സിംബാബ്‌വെ (www.mediavisionnews.in):ഏകദിനത്തില്‍ ചരിത്രമെഴുതി പാക് ഓപ്പണര്‍ ഫഖര്‍ സമാന്‍. സിംബാബ് വെയ്‌ക്കെതിരെ നാലാം ഏകദിനത്തില്‍ ഡബിള്‍ സെഞ്ച്വറി നേടിയാണ് ഫഖര്‍ സമാന്‍ ചരിത്രമെഴുതിയത്. ഇതോടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ആദ്യ ഡബിള്‍ സെഞ്ച്വറി നേടുന്ന പാക് താരം എന്ന നേട്ടം ഫഖര്‍ സമാന്‍ സ്വന്തമാക്കി.
156 പന്തില്‍ 24 ഫോറും അഞ്ച് സിക്‌സും സഹിതമാണ് ഫഖര്‍ സമാന്‍ പുറത്താകാതെ ഡബിള്‍ സെഞ്ച്വറി നേടിയത്. സിംബാബ് വെ ബൗളര്‍മാരെ നിഷ്ഠൂരം പ്രഹരിച്ച സമാന്‍ അനായാസം ഡബിള്‍ സെഞ്ച്വറിയിലേക്ക് എത്തുകയായിരുന്നു. 51 പന്തില്‍ അര്‍ധ ശതകം തികച്ച പാക് താരം 92 പന്തില്‍ സെഞ്ച്വറിയും 115 പ്ന്തില്‍ 150 റണ്‍സും തികച്ചു.
ഇതോടെ ഒരു പാക് താരത്തിന്റെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറായ സയ്യിദ് അന്‍വറിന്റെ 194 റണ്‍സ് എന്ന റെക്കോര്‍ഡും പഴങ്കഥയായി. ഏറെ നാള്‍ അന്താരാഷ്ട്ര ക്രിക്കറ്റിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറായിരുന്നു സയ്യിദ് അന്‍വറിന്റെ 194 റണ്‍സ്.
ഫഖര്‍ സമാന്‍ ഡബിള്‍ സെഞ്ച്വറിയും മറ്റൊരു പാക് ഓപ്പണര്‍ ഇമാമുല്‍ ഹഖിന്റെ സെഞ്ച്വറിയുടേയും സഹായത്തോടെ പാകിസ്താന്‍ 50 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 399 റണ്‍സെടുത്തു. ആസിഫ് അലി 22 പന്തില്‍ 50 റണ്‍സ് നേടി സമാനൊപ്പം ക്രീസില്‍ പുറത്താകാതെ നിന്നു.