറ്റുമുട്ടുക. അതേസമയം, പരിശീലനത്തിന് മുമ്പ് മുന്‍ അത്‌ലറ്റികോ പരിശീലകന്‍ സെസാര്‍ ഫെറാണ്ടോയെ ജംഷഡ്പൂര്‍ മുഖ്യ പരിശീലകനായി പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ദിവസം വിദേശതാരങ്ങളായ മൂന്ന് സ്പാനിഷ് താരങ്ങളെ ജംഷഡ്പൂര്‍ ടീമിലെത്തിച്ചിരുന്നു.
ഐഎസ്എല്‍ പ്രീ സീസന്റെ ഭാഗമായി ജംഷ്ഡ്പൂര്‍ എഫ്‌സിയുടെ സ്പാനിഷ് പര്യടനത്തിലാണ് അത്‌ലറ്റികോയുമായി മത്സരം നടക്കുക. ഓഗസ്റ്റ് 14നാണ് ജംഷഡ്പൂര്‍ സ്‌പെയിനിലേക്ക് യാത്ര തിരിക്കുക. അത്‌ലറ്റികോയെ കൂടാതെ സ്‌പെയിനിലെ രണ്ടാം ഡിവിഷനിലെയും മൂന്നാം ഡിവിഷനിലെയും ചില ക്ലബുകളെയും ജംഷഡ്പൂര്‍ എഫ് സി നേരിടുന്നുണ്ട്. ജിംനാസ്റ്റിക്ക സെഗോവി സി എഫ്, ടൊറലോഡോണ്‍സ് സി എഫ്, സി ഡി മൊസ്‌ടോള്‍സ് തുടങ്ങിയ ക്ലബുകള്‍ക്കെതിരെയാണ് ജംഷഡ്പൂര്‍ എഫ് സി കളിക്കുക. ഐഎസ്എല്‍ നാലാം സീസണില്‍ സ്റ്റീവ് കോപ്പലിന്റെ കീഴില്‍ ഇറങ്ങിയ ജംഷഡ്പൂര്‍ എഫ്‌സി അഞ്ചാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് അഞ്ചാം എഡിഷന്‍ സെപ്റ്റംബര്‍ അവസാനത്തോടെ തുടങ്ങും. സെപ്റ്റംബര്‍ 29ന് തുടങ്ങുന്ന ടൂര്‍ണമെന്റിന് ഇത്തവണ ആറ് മാസത്തോളം ദൈര്‍ഘ്യമുണ്ടാകും. 2019 മാര്‍ച്ച് പകുതിയോടെയാകും ഐഎസ്എല്‍ സമാപിക്കുക. ഇഎന്നാല്‍ തുടര്‍ച്ചയായി മത്സരങ്ങള്‍ ഉണ്ടാകില്ല എന്നതാകും ഇത്തവണത്തെ പ്രത്യേകത. മത്സരത്തിന് മൂന്ന് ഇടവേളകളുണ്ടാകും എന്ന പ്രത്യേകതയുമുണ്ട്.
ഇന്ത്യന്‍ ടീമിന്റെ രണ്ട് സൗഹൃദ മത്സരങ്ങള്‍ നടക്കുന്നതിനാല്‍ ഒക്ടോബറിലും നവംബറിലും ചെറിയ ഇടവേളയും അരങ്ങേറുന്ന എഎഫ്‌സി ഏഷ്യന്‍ കപ്പില്‍ ഇന്ത്യ കളിക്കുന്നതുമൂലം വലിയൊരു ഇടവേളയ്ക്കും ടൂര്‍ണമെന്റ് സാക്ഷ്യം വഹിക്കും. ഡിസംബര്‍ പകുതിയോടെ നിര്‍ത്തിവെക്കുന്ന ലീഗ് മത്സരങ്ങള്‍ പുനരാരംഭിക്കാന്‍ ഫെബ്രുവരി വരെ ആരാധകര്‍ കാത്തിരിക്കേണ്ടിവരും.അതെസമയം അഞ്ചാം സീസണില്‍ പുതിയ ടീമുകള്‍ക്ക് ഐഎസ്എല്‍ പ്രവേശനം സാധ്യമാകില്ല.
ഐഎസ്എല്‍ സംഘാടകരായ ഫുട്‌ബോള്‍ സ്‌പോര്‍ട്‌സ് ഡവലപ്‌മെന്റ് ലിമിറ്റഡ് ഈ വര്‍ഷം പുതിയ ടീമുകളെ ക്ഷണിക്കേണ്ട എന്നാണ് തീരുമാനിച്ചിരിക്കുന്നത്. ഇതോടെ കൊല്‍ക്കത്ത വമ്പന്‍മാരായ ഈസ്റ്റ് ബംഗളിന്റെ ഐഎസ്എല്‍ മോഹങ്ങള്‍ക്ക് ഈ സീസണില്‍ മങ്ങലേറ്റു. കഴിഞ്ഞ വര്‍ഷം നടന്ന സൂപ്പര്‍ കപ്പില്‍ രണ്ടാമതെത്താന്‍ ഈസ്റ്റ് ബംഗാളിന് കഴിഞ്ഞിരുന്നു. ഇതോടെ ടീമിലേക്ക് വലിയ നിക്ഷേപമാണ് എത്തിയത്.
അതെസമയം, ഐഎസ്എല്‍ അഞ്ചാം സീസണായി വിവിധ ക്ലബുകള്‍ കൈമെയ് മറന്നുളള ഒരുക്കത്തിലാണ്. ഇന്ത്യയിലെ തന്നെ ആദ്യ പ്രീസീസണ്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ച് ബ്ലാസ്റ്റേഴ്‌സും സ്പാനിഷ് പര്യടനം നടത്തുന്ന ബെംഗളൂരു എഫ്‌സിയുമാണ് വലിയ മുന്നൊരുക്കം നടത്തുന്നത്.