പഴയ ഷൂ തുന്നാന്‍ 2000 കോടി, രണ്ട് ലിറ്റര്‍ പാലിന് വില 13 ലക്ഷം; വെനിസ്വേലയില്‍ പണപ്പെരുപ്പ നിരക്ക് 10 ലക്ഷം ശതമാനം കടക്കുന്നു,ചാക്കുകളില്‍ കറന്‍സിയുമായി ജനം,വേണ്ടെന്ന് കച്ചവടക്കാര്‍

0
202

വെനിസ്വേല:(www.mediavisionnews.in) മുടി വെട്ടുന്നതിന് ബാര്‍ബര്‍മാര്‍ക്ക് ഇവിടെ പണം വേണ്ട. മറിച്ച് മുട്ടയോ പഴമോ മതി. ടാക്‌സി പിടിച്ചാലോ അവര്‍ക്ക് സിഗററ്റ് മതി.ഹോട്ടലില്‍ ഭക്ഷണം കഴിച്ച് പേഴ്‌സെടുത്താല്‍ വെയിറ്റര്‍ ദേഷ്യപ്പെടും. പണത്തിന് പകരം ഒരു പാക്കറ്റ് നാപ്കിന്‍ നല്‍കിയാല്‍ വെയിറ്റര്‍ക്കും ഹോട്ടല്‍ മാനേജര്‍ക്കും സന്തോഷം. സംഭവം അങ്ങ് വെനിസ്വേലയിലാണ്.

ഒരു കാലത്ത് എണ്ണയുടെ സമ്പന്നതയില്‍ കിടന്നുറങ്ങിയ ജനത ഇപ്പോള്‍ പണപ്പെരുപ്പം മൂലം പൊറുതി മുട്ടുകയാണ്. നാലു വര്‍ഷം മുമ്പ് എണ്ണ വിലയിടിഞ്ഞതോടെ തുടങ്ങി ഇവിടുത്തെ പ്രതിസന്ധി. പണത്തിന്റെ മൂല്യമിടിഞ്ഞതോടെ കറന്‍സിയായ ബൊളിവര്‍ അടിച്ചിറക്കി ഇരുട്ടുകൊണ്ട് ഓട്ടയടച്ചപ്പോള്‍ പണപ്പെരുപ്പം നൂറുകണക്കിന് ഇരട്ടിയായി. ഇത് നേരിടാന്‍ വീണ്ടും കറന്‍സിയടിച്ചു.അപ്പോള്‍ വീണ്ടും കൂടി. അതായിത് ഹൈപ്പര്‍ ഇന്‍ഫ്‌ളേഷന്‍.

ഐ എം എഫിന്റെ കണക്കനുസരിച്ച് ഈ മാസമൊടുവില്‍ വെനിസ്വേലയുടെ പണപ്പെരുപ്പ നിരക്ക് പത്ത് ലക്ഷം ശതമാനം കടക്കും. ഇന്ത്യയിലെ നിലവിലെ പണപ്പെരുപ്പ നിരക്ക് 5.7 ശതമാനം ആണെന്നോര്‍ക്കണം. ഏപ്രില്‍ മാസത്തില്‍ മാത്രം പണപ്പെരുപ്പ നിരക്കില്‍ 234 ശതമാനമാണ് വര്‍ധന രേഖപ്പെടുത്തിയത്. അതായത് പണപ്പെരുപ്പ നിരക്ക് ഓരോ 18 ദിവസവും ഇരട്ടിയാകുന്നു.
നിലവില്‍ 3.5 ദശലക്ഷം ബൊളിവര്‍ കൊടുത്താല്‍ കരിഞ്ചന്തയില്‍ ഒരു ഡോളര്‍ കിട്ടും!

വെനിസ്വേല യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ തന്റെ പൊട്ടിയ ഷൂ തു്ന്നിച്ചതിന് കഴിഞ്ഞ ദിവസം ചാര്‍ജ്ജായി നല്‍കിയത് 2000 കോടി ബൊളിവര്‍. അതായിത് അദ്ദേഹത്തിന്റെ നാലു മാസത്തെ ശമ്പളം! ഇക്കഴിഞ്ഞ മേയില്‍ രാജ്യത്തെ  മിനിമം മാസ വേതനം 13 ലക്ഷം ബൊളിവറായിരുന്നു. അതുകൊണ്ട് കരിഞ്ചന്തയില്‍ കിട്ടിയിരുന്നത് കഷ്ടി രണ്ട് ലിറ്റര്‍ പാല്‍! പണത്തിന്റെ മൂല്യം കുത്തനെ ഇടിയുമ്പോള്‍ ചാക്കുകണക്കിന് ബൊളിവറുണ്ടെങ്കിലെ ഒരു ചോക് ലേറ്റ് കിട്ടു എന്ന സ്ഥിതിയാണ്. ജനമാണെങ്കില്‍ പട്ടിണിയും.

സോഷ്യലിസ്റ്റായ പ്രസിഡണ്ട് നിക്കോളാസ് മഡുറോ പറയുന്നത് രാജ്യത്തിനകത്തും പുറത്തുംനിന്നും നേരിടേണ്ടി വരുന്ന രാഷ്ട്രീയ യുദ്ധമാണ് പ്രതിസന്ധിക്ക് കാരണമെന്നാണ്. 1923ല്‍ ജര്‍മ്മനിയിലും 2000ല്‍ സിംബാ ബ് വെയിലും അനുഭവിച്ചതിലും രൂക്ഷമാണ് വെനിസ്വേലയിലെ സ്ഥിതിയെന്നാണ് ഐ എഫ് പറയുന്നത്.  നാലു വര്‍ഷം മുമ്പ് എണ്ണവില 30 വര്‍ഷത്തെ താഴ്ചയിലേക്ക് പോയതോടെയാണ് എണ്ണ പ്രധാന കയറ്റുമതിയായ വെനസ്വേല സമ്പദ് വ്യവ്‌സഥ തകരാനാരംഭിച്ചത്.അമേരിക്കൻ സാമ്രാജ്യത്തോട് തുറന്ന യുദ്ധം പ്രഖ്യാപിച്ച്, ഐ എം എഫിന്റെ വായ്പ തിരിച്ചടക്കില്ലെന്ന് പ്രഖ്യാപിച്ച കരുത്തനായ പ്രസിഡന്റ് ഹ്യൂഗോ ഷാവേസിന്റെ മരണത്തിനു ശേഷമാണ് മഡുറോ അധികാരത്തിലെത്തുന്നത്. പിന്നീട് രാജ്യം തകർച്ചയിലേക്ക് കൂപ്പ് കുത്തുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here