ന്യൂഡല്‍ഹി (www.mediavisionnews.in): ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി സമൂഹമാധ്യമ ഇടപെടലുകള്‍ ശക്തമാക്കാന്‍ ബിജെപി നേതൃത്വം ഒരുങ്ങുന്നു. ഇതിനു മുന്നോടിയായി വന്‍തോതില്‍ വാട്സ്ആപ്പ് ഗ്രൂപ്പുകള്‍ക്ക് ബിജെപി സോഷ്യല്‍മീഡിയ സെല്‍ രൂപംനല്കി തുടങ്ങി. ഡല്‍ഹിയില്‍മാത്രം ഇതേവരെ 1800 വാട്സ്ആപ്പ് ഗ്രൂപ്പുകള്‍ രൂപീകരിച്ചതായി സംസ്ഥാന നേതൃത്വം അറിയിച്ചു.
ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഈ 1800 ഗ്രൂപ്പുകളിലും അംഗമാണ്. പ്രവര്‍ത്തകരിലേക്ക് നേരിട്ടു സന്ദേശം എത്തിക്കുന്നതും വ്യാജവാര്‍ത്തകള്‍ തടയുന്നതുമാണ് ഈ ഗ്രൂപ്പുകളുടെ ലക്ഷ്യമെന്ന് ഡല്‍ഹി ബിജെപി സോഷ്യല്‍മീഡിയ യൂണിറ്റ് ഇന്‍ ചാര്‍ജ് നീല്‍കാന്ത് ബക്ഷി അറിയിച്ചു. ഇനിയും കൂടുതല്‍ വാട്സ്ആപ്പ് ഗ്രൂപ്പുകള്‍ നിര്‍മിക്കുമെന്നും അദ്ദേഹം അറിയിച്ചു.
അമിത് ഷായ്ക്കു പുറമേ ഡല്‍ഹി ബിജെപി അധ്യക്ഷന്‍ മനോജ് തിവാരിയെയും ഗ്രൂപ്പുകളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ മാസം ചേര്‍ന്ന യോഗത്തില്‍ സമൂഹമാധ്യമങ്ങളില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിനെതിരേ പാര്‍ട്ടി പ്രസിഡന്റ് ശക്തമായ മുന്നറിയിപ്പ് നല്‍കിയെന്നാണ് പ്രവര്‍ത്തകര്‍ പറയുന്നത്. വ്യാജവാര്‍ത്തകള്‍ ബിജെപിയുടെ വിശ്വാസ്യതയെ ബാധിക്കുമെന്നും അമിത് ഷാ പറഞ്ഞതായി പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നു.