ന്യൂഡല്‍ഹി (www.mediavisionnews.in):വിവാഹ ആഘോഷത്തിനായി വിനിയോഗിക്കുന്ന ചെലവ് കണക്കുകള്‍ ബന്ധപ്പെട്ട അധികാരികള്‍ക്കു സമര്‍പ്പിക്കുന്നതു നിര്‍ബന്ധമാക്കുന്നതിനെ കുറിച്ചു പരിശോധിക്കാന്‍ സുപ്രീം കോടതിയുടെ നിര്‍ദേശം. നിയമം ഭേദഗതി ചെയ്യേണ്ടതുണ്ടെങ്കില്‍ അക്കാര്യങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിശോധിച്ച് അറിയിക്കാന്‍ കോടതി കേന്ദ്ര സര്‍ക്കാരിനോടു നിര്‍ദേശിച്ചു.
വിവാഹവുമായി ബന്ധപ്പെട്ട അമിത ചെലവ് സ്ത്രീധനം വാങ്ങുന്നതു വര്‍ധിപ്പിക്കുന്നതിനു ഇടയാക്കുന്നുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ ഇടപെടല്‍.
വിവാഹത്തിനുള്ള ചെലവ് കണക്കുകള്‍ വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട അധികാരിക്കു നല്കുന്നതു നിര്‍ബന്ധമാക്കുന്നതാണ് സര്‍ക്കാര്‍ പരിശോധിക്കേണ്ടത്. കണക്കുകള്‍ ഭാര്യയുടെയും ഭര്‍ത്താവിന്റെയും ബാങ്ക് അക്കൗണ്ടുകളുമായി ബന്ധപ്പെടുത്തിയിട്ടാകണം. ഇത്തരം നടപടികള്‍ സ്ത്രീധനം വാങ്ങുന്നതു കുറയ്ക്കാന്‍ ഉപകരിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി.