ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പി. കരുണാകരനും ഇന്നസെന്റും ഒഴികെയുള്ള എല്ലാ സിറ്റിങ് എംപിമാരും മത്സരിക്കും

0
164

കൊല്ലം (www.mediavisionnews.in): ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പി. കരുണാകരനും ഇന്നസെന്റും ഒഴികെയുള്ള എല്ലാ സിറ്റിങ് എംപിമാരും മത്സരിക്കും. മന്ത്രിമാരും എംഎല്‍എമാരും മത്സരരംഗത്തുണ്ടാവില്ല. രണ്ടുദിവസം മുമ്പുചേര്‍ന്ന സിപിഐഎം സംസ്ഥാന കമ്മിറ്റി യോഗത്തില്‍ സ്ഥാനാര്‍ഥി നിര്‍ണയം ചര്‍ച്ചയായില്ലെങ്കിലും നേതൃതലത്തില്‍ പ്രാഥമിക ധാരണ ഉണ്ടായിട്ടുണ്ട്.

കോഴിക്കോട്, ആലപ്പുഴ, കോട്ടയം ലോക്‌സഭാ സീറ്റുകള്‍ പിടിച്ചെടുക്കാന്‍ അനുയോജ്യരായ സ്ഥാനാര്‍ഥികള്‍ എം.എല്‍.എ.മാരില്‍ ഉണ്ടെങ്കിലും ഉപതിരഞ്ഞെടുപ്പിന് വഴിയൊരുക്കുന്ന തീരുമാനങ്ങള്‍ ഒഴിവാക്കും. വടകര, കോഴിക്കോട്, ആലപ്പുഴ, കൊല്ലം, കോട്ടയം സീറ്റുകള്‍ പിടിച്ചെടുക്കാനാകുമെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. പൊന്നാനിയില്‍ അനുയോജ്യനായ സ്വതന്ത്രനെ കണ്ടെത്തും.

പി. കരുണാകരന് പകരം കെ.പി. സതീഷ്ചന്ദ്രനും ഇന്നസെന്റിന് പകരം കെ. രാധാകൃഷ്ണനോ പി. രാജീവോ മത്സരിച്ചേക്കും. കൊല്ലത്ത് കെ.എന്‍. ബാലഗോപാല്‍ സ്ഥാനാര്‍ഥിയാവും. കോഴിക്കോട്ട് ഡി.വൈ.എഫ്‌.െഎ. അഖിലേന്ത്യാ സെക്രട്ടറി മുഹമ്മദ് റിയാസാവും സ്ഥാനാര്‍ഥി.

അടുത്ത ഏപ്രിലില്‍ നടക്കുമെന്ന് പ്രതീക്ഷിക്കുന്ന ലോകസഭാ തിരഞ്ഞെടുപ്പിന് സംഘടനാപരമായ ഒരുക്കങ്ങളും സി.പി.എം. ആരംഭിച്ചു. ഈ മാസം 31ന് മുമ്പ് നിയമസഭാ മണ്ഡലം അടിസ്ഥാനത്തില്‍ ശില്പശാലകള്‍ നടത്തും. ബൂത്ത് സെക്രട്ടറിമാര്‍ വരെയുള്ളവര്‍ ശില്പശാലകളില്‍ പങ്കെടുക്കും.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ രൂപവത്കരിച്ച കമ്മിറ്റികളായിരിക്കും തിരഞ്ഞെടുപ്പ് വരെ പ്രവര്‍ത്തിക്കുക. ഒരു പാര്‍ട്ടിയംഗത്തിന് പത്തുവീടുകളുടെ ചുമതലകള്‍ നല്‍കും. സംഘടനാ കാര്യങ്ങള്‍ക്കേ പാര്‍ട്ടി ഘടകങ്ങള്‍ ചേരൂ. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ സ്വീകരിച്ച സംഘടനാ സംവിധാനത്തിന്റെ മാതൃകയായിരിക്കും ലോകസഭാ തിരഞ്ഞെടുപ്പിനും സ്വീകരിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here