ബ്രസീലിന്റെ വിജയത്തേക്കാള്‍ ഫുട്‌ബോള്‍ ഫാന്‍സ് ചര്‍ച്ച ചെയ്തത് നെയ്മറുടെ മാസ് അഭിനയം; അസാധാരണ പ്രതിഭ എന്തിന് ഇങ്ങനെ കളിയുടെ ഭംഗി ചോര്‍ത്തുന്നുവെന്ന് ചോദിച്ച്‌ മുന്‍കളിക്കാരും

0
181

മോസ്‌കോ (www.mediavisionnews.in): ഇന്നലെ നടന്ന ലോകകപ്പ് ഫുട്ബോള്‍ പ്രീ-ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് ബ്രസീല്‍ മെക്സിക്കോയെ പരാജയപ്പെടുത്തി ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ ബ്രസീലിയന്‍ സൂപ്പര്‍താരം നെയ്മര്‍ നടത്തിയ അഭിനയം ഏറെ ചര്‍ച്ച ചെയ്യപ്പെട്ട് കൊണ്ടിരിക്കുകയാണ്. ഇന്നലത്തെ കളിയില്‍ മെക്സിക്കന്‍ കളിക്കാര്‍ അടുത്ത് കൂടി പോയപ്പോള്‍ ഉരുണ്ട് വീണ് വേദന കൊണ്ട് പുളയുന്നതായി നെയ്മര്‍ അഭിനയിച്ചിരുന്നു.

മെക്സിക്കന്‍ കളിക്കാര്‍ തന്റെ കാലില്‍ ചവിട്ടി എന്ന് ആരോപിച്ച്‌ മരണവേദനയെ കടത്തിവെട്ടിയ അഭിനമായിരുന്നു നെയ്മര്‍ നടത്തിയത്. ബ്രസീല്‍ ഇന്നലെ നേടിയ തിളക്കമാര്‍ന്ന വിജയത്തേക്കാള്‍ ലോകമാകമാനമുള്ള ഫുട്ബോള്‍ ആരാധകര്‍ ചര്‍ച്ച ചെയ്തിരുന്നത് നെയ്മറുടെ ഈ മാസ് അഭിനയമായിരുന്നു. എന്നാല്‍ ഫുട്ബോളിലെ അസാധാരണപ്രതിഭയായ നെയ്മര്‍ ഇത്തരത്തില്‍ അഭിനയിച്ച്‌ ഫുട്ബോള്‍ കളിയുടെ ഭംഗി ചോര്‍ത്തിക്കളയുന്നുവെന്ന ചോദ്യം ഉന്നയിച്ച്‌ മുന്‍ കളിക്കാര്‍ രംഗത്തെത്തിയിട്ടുമുണ്ട്.

മെക്സിക്കോയുടെ കളിക്കാരന്‍ മിഗ്യൂല്‍ ലയ്ന്‍ തന്റെ കാലില്‍ ചവിട്ടിയെന്ന് പറഞ്ഞായിരുന്നു നെയ്മര്‍ ഇന്നലെ ഗംഭീരമായ അഭിനയം നടത്തിയിരുന്നത്. നെയ്മറുടെ അഭിനയം അത്യന്തം അരോചകമായിരുന്നുവെന്നാണ് ഐടിവി പണ്ഡിറ്റായ മാര്‍ട്ടിന്‍ ഓ നെയ്ല്‍ പ്രതികരിച്ചിരിക്കുന്നത്. ഇത് ചുവപ്പ് കാര്‍ഡ് ലഭിക്കുന്നതിന് അര്‍ഹതയുള്ള പ്രകടനമായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. നെയ്മറുടെ ഈ നാടകീയമായ അഭിനയത്തെ വിമര്‍ശിച്ച്‌ ന്യൂകാസിലിന്റെയും ഇംഗ്ലണ്ടിന്റെയും മുന്‍ സ്ട്രൈക്കറായ അലന്‍ ഷീററും രംഗത്തെത്തിയിട്ടുണ്ട്.

നെയ്മറുടെ അതുല്യമായ കഴിവുകളില്‍ സംശയമൊന്നുമില്ലെന്നും എന്നാല്‍ ഇദ്ദേഹം നിര്‍ണായകമായ കളിയെ ഇത്തരത്തിലുള്ള അഭിനയത്തില്‍ മുക്കുന്നതിനോട് യോജിപ്പില്ലെന്നുമാണ് ഷീറര്‍ ആരോപിച്ചിരിക്കുന്നത്. ഈ വിഷയത്തില്‍ നെയ്മര്‍ക്കെതിരെ കടുത്ത വിമര്‍ശനവുമായി ലോകമാകമാനമുള്ള ഫുട്ബോള്‍ ആരാധകരില്‍ നിരവധി പേര്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയിരുന്നു. മുന്‍ ഇംഗ്ലണ്ട് ഇന്റര്‍നാഷണല്‍ താരമായ ഗാരി ലിനേകര്‍ ഇത്തരം വിമര്‍ശനങ്ങള്‍ക്ക് മുന്നിട്ടിറങ്ങിയ പ്രമുഖരിലൊരാളാണ്. ചെറിയ വേദന പോലും സഹിക്കാന്‍ ശേഷിയില്ലാത്ത കളിക്കാരനെ പോലെയാണ് നെയ്മര്‍ പെരുമാറിയിരിക്കുന്നതെന്നാണ് ലിനേകര്‍ ട്വിറ്ററില്‍ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.

ഇത്തരത്തില്‍ അഭിനയം കാഴ്ച വച്ച്‌ വീണ്ടുമൊരിക്കല്‍ കൂടി പൊതുജനത്തെ അഭിമുഖീകരിക്കുന്നത് എങ്ങിനെയാണെന്ന ചോദ്യം നെയ്മറോട് സോഷ്യല്‍ മീഡിയയിലൂടെ ചോദിച്ച്‌ നിരവധി ഫുട്ബോള്‍ ആരാധകര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ ബ്രസീലിന്റെ വിജയത്തിന് അനിവാര്യഘടകമായി വര്‍ത്തിച്ച നെയ്മര്‍ ഈ വിമര്‍ശനങ്ങള്‍ക്ക് മുന്നിലൊന്നും കുലുങ്ങിയിട്ടില്ല. ഇന്നലത്തെ മത്സരത്തില്‍ അമ്ബത്തിയൊന്നാം മിനുറ്റില്‍ അദ്ദേഹം അടിച്ച ഗോളായിരുന്നു ബ്രസീലിന്റെ വിജയത്തിന് അടിസ്ഥാനം. തുടര്‍ന്ന് എണ്‍പത്തിയൊന്നാം മിനുറ്റില്‍ നെയ്മറുടെ പാസില് പകരക്കാരനായ ഫിര്‍മിനോ രണ്ടാം ഗോള്‍ അടിച്ചതോടെ ബ്രസീലിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ പ്രവേശനം ഉറപ്പായിരുന്നു.

ഇന്നലത്തെ മത്സത്തിന് മുമ്ബ് തന്നെ നെയ്മറുടെ ഇത്തരം അഭിനയത്തെ വിമര്‍ശിച്ച്‌ മെക്സിക്കോ നായകന്‍ ആന്ദ്രേസ് ഗര്‍ഡാഡോ രംഗത്തെത്തിയിരുന്നു.” ഫൗളുകള്‍ പെരുപ്പിച്ച്‌ കാണിക്കാന്‍ നെയ്മര്‍ വിരുതനാണെന്ന് ഞങ്ങള്‍ക്കറിയാമെന്നും ഒരു മത്സരത്തിനിടെ തന്നെ പലവട്ടം മൈതാനത്ത് അഭിനയ വീഴ്ചകള്‍ അദ്ദേഹം വീഴാറുണ്ട്. ഫ്രീ കിക്കും പെനാല്‍റ്റിയുമൊക്കെ ഇങ്ങനെ അഭിനയിച്ച്‌ നേടാമെന്നാണ് നെയ്മര്‍ കരുതുന്നത്. ഈ അഭിനയ വീഴ്ചകള്‍ നിരുത്സാഹപ്പെടുത്തേണ്ടത് റഫറിയാണ്, ഞങ്ങളല്ല. ഇനിയും ഇത്തരം പ്രവണത ആവര്‍ത്തിച്ചാല്‍ കടുത്ത ശിക്ഷ നല്‍കണം” – എന്നും ഗര്‍ഡാഡോ പറഞ്ഞിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here