ഉത്തർപ്രദേശ് (www.mediavisionnews.in): ശ്രീരാമന് പോലും ബലാത്സംഗം തടയാൻ സാധിച്ചിട്ടില്ലെന്ന് പറഞ്ഞ ബിജെപി നിയമോപദേഷ്ടാവ് സുരേന്ദ്ര സിംഗിന്റെ ഏറ്റവും പുതിയ പരാമർശവും വിവാദത്തിലേക്ക്. ഹൈന്ദവർക്ക് കുറഞ്ഞത് അഞ്ചു കുട്ടികളെങ്കിലും വേണമെന്നും അല്ലാത്ത പക്ഷം അവർ ന്യൂനപക്ഷമായി മാറുമെന്നുമാണ് സുരേന്ദ്ര സിംഗിന്റെ ഏറ്റവും പുതിയ പരാമർശം. വിവാദ പരാമർശങ്ങൾ കൊണ്ട് മാധ്യമ ശ്രദ്ധ നേടുന്നതിൽ ഒന്നാം സ്ഥാനമാണ് സുരേന്ദ്രസിംഗ് എന്ന ബിജെപി പ്രവർത്തകനുള്ളത്. ഓരോ കുഞ്ഞും ദൈവത്തിന്റെ സമ്മാനമാണെന്ന് കരുതി വേണം സ്വീകരിക്കാൻ എന്നും സുരേന്ദ്രസിംഗ് കൂട്ടിച്ചേർക്കുന്നു.
”ഇന്ത്യയിൽ ഹൈന്ദവരുടെ എണ്ണം വർദ്ധിപ്പിക്കാൻ വേണ്ട ശ്രമങ്ങൾ ആരംഭിക്കേണ്ടത് അത്യാവശ്യമാണ്. ഓരോ ഹൈന്ദവന്റെയും മനസ്സിൽ മിനിമം അഞ്ചു കുട്ടികളെങ്കിലും വേണം എന്ന ആത്മീയ ആഗ്രഹം ഉണ്ടാകണം. അങ്ങനെയാണെങ്കിൽ ഹൈന്ദവരുടെ എണ്ണം വർദ്ധിക്കും. ജനസംഖ്യയെ നിയന്ത്രണ വിധേയമാക്കാൻ സാധിക്കുകയും ചെയ്യും. അഞ്ചു കുട്ടികളിൽ രണ്ട് പേർ സ്ത്രീക്കും രണ്ട് പേർ പുരുഷനും ഒരാൾ മൂലധനവും. കുഞ്ഞുങ്ങൾക്ക് ജന്മം നൽകുക എന്നത് ദൈവത്തിന്റെ സമ്മാനമാണ്. ഹിന്ദുക്കൾ ശക്തരായാൽ മാത്രമേ ഇന്ത്യ ശക്തമാകൂ. ഹൈന്ദവർ ദുർബലരായാൽ ഇന്ത്യയും ദുർബലമാകും.” മാധ്യങ്ങളോട് സംസാരിക്കവേ സുരേന്ദ്രസിംഗ് വിശദീകരിച്ചു.
തങ്ങൾ ന്യൂനപക്ഷമാണെന്ന വസ്തുത ഹിന്ദുക്കൾ തിരിച്ചറിയണമെന്നും സുരേന്ദ്രസിംഗ് പറയുന്നു. ഭാരത് മാതാ കീ ജയ് എന്ന് വിളിക്കാത്തവർ പാകിസ്ഥാനികളാണ് എന്ന സുരേന്ദ്ര സിംഗിന്റെ പരാമർശം വൻവിവാദത്തിന് വഴി തെളിച്ചിരുന്നു. സർക്കാർ ഉദ്യോഗസ്ഥരേക്കാൾ ഭേദം വേശ്യകളാണെന്നും നരേന്ദ്ര മോദി ശ്രീരാമന്റെ അവതാരമാണെന്നും ബലാത്സംഗത്തിന് കാരണം മൊബൈൽ ഫോണുകളാണെന്നും ഒക്കെയുള്ള വിവാദ പരാമർശങ്ങൾ സുരേന്ദ്രസിംഗിന്റേതായിട്ടുണ്ട്.