മുംബൈ (www.mediavisionnews.in): കനത്ത മഴയെ തുടര്‍ന്ന് മുംബൈയില്‍ റെയില്‍വെ മേല്‍പ്പാലം തകര്‍ന്നു. കിഴക്കന്‍ അന്ധേരിയെയും പടിഞ്ഞാറന്‍ അന്ധേരിയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഗോഖലെ പാലമാണ് തകര്‍ന്നത്. ആറ് പേര്‍ക്ക് പരിക്കേറ്റു. പാലം ഒടിഞ്ഞുവീണത് റെയില്‍വെ ട്രാക്കിലേക്കായതിനാല്‍ ഇതുവഴിയുള്ള ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു.
രാവിലെ ഏഴരയോടെയാണ് സംഭവം. പാലത്തിന്റെ ഒരു ഭാഗമാണ് തകര്‍ന്നത്. ആയിരക്കണക്കിനു യാത്രക്കാര്‍ പതിവായി സഞ്ചരിക്കുന്ന പാലമാണിത്.
അഗ്‌നിശമന സേനയും പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കി. അവശിഷ്ടങ്ങളില്‍ കുടുങ്ങിയ രണ്ടു പുരുഷന്‍മാരെയും ഒരു സ്ത്രീയെയും രക്ഷപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. റെയില്‍ ഗതാഗതം ഉടന്‍ പുനഃസ്ഥാപിക്കാനാകുമെന്നു പ്രതീക്ഷിക്കുന്നതായി അധികൃതര്‍ അറിയിച്ചു.