ലീഗും സി.പി.എമ്മും ഒന്നിച്ച നല്ലകാലത്തെ ഓർമ്മിപ്പിച്ച് മന്ത്രി, ചങ്കിടിച്ച് കോൺഗ്രസ്സ് . .

0
169

മലപ്പുറം (www.mediavisionnews.in): ലീഗും സി.പി.എമ്മും ഒന്നിച്ചു നിന്ന നല്ലകാലം തിരികെവരുമോ എന്ന് മന്ത്രി ജി. സുധാകരന്റെ ചോദ്യത്തിന് അനുകൂലമായി തലയാട്ടി ലീഗ് ദേശീയ സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീറും മുന്‍ മന്ത്രി പി.കെ അബ്ദുറബ്ബ് എം.എല്‍.എയും.

മലപ്പുറത്ത് സി.പി.എമ്മും ലീഗും പയറ്റിയ പഴയ അടവുനയം തിരിച്ചുവരുമോ എന്ന ആശങ്കയില്‍ കോണ്‍ഗ്രസും. പരപ്പനങ്ങാടി റസ്റ്റ് ഹൗസിന്റെയും അവുക്കാദര്‍കുട്ടിനഹ പൊതുമരാമത്ത് കെട്ടിട സമുച്ചയത്തിന്റെ ഉദ്ഘാടന വേദിയിലാണ് സി.പി.എം ലീഗ് ബാന്ധവത്തിന്റെ നല്ലനാളുകള്‍ സി.പി.എമ്മില്‍ ഔദ്യോഗിക പക്ഷത്തിന്റെ ശക്തനായ വക്താവായ മന്ത്രി ജി. സുധാകരന്‍ തന്നെ അനുസ്മരിച്ചത്.

മലപ്പുറം ജില്ല രൂപവല്‍ക്കരിച്ചത് ഇടതുപക്ഷമാണ്. അന്ന് മുസ്‌ലിം ലീഗ് നേതാവ് സി.എച്ച് മുഹമ്മദ്‌കോയ ഇടതുപക്ഷത്തോടൊപ്പമായിരുന്നു. ലീഗും സി.പി.എമ്മും ഒന്നിച്ചുനിന്ന ആ കാലം വികസനത്തിന്റെ സുവര്‍ണകാലമായിരുന്നെന്നും അങ്ങനെയൊരുകാലം ഇനി തിരിച്ചുവരുമോ എന്നും മന്ത്രി സുധാകരന്‍ വേദിയിലേക്ക് തിരിഞ്ഞ് ചോദിക്കുകയും ഇ.ടി മുഹമ്മദ്ബഷീറും പി.കെ അബ്ദുറബ്ബും അനുകൂലിച്ച് തലയാട്ടുകയുമായിരുന്നു.

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പടിവാതില്‍ക്കലെത്തി നില്‍ക്കെ മലപ്പുറത്ത് മന്ത്രി സുധാകരന്‍ സി.പി.എം-ലീഗ് രാഷ്ട്രീയ ബന്ധത്തെക്കുറിച്ച് പറഞ്ഞ് വെറുതെയാവില്ലെന്ന വിലയിരുത്തലിലാണ് രാഷ്ട്രീയ നിരീക്ഷകരും. യു.ഡി.എഫിലെ രണ്ടാമത്തെ കക്ഷിയായ മുസ്‌ലിം ലീഗില്ലെങ്കില്‍ കോണ്‍ഗ്രസിന് കേരളത്തിന്റെ ഭരണം ബാലികേറാമലയാകും.

47 എം.എല്‍.എമാരുള്ള യു.ഡി.എഫില്‍ കോണ്‍ഗ്രസില്‍ കേവലം 22 സീറ്റുമാത്രമേയുളളൂ. 18 പേരുള്ള ലീഗാണ് വലിയ സഖ്യകക്ഷി. യു.ഡി.എഫ് ബന്ധം ഉപേക്ഷിച്ച് ഇടതുപക്ഷത്തേക്ക് ചേക്കേറാനൊരുങ്ങിയ കെ.എം മാണി തിരികെ യു.ഡി.എഫ് പാളയത്തിലേക്ക് മടങ്ങിയപ്പോള്‍ സി.പി.എം നേതൃത്വം പ്രതീക്ഷയോടെ നോക്കുന്നത് ലീഗിനെയാണ്. കാസര്‍ഗോഡ് മുതല്‍ മലപ്പുറം വരെ ശക്തമായ വോട്ടുബാങ്കാണ് ലീഗിനുള്ളത്.

മലപ്പുറത്ത് മുമ്പ് സി.പി.എം പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ലീഗുമായി അടവുനയം പയറ്റിയിരുന്നു. മുസ്‌ലിം ലീഗ് വര്‍ഗീയ കക്ഷിയാണെന്ന പ്രത്യയശാസ്ത്ര നിലപാട് നിലനില്‍ക്കെ തന്നെയാണ് അന്ന് അടവുനയം പരീക്ഷിച്ചത്. അടവുനയത്തെ തുടര്‍ന്ന് ലീഗിന്റെ ശക്തിദുര്‍ഗമായ തിരൂരങ്ങാടി പഞ്ചായത്തില്‍ പോലും സി.പി.എമ്മിന് ഭരണപങ്കാളിത്തം ലഭിച്ചിരുന്നു.

മുസ്‌ലിം കേന്ദ്രങ്ങളില്‍ സി.പി.എമ്മിന്റെ സ്വീകാര്യത വര്‍ധിക്കാനും അടവുനയം വഴിയൊരുക്കി. ലീഗിനെ ഇടതുമുന്നണിയിലെടുക്കുന്നതില്‍ ശക്തമായ എതിര്‍പ്പുയര്‍ത്തിയത് വി.എസ് അച്യുതാനന്ദനും എം.എ ബേബിയുമായിരുന്നു. ഇടതുമുന്നണിയിലാവട്ടെ സി.പി.ഐ ലീഗ് വര്‍ഗീയ കക്ഷിയാണെന്ന ശക്തമായ നിലപാടാണ് തുടരുന്നത്. എന്നാല്‍ മുന്നണി ബന്ധത്തിനു പകരം അടവുനയമായാല്‍ എതിര്‍പ്പുകള്‍ ഇല്ലാതാക്കാനാവും. മലപ്പുറത്ത് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പയറ്റിയ അടവുനയം മിനുക്കിയെടുക്കാനുള്ള അടവാണോ സി.പി.എം പയറ്റുന്നത് എന്ന ആശങ്കയാണിപ്പോള്‍ കോണ്‍ഗ്രസിനെ വേട്ടയാടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here