കൊച്ചി (www.mediavisionnews.in) : കേരളത്തില്‍ നിന്ന് ഗള്‍ഫിലേക്ക് ജോലി തേടി പോകുന്നവരെ ലഹരിമരുന്നു റാക്കറ്റിന്റെ കെണിയില്‍പ്പെടുത്തിയതില്‍ സംസ്ഥാനാന്തര, രാജ്യാന്തര ലഹരികടത്തുകാര്‍ക്കു ബന്ധമുണ്ടെന്നും ഖത്തറില്‍ നിന്നു നിര്‍ണായക വിവരങ്ങള്‍ ലഭിക്കണമെന്നും ക്രൈംബ്രാഞ്ച് സംഘടിത കുറ്റാന്വേഷണ വിഭാഗം ഹൈക്കോടതിയെ അറിയിച്ചു. ഖത്തറില്‍ ഇന്ത്യന്‍ പൗരന്മാര്‍ അറസ്റ്റിലായ കേസുകളുടെ രേഖയും വിവരങ്ങളും ആവശ്യപ്പെട്ട് ഇന്റര്‍പോള്‍ വിഭാഗം സിബിഐ അസി. ഡയറക്ടര്‍ക്കു കത്തയച്ചിട്ടുണ്ട്. ഖത്തറിലെ പൊലീസ് ഉദ്യോഗസ്ഥരുമായി ആശയവിനിമയത്തിന് അവസരം തേടിയിട്ടുമുണ്ട്.
ലഹരിമരുന്നു റാക്കറ്റിന്റെ കെണിയില്‍പ്പെട്ടു ദോഹയിലെ ജയിലില്‍ കഴിയുന്ന ആഷിക് ആഷ്‌ലി, കെവിന്‍ മാത്യു, ആദിത്യ മോഹനന്‍, ശരത് ശശി എന്നിവരുടെ മോചനത്തിനു നടപടിയാവശ്യപ്പെട്ട് അമ്മമാര്‍ നല്‍കിയ ഹര്‍ജിയിലാണു വിശദീകരണം. സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അങ്കമാലി സ്വദേശി ഉഷാകുമാരി, കോട്ടയം സ്വദേശി റോസമ്മ മാത്യു, ചെങ്ങന്നൂര്‍ സ്വദേശി ഇന്ദിരാദേവി, ഒക്കല്‍ സ്വദേശി രമ ശശി എന്നിവരാണു കോടതിയിലെത്തിയത്. അങ്കമാലി, എരുമേലി, ചെങ്ങന്നൂര്‍, കോടനാട് സ്റ്റേഷനുകളിലെ കേസുകളുടെ അന്വേഷണം ക്രൈംബ്രാഞ്ച് എഡിജിപിയുടെ നേതൃത്വത്തിലുള്ള സംഘം ഏറ്റെടുത്തതായി സര്‍ക്കാര്‍ വിശദീകരിച്ചു.
ഫോണ്‍ വിവരങ്ങളും മൊഴിയും പരിശോധിച്ചതില്‍ നിന്നു സംശയിക്കപ്പെടുന്നവരുടെ പട്ടിക തയാറാക്കിയിട്ടുണ്ട്. ബെംഗളൂരുവിലും കണ്ണൂര്‍, കാസര്‍കോട് മേഖലകളിലും രണ്ടു പൊലീസ് സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. എരുമേലി പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസില്‍ പി.വി. റഹീസിനെ അറസ്റ്റ് ചെയ്തു. മറ്റു പ്രതികളെ പിടികൂടാന്‍ ശ്രമിക്കുകയാണ്. പലരും സിംകാര്‍ഡ് എടുത്തിട്ടുള്ളതു ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പേരിലായതിനാല്‍ കണ്ടെത്താന്‍ എളുപ്പമല്ലെന്നും അറിയിച്ചു. ഗള്‍ഫില്‍ ജോലി തേടി പോകുന്നവരുടെ പക്കല്‍ ബന്ധുക്കള്‍ക്കു കൈമാറാനെന്നു പറഞ്ഞു കൊടുത്തുവിടുന്ന ബാഗുകളില്‍ നിന്നു ലഹരിമരുന്നു പിടികൂടിയ സംഭവങ്ങളില്‍ 54 മലയാളികള്‍ ജയിലിലുണ്ടെന്നാണു ഹര്‍ജിയിലെ വെളിപ്പെടുത്തല്‍.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ