ദില്ലി (www.mediavisionnews.in): അഞ്ച് വര്‍ഷം കൊണ്ട് അഞ്ഞൂറിലധികം കാറുകള്‍ മോഷ്ടിച്ച കുപ്രസിദ്ധ കാര്‍ മോഷ്ടാവും സംഘവും പിടിയില്‍. ഡല്‍ഹി നന്ദ ഗിരി സ്വദേശിയായ സഫറുദ്ദീനെയും സംഘാംഗങ്ങളെയുമാണ് പൊലീസ് പിടികൂടിയത്. ഇയാളെ പിടികൂടുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികമായി ഡല്‍ഹി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.
ഓഗസ്റ്റ് മൂന്നിനാണ് പൊലീസ് ഇയാളെ കണ്ടെത്തിയത്. 50 കിലോമീറ്ററോളം പിന്തുടര്‍ന്നു പിടികൂടുകയായിരുന്നെന്നു ഡിസിപി രാജേഷ് ദിയോ പറഞ്ഞു. വെള്ളിയാഴ്ച ഗഗന്‍ സിനിമയ്ക്ക് സമീപത്ത് വച്ച് പോലീസ് ഒരു കാറിന് കൈകാണിച്ചു. എന്നാല്‍ കാര്‍ നിര്‍ത്താതെ പോയി.
50 കിലോമീറ്റര്‍ പിന്തുടര്‍ന്ന് പ്രഗതി മൈതാനത്ത് വച്ച് പോലീസ് സാഹസികമായി കാര്‍ തടഞ്ഞ് ഡ്രൈവറെ അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്തപ്പോഴാണ് അമ്പരപ്പിക്കുന്ന കാര്‍ മോഷണ സംഘത്തിലെ പ്രധാനിയായ സഫറുദ്ദീനാണ് പിടിയിലായതെന്ന് പോലീസിന് ബോധ്യമായത്.
പൊലീസ് ഉദ്യോഗസ്ഥരായ നീരജ് ചൗദരി, കുല്‍ദീപ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. ഒരു വര്‍ഷത്തിനുള്ളില്‍ ഡല്‍ഹിയില്‍ നിന്ന് 100 ആഡംബര കാറുകള്‍ മോഷ്ടിക്കുകയായിരുന്നു ലക്ഷ്യമെന്ന് ചോദ്യം ചെയ്യലില്‍ സഫറുദീന്‍ പോലീസിനോട് വെളിപ്പെടുത്തി.
ഇയാളെ കൂടാതെ മറ്റ് നാല് പേര്‍ കൂടി അടങ്ങുന്നതായിരുന്നു ഈ സംഘം. ലാപ്‌ടോപ്, കാറിന്റെ സോഫ്റ്റ്‌വയര്‍ ജിപിഎസ്, സെന്‍ട്രലൈസ്ഡ് ലോക്കിങ് സിസ്റ്റം എന്നിവയില്‍ ഇടപെടാന്‍ കഴിയുന്ന ഹൈടെക് ഉപകരണങ്ങള്‍ എന്നിവയുമായിട്ടാണ് ഇവരുടെ വരവ്.
മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതി അനുസരിച്ച് മോഷണം നടത്തി ഇവര്‍ ഹൈദരബാദിലേക്ക് വിമാനത്തില്‍ തന്നെ മടങ്ങുകയും ചെയ്യുകയായിരുന്നു പതിവ്. അടിച്ചുമാറ്റിയ വാഹനങ്ങള്‍ പഞ്ചാബ്, രാജസ്ഥാന്‍, യുപി തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ഇവര്‍ മറിച്ചുവിറ്റത്.
കഴിഞ്ഞ ജൂണ്‍ അഞ്ചിന് വിവേക് വിഹാറില്‍ പോലീസിന് നേര്‍ക്ക് ഈ സംഘം വെടിയുതിര്‍ത്തിരുന്നു. പോലീസ് നടത്തിയ പ്രത്യാക്രമണത്തില്‍ സംഘത്തില്‍ ഉള്‍പ്പെട്ട നൂര്‍ മൊഹമ്മദ് കൊല്ലപ്പെടുകയും രവി കുല്‍ദീപ് എന്നയാള്‍ അറസ്റ്റിലാകുകയും ചെയ്തു.