കാസര്‍ഗോഡ്(www.mediavisionnews.in): ലണ്ടനിലെ പവര്‍ ലീഗ് സ്റ്റേഡിയത്തില്‍ ചരിത്രം കുറിക്കാന്‍ കാസര്‍ഗോട്ടുകാര്‍. ഇംഗ്ലണ്ടില്‍ സ്ഥിര താമസമാക്കിയ കാസര്‍ഗോഡുകാരായ മലയാളികള്‍ സംഘാടകരായും കളിക്കാരായും ഫുഡ്ബോളിന്റെ തരംഗം സൃഷ്ടിക്കാന്‍ ഒരുങ്ങുകയാണ് ഈ കാസര്‍ഗോടെന്‍ കൂട്ടായ്മ.
യു.കെ.14 ലീഗ് ഫൈവ്സ് ഫുഡ്ബോള്‍ ചാമ്പ്യൻഷിപ്പ് വരുന്ന ഓഗസ്റ്റ് 6 ന് ലണ്ടനിലെ ജന്‍കിന്‍സ് ലെയ്ന്‍ പവര്‍ ലീഗ് സ്റ്റേഡിയത്തിലാണ് അരങ്ങേറുക. യു.കെ.യില്‍ കഴിയുന്ന കാസര്‍ഗോഡുകാരായ കായിക പ്രേമികളാണ് ഇതിന്റെ പിറകില്‍. സംഘാടകര്‍ മുതല്‍ കളിക്കാര്‍ തുടങ്ങി ടൂര്‍ണ്ണമെന്റുമായി ബന്ധപ്പെട്ട് മുഴുവന്‍ പേരും കാസര്‍ഗോഡ് സ്വദേശികള്‍ എന്ന പ്രത്യേകതയും ഇതിനുണ്ട്.
ചാമ്പ്യൻഷിപ്പ് വഴി ലഭിക്കുന്ന തുക ജീവകാരുണ്യ പ്രവര്‍ത്തനത്തിനായാണ് വിനിയോഗിക്കപ്പെടുക. ഇബ്രാഹിം ഹര്‍ഷാദ് ചെയര്‍മാനും ബാസിം ബഷീര്‍ സെക്രട്ടറിയുമായുള്ള ഫുട്ബോൾ കമ്മിറ്റിയാണ് ലണ്ടനിലെ ചാമ്പ്യൻഷിപ്പിന് നേതൃത്വം നല്‍കുന്നത്. സ്ഥിരതാമസമാക്കിയ മലയാളികള്‍ വിവിധ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍, ഇംഗ്ലണ്ടില്‍ ഉന്നത പഠനം നടത്തുന്നവര്‍ എന്നിവരുടെ കാസര്‍ഗോഡെന്‍ കൂട്ടായ്മയാണ് ഫൈവ്സ് ഫുട്ബോൾ ലീഗ് സംഘടിപ്പിക്കുന്നത്.
കേരളത്തിലെ പ്രഗത്ഭ താരങ്ങളെല്ലാം ഈ ഉദ്യമത്തിന് പിന്‍തുണയും ആശംസയുമായി രംഗത്തുണ്ട്. പ്രമുഖ സ്ഥാപനമായ ഫില്ലി കഫെയാണ് ടീമുകളുടെ ജഴ്സി സ്പോണ്‍സര്‍ ചെയ്യുന്നത്. വിജയികള്‍ക്ക് ട്രോഫികളും യഥാക്രമം 2001, 1001 വീതം പൗണ്ടും സമ്മാനമായി നല്‍കും.