തിരുവനന്തപുരം (www.mediavisionnews.in): ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ സര്‍ക്കാരിന്റെ ഹിന്ദു വിശ്വാസ വിരുദ്ധ നിലപാട് തിരുത്തണമെന്നാവശ്യപ്പെട്ട് അയ്യപ്പ ധര്‍മ്മസേന, ശ്രീരാമസേന, ഹനുമാന്‍സേന ഭാരത്, വിശാല വിശ്വകര്‍മ്മ ഐക്യവേദി എന്നീ ഹിന്ദുസംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ജനജീവിതത്തെ ബാധിച്ചില്ല. രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയാണ് ഹര്‍ത്താലിന് ആഹ്വാനം നല്‍കിയത്. ഒരിടത്തും ഇതുവരെ അനിഷ്ട സംഭവങ്ങള്‍ ഒന്നും തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
കെ.എസ്.ആര്‍.ടി.സി, സ്വകാര്യ ബസുകള്‍ പതിവുപോലെ സര്‍വീസുകള്‍ നടത്തി. ഓട്ടോറിക്ഷകളും ടാക്സികളും നിരത്തിലിറങ്ങി. സ്വകാര്യ വാഹനങ്ങളും പതിവുപോലെ റോഡിലിറങ്ങി. ഹോട്ടലുകളും മറ്റ് ഭക്ഷണ സ്ഥാപനങ്ങളും തുറന്നു പ്രവര്‍ത്തിക്കുന്നുണ്ട്.സ്കൂളുകളും പ്രവര്‍ത്തിക്കുന്നുണ്ട്. സംസ്ഥാനത്തെ മുഴുവന്‍ വ്യാപാരസ്ഥാപനങ്ങളും തുറന്നു പ്രവര്‍ത്തിക്കുമെന്നു കേരള വ്യാപാരി വ്യവസായി സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ് ബിജു അറിയിച്ചിട്ടുണ്ട്.
ആര്‍.എസ്.എസ് ഉള്‍പ്പെടെയുള്ള സംഘടനകള്‍ ഹര്‍ത്താലിനെ പിന്തുണയ്ക്കുന്നില്ല. ഹര്‍ത്താല്‍ അനുകൂലികള്‍ ബലമായി കടകള്‍ അടപ്പിക്കുന്നതില്‍ നിന്ന് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഹര്‍ത്താല്‍ നേരിടാന്‍ പൊലീസ് എല്ലാ മുന്‍കരുതലുകളുമെടുത്തിട്ടുണ്ട്. ഹര്‍ത്താല്‍ വിജയിപ്പിക്കണമെന്ന ആഹ്വാനവുമായി തൃശൂരിലെ തിയേറ്ററുകളിലും ഇന്നലെ ബസുകളിലും നോട്ടീസുകള്‍ വിതരണം ചെയ്തു. ഹൈന്ദവ സംഘടനാ വേദി കേരളം എന്ന പേരിലുള്ള നോട്ടീസുകളാണ് നഗരത്തിലെ വിവിധ സ്ഥാപനങ്ങളിലെത്തിച്ചത്. സംഭവത്തില്‍ തിയേറ്റര്‍ ഉടമ പൊലീസില്‍ പരാതി നല്‍കി.