ന്യൂഡല്‍ഹി(www.mediavisionnews.in):രാജ്യത്തെ എല്ലാ ആരാധനാലയങ്ങള്‍ക്കും കൂട്ടത്തോടെ ജൂഡീഷ്യല്‍ ഓഡിറ്റിംഗ് നടത്താന്‍ സുപ്രീം കോടതി ഉത്തരവ്. രാജ്യത്ത് നിലവിലുള്ള ആരാധനാലയങ്ങള്‍ക്കു മുഴുവനും ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തിക്കുന്ന ജീവകാരുണ്യ സംഘടനകള്‍ക്കും ഉത്തരവ് ബാധകമാണ്. ശുചിത്വം,ആസ്തി, അക്കൗണ്ട് വിവരങ്ങള്‍,ഇതിലേക്കുള്ള പ്രവേശനം എന്നിവ സംബന്ധിച്ച കാര്യങ്ങളാണ് ഓഡിറ്റിംഗില്‍ ഉള്‍പ്പെടുത്തുക.
ഇത്തരം കാര്യങ്ങളില്‍ നിലവിലുള്ള പരാതികളില്‍ പരിശോധന നടത്തി റിപ്പോര്‍ട്ടുകള്‍ എത്രയും വേഗം അതാത് ഹൈക്കോടതികള്‍ക്ക് സമര്‍പ്പിക്കാന്‍ ജില്ലാ മജിസ്‌ട്രേറ്റ്മാരോട് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. ഇക്കാര്യങ്ങള്‍ സംബന്ധിച്ച പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീം കോടതി നിര്‍ണായകമായ ഈ ഉത്തരവ് പുറപ്പെടുവിച്ചത്.
രാജ്യത്ത് പ്രവര്‍ത്തിക്കുന്ന ക്ഷേത്രങ്ങള്‍,പള്ളികള്‍, അമ്പലങ്ങള്‍ കൂടാതെ മറ്റ് മത സ്ഥാപനങ്ങള്‍ എന്നിവയ്ക്ക ഈ ഉത്തരവ് ബാധകമായിരിക്കും. ഇവയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ജീവകാരുണ്യ സംഘടനകള്‍ക്കും ഉത്തരവ് ബാധകമായിരിക്കും. ജില്ലാ മജിസ്ര്‌ടേറ്റിന്റെ റിപ്പോര്‍ട്ട് പൊതുതാത്പര്യ ഹര്‍ജിയായി പരിഗണിച്ച് ഹൈക്കോടതികള്‍ക്ക് ഇക്കാര്യത്തില്‍ ഉചിതമായ ഉത്തരവുകള്‍ പുറപ്പെടുവിക്കാമെന്നും ഉത്തരവില്‍ പറയുന്നു.
ഇത്തരം ആരാധനാലയങ്ങളില്‍ സന്ദര്‍ശകര്‍ക്കുള്ള ബുദ്ധിമുട്ടുകള്‍, മാനേജ് മെന്റ്പരിമിതികള്‍, ശുചിത്വ പ്രവര്‍ത്തനങ്ങള്‍, വഴിപാടുകളുടെ ശരിയായ വിനിയോഗം, ആസ്തികളുടെ പരിരക്ഷ തുടങ്ങിയവയെല്ലാമാണ് ഓഡിറ്റിംഗില്‍ പരിഗണിക്കുക. ഇത്തരം കാര്യങ്ങള്‍ സംസ്ഥാനത്തിന്റെയോ കേന്ദ്രത്തിന്റെയോ മാത്രമല്ല കോടതിയുടെ കൂടി പരിധിയില്‍ വരുന്നതാണെന്നും ഉത്തരവില്‍ പറയുന്നു.
രാജ്യത്ത് ഏതാണ്ട് 20 ലക്ഷത്തോളം വലിയ ക്ഷേത്രങ്ങളും മൂന്ന് ലക്ഷത്തോളം മസ്ജിദുകളും ആയിരക്കണക്കിന് ക്രിസ്ത്യന്‍ പള്ളികളുമുണ്ട്. തമിഴ് നാട്ടില്‍ മാത്രം 7000 ത്തോളം വലിയ പുരാതന ക്ഷേത്രങ്ങളുണ്ട്.