(www.mediavisionnews.in):ഫ്രഞ്ച് സൂപ്പര്‍ താരം പോഗ്ബയെ യുവന്റസ്സിലെത്തിക്കാന്‍ ശ്രമം തുടങ്ങിയതായി സൂചന. യൂറോപ്യന്‍ കിരീടം ലക്ഷ്യമിട്ടാണ് പോര്‍ച്ചുഗല്‍ ഇതിഹാസം ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ വമ്പന്‍ തുകയ്ക്ക് യുവന്റസ് സ്‌പെയിനില്‍ നിന്നും ഇറ്റലിയിലെത്തിച്ചത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്കൊപ്പം പോഗ്ബയുംകൂടി ചേരുന്നതോടെ ചാമ്പ്യന്‍സ് ലീഗ് കിരീടത്തില്‍ യുവന്റസിന് മുത്തമിടാന്‍ കഴിയുമെന്ന കണക്കുകൂട്ടലിലാണ് ക്ലബ് അധികൃധര്‍.
പോഗ്ബയ്ക്കായി 200 ദശലക്ഷം പൗണ്ടുവരെ മുടക്കാന്‍ ക്ലബ് തയ്യാറാണ് എന്ന് ഇറ്റാലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പോഗ്ബയുടെ ഏജന്റുമായി യുവന്റസ് അധികൃതര്‍ ചര്‍ച്ച നടത്തി. പോഗ്ബയെ സ്വന്തമാക്കാനുള്ള പണം കണ്ടെത്തുന്നതിനായി യുവന്റസ്സില്‍ നിന്നും അര്‍ജന്റീനന്‍ സ്‌ട്രൈക്കര്‍ ഹിഗ്വെയ്‌നെ ഒഴിവാക്കാന്‍ ക്ലബ് തയ്യാറാണ് എന്നും സൂചനകളുണ്ട്.
മാഞ്ചസ്റ്റര്‍ യുണൈറ്റഡ് നിരയില്‍ ഇക്കഴിഞ്ഞ സീസണില്‍ തിളങ്ങാതെ പോയ പോഗ്ബ റഷ്യന്‍ ലോകകപ്പില്‍ ഫ്രാന്‍സിന്റെ കിരീടനേട്ടത്തില്‍ നിര്‍ണായക പങ്ക് വഹിച്ചിരുന്നു. മാഞ്ചസ്റ്റര്‍ പരിശീലകന്‍ മൗറീഞ്ഞോയുമായി നല്ല ബന്ധത്തിലല്ല താരം എന്നതും യുവന്റസിന് അനുകൂല ഘടകമാണ്. രണ്ട് വര്‍ഷം മുമ്പ് 89 ദശലക്ഷം പൗണ്ടിനാണ് യുവന്റസില്‍ നിന്ന് സൂപ്പര്‍ താരത്തെ മാഞ്ചസ്റ്ററില്‍ എത്തിച്ചത്.
തുടര്‍ച്ചയായി ഏഴു തവണ ഇറ്റാലിയന്‍ ചാമ്പ്യന്മാരായ യുവന്റസിനെ യൂറോപ്പ്യന്‍ ചാമ്പ്യന്‍മാരാക്കുക എന്നതുതന്നെയാണ് യുവന്റസ് ലക്ഷ്യമിടുന്നത്. 800 കോടി രൂപയാണു ക്രിസ്റ്റ്യാനോയെ വിട്ടു നല്‍കാന്‍ യുവെന്റസ് റയലിനു കൈമാറിയത്. ഇതിനു പുറമേ ക്രിസ്റ്റ്യാനോയ്ക്കു നാലുവര്‍ഷത്തിനിടെ 960 കോടിയോളം രൂപയും യുവെന്റസ് നല്‍കണം. 100 കോടിയോളം രൂപ അനുബന്ധ ചെലവുകള്‍ക്കായി ക്ലബ് മുടക്കി. താരത്തിന്റെ കൂടുമാറ്റം പൂര്‍ത്തിയാക്കാന്‍ യുവെന്റസിന് ആകെ ചെലവാകുന്നത് 1860 കോടി രൂപയാണ്.