ഉത്തര്‍പ്രദേശ്(www.mediavisionnews.in) : ബിജെപി വനിതാ എംഎല്‍എ പ്രവേശിച്ചതിന്റെ പേരില്‍ അമ്പലത്തില്‍ ശുദ്ധികലശം നടത്തി ക്ഷേത്രം അധികൃതര്‍. ഉത്തര്‍പ്രദേശിലെ ഹാമിര്‍പുര്‍ ടൗണില്‍ സ്ഥിതി ചെയ്യുന്ന ദ്രും റിഷി ക്ഷേത്രത്തിലാണ് സ്ഥലം എംഎല്‍എ മനീഷാ അനുരാഗി കയറിയതിനെ തുടര്‍ന്ന് ക്ഷേത്രം അധികൃതര്‍ ശുദ്ധികലശം നടത്തിയത്. ക്ഷേത്രം മുഴുവന്‍ ഗംഗാജലം ഉപയോഗിച്ച് കഴുകിയ അധികൃതര്‍ വിഗ്രഹങ്ങള്‍ അലഹബാദിലേയ്ക്ക് അയയ്ക്കുകയും ചെയ്തു.
എംഎല്‍എ അമ്പലത്തില്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് പൂജാരി സ്വാമി ദയാനന്ദ് മഹാന്ദ് യോഗം വിളിച്ചിരുന്നു. യുവതി ക്ഷേത്രത്തില്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് ദൈവകോപം നേരിടുകയാണെന്നും ഒരു തുള്ളി മഴ പോലും ലഭിച്ചിട്ടില്ലെന്നും ക്ഷേത്ര പൂജാരി പറഞ്ഞു. സ്ത്രീകള്‍ക്ക് പ്രവേശിക്കാന്‍ അനുമതിയില്ലാത്ത ക്ഷേത്രമായതിനാലാണ് ശുദ്ധീകരണം വേണ്ടിവന്നത്. ഇതുവരെ ഇവിടെ സ്ത്രീകള്‍ കയറിയിട്ടില്ല. എംഎല്‍എ പ്രവേശിക്കുമ്പോല്‍ താന്‍ അവിടെ ഉണ്ടായിരുന്നില്ലെന്നും ഉണ്ടായിരുന്നെങ്കില്‍ എംഎല്‍എയെ കയറാന്‍ സമ്മതിക്കുമായിരുന്നില്ലെന്നും പൂജാരി പറഞ്ഞു.
സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിച്ച അമ്പലമാണിതെന്ന് അറിയില്ലായിരുന്നുവെന്നും അറിയുമായിരുന്നെങ്കില്‍ പ്രവേശിക്കുമായിരുന്നില്ലെന്നും എംഎല്‍എ മനീഷാ അനുരാഗി പറഞ്ഞു. പാര്‍ട്ടി പ്രവര്‍ത്തകരുടെ ആവശ്യപ്രകാരമാണ് താന്‍ പോയത്. പക്ഷേ അത്തരം ഒരു ശുദ്ധീകരണം നടന്നിട്ടുണ്ടെങ്കില്‍ അത് സ്ത്രീകളെ അപമാനിക്കലാണെന്നും അത് വിഡ്ഢികളുടെ ആചാരമാണെന്നും മനീഷ പറഞ്ഞു.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ