ഹൈദരാബാദ് (www.mediavisionnews.in): 2019ലെ തെരഞ്ഞെടുപ്പിന് മുമ്പ് അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണം ആരംഭിക്കുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ഹൈദരാബാദില്‍ പാര്‍ട്ടി നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് അമിത് ഷാ ഇക്കാര്യം പറഞ്ഞത്. തെരഞ്ഞെടുപ്പിന് മുമ്പ് ക്ഷേത്ര നിര്‍മ്മാണത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി.
ബിജെപിയുടെ തെലങ്കാന സംസ്ഥാന യൂണിറ്റ് ഓഫീസില്‍ ചേര്‍ന്ന യോഗത്തിന്റെ വിശദാംശങ്ങള്‍ ബിജെപി ദേശീയ എക്സിക്യൂട്ടീവ് അംഗം പെരെല ശേഖര്ജീ മാധ്യമങ്ങളോട് വിശദീകരിച്ചു. രാമക്ഷേത്ര നിര്‍മ്മാണം അടുത്ത തെരഞ്ഞെടുപ്പിന് മുമ്പായി നടക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അമിത് ഷായെ ഉദ്ദരിച്ച് പെരെല ശേഖര്ജീ പറഞ്ഞു.
വെള്ളിയാഴ്ചയാണ് ബിജെപി അധ്യക്ഷന്‍ ഹൈദരാബാദിലെത്തിയത്. സംസ്ഥാനത്ത് അധികാരത്തില്‍ വരാന്‍ തന്ത്രങ്ങള്‍ മെനയണമെന്ന് പാര്‍ട്ടി നേതാക്കള്‍ക്ക് അമിത് ഷാ നിര്‍ദേശം നല്കി.
അയോധ്യയില്‍ 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്‍പായി രാമക്ഷേത്ര നിര്‍മാണം ആരംഭിക്കുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും പറഞ്ഞിരുന്നു. ജനാധിപത്യത്തില്‍ വിശ്വസിക്കാനും ക്ഷേത്രനിര്‍മാണത്തിനായി ക്ഷമയോടെ കാത്തിരിക്കാനും അയോദ്ധ്യയില്‍ നടന്ന സന്യാസിമാരുടെ യോഗത്തിലാണ് യോഗി ആദിത്യനാഥ് പറഞ്ഞത്. എന്ത് വിലകൊടുത്തും വരുന്ന ലോക് സഭാ തെരഞ്ഞെടുപ്പിന് മുമ്പുതന്നെ രാമക്ഷേത്ര നിര്‍മാണം ആരംഭിക്കുമെന്ന് അയോധ്യാ നേതാവും മുന്‍ ബിജെപി ജനപ്രതിനിധിയുമായ രാം വിലാസ് വേദാന്തിയുടെ പ്രഖ്യാപനത്തിന് തൊട്ടു പിന്നാലെയായിരുന്നു ആദിത്യനാഥിന്റെ ഈ പ്രഖ്യാപനം. മുഗള്‍ ചക്രവര്‍ത്തിയായിരുന്ന ബാബര്‍ ക്ഷേത്രം തകര്‍ത്തത് ഏതെങ്കിലും കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലല്ലെന്നും ബാബറി മസ്ജിദ് തകര്‍ത്തതും കോടതി ഉത്തരവ് പ്രകാരമല്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു വേദാന്തിയുടെ പ്രസംഗം.