ബംഗളൂരു(www.mediavisionnews.in): രാജ്യം മുഴുവന്‍ ഉറ്റുനോക്കിയ കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ബിജെപി നേതാവ് ബി.എസ്. യെദ്യൂരപ്പയെ താഴെയിറക്കിയാണ് കോണ്‍ഗ്രസും ജെഡിഎസും സഖ്യം രൂപീകരിച്ച് അധികാരത്തിലെത്തിയത്. ബിജെപിക്ക് കോണ്‍ഗ്രസും ജെഡിഎസും നല്‍കിയ തിരിച്ചടി രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് നല്‍കിയ ഊര്‍ജം ചെറുതൊന്നുമല്ല. ബിജെപിയുടെ ചാക്കിട്ടു പിടുത്തം ഒഴിവാക്കാന്‍ എംഎല്‍എമാരെ എല്ലാം സംരക്ഷിച്ച കോണ്‍ഗ്രസിന്‍റെ പിന്തുണയില്‍ എച്ച്.ഡി. കുമാരസ്വാമി മുഖ്യമന്ത്രിയുമായി.
എന്നാല്‍, മധുവിധു തീരും മുമ്പ് ഈ സര്‍ക്കാര്‍ നിലംപ്പൊത്തുമെന്ന വിമര്‍ശനങ്ങളും ഉയര്‍ന്നു. അത് സത്യമാകാനുള്ള സാധ്യതകളിലേക്കാണ് ഇപ്പോള്‍ കര്‍ണാടകയിലെ പുതിയ സംഭവവികാസങ്ങള്‍ വിരല്‍ ചൂണ്ടുന്നത്. ഓഗസ്റ്റ് 11ന് ശേഷം മന്ത്രിസഭ പുനസംഘടന നടത്താന്‍ സഖ്യം ആലോചിക്കുമ്പോള്‍ പത്താഴ്ച പിന്നിട്ട കുമാരസ്വാമി സര്‍ക്കാരിനെ വീഴ്ത്താനുള്ള തന്ത്രങ്ങള്‍ ഒരുങ്ങി കഴിഞ്ഞെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
എട്ടു മുതല്‍ 10 വരെ കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയിലേക്ക് കളം മാറ്റാനുള്ള നീക്കങ്ങള്‍ നടത്തുന്നതായാണ് റിപ്പോര്‍ട്ട്. അങ്ങനെ സംഭവിച്ചാല്‍ കേവല ഭൂരിപക്ഷത്തിനുള്ള മാന്ത്രിക സംഖ്യ സഖ്യ സര്‍ക്കാരിന് നഷ്ടപ്പെടും. വളരെ എളുപ്പത്തില്‍ ബിജെപി അധികാരത്തില്‍ എത്തുകയും ചെയ്യും. മന്ത്രിസഭ പുനസംഘടനയില്‍ സ്ഥാനം കിട്ടാനുള്ള സമര്‍ദ തന്ത്രമായും കോണ്‍ഗ്രസ് എംഎല്‍എമാരുടെ ഈ നീക്കത്തെ വിലയിരുത്തുന്നുണ്ട്.
ഇതെല്ലാം വെറും അഭ്യൂഹങ്ങള്‍ മാത്രമാണെന്നാണ് ഇക്കാര്യത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പ്രതികരിച്ചത്. ബിജെപിയുടെ സംസ്ഥാന അധ്യക്ഷന്‍ യെദ്യൂരപ്പ കഴിഞ്ഞ ദിവസം ദില്ലയിലെത്തി ദേശീയ അധ്യക്ഷന്‍ അമിത് ഷായെയും ജനറല്‍ സെക്രട്ടറി രാം ലാലിനെയും കണ്ടിരുന്നു. സഖ്യം തകര്‍ക്കാനുള്ള അനുമതി തേടിയാണ് യെദ്യൂരപ്പ എത്തിയതെങ്കിലും തിടുക്കപ്പെട്ട് ഒന്നും വേണ്ടെന്നുള്ള നിര്‍ദേശമാണ് അമിത് ഷാ നല്‍കിയതെന്നാണ് സൂചന.
2019 ലോക്സഭ തെരഞ്ഞെടുപ്പ് സംബന്ധിച്ചുള്ള കാര്യങ്ങള്‍ക്കാണ് യെദ്യൂരപ്പ ദില്ലിയിലെത്തിയതെന്നാണ് ഔദ്യോഗിക വിശദീകരണം. കര്‍ണാടക കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ദിനേശ് ഗുണ്ടുറാവു ഇതിനിടെ തങ്ങളുടെ എംഎല്‍എമാരെ പണവും പദവിയും വാഗ്ദാനം നല്‍കി ബിജെപി സ്വന്തമാക്കാന്‍ നോക്കുന്നുതായി ആരോപണം ഉന്നയിച്ചിരുന്നു. എങ്ങനെയും അധികാരത്തില്‍ എത്താനുള്ള ശ്രമങ്ങളിലാണ് ബിജെപി.
അധികാരത്തില്‍ നിന്ന് ഒഴിഞ്ഞ് നില്‍ക്കുന്നത് അവര്‍ക്ക് താങ്ങാനാകുന്നില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. കര്‍ണാടക മുനിസിപ്പല്‍ അഡ്‍മിനിസ്ട്രേഷന്‍ മന്ത്രി രമേശ് ജാര്‍ഖിഹോളിയും ആറ് എംഎല്‍എമാരും അടങ്ങിയ സംഘം തിങ്കളാഴ്ച നടത്തിയ ദില്ലി യാത്രയാണ് ഈ അഭ്യൂഹങ്ങള്‍ക്കെല്ലാം തുടക്കമിട്ടത്. യെദ്യൂരപ്പ സഞ്ചരിച്ച അതേ വിമാനത്തിലാണ് ഇവരും ദില്ലിക്ക് പോയത്. എന്നാല്‍, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെ കാണാനാണ് അവര്‍ പോയതെന്നും ദിനേശ് പറഞ്ഞു. ആരോപണങ്ങള്‍ നിഷേധിച്ച് രമേശ് ജാര്‍ഖിഹോളിയും രംഗത്തെത്തി.