ബിഹാർ (www.mediavisionnews.in):കാമുകിയുടെ വീട്ടില്‍ രാത്രിയില്‍ രഹസ്യമായി കടക്കാന്‍ ശ്രമിച്ച യുവാവിനെ കള്ളനാണെന്ന് കരുതി നാട്ടുകാര്‍ പിടിച്ചു. അവസാനം നാട്ടുകാരുടെ നേതൃത്വത്തില്‍ കമിതാക്കളുടെ വിവാഹം ആഘോഷപൂര്‍വ്വം നടന്നു. ബിഹാറാലെ റൊഹ്താസിലാണ് സംഭവമുണ്ടായത്. ഇരുപത്തിയഞ്ചുകാരന് വിശാല്‍ സിങ്ങിനും ലക്ഷ്മിന കുമാരിക്കുമാണ് ഗ്രാമത്തിലെ മുതിര്‍ന്നവരുടെ ഇടപെടലിനെ തുടര്‍ന്ന് പ്രണയ സാഫല്യമുണ്ടായത്.
അഞ്ച് വര്‍ഷമായി ഇരുവരും പ്രണയത്തിലായിരുന്നു. ലീവിന് നാട്ടിലെത്തിയ വിശാല്‍ ബുധനാഴ്ച രാത്രി കാമുകിയെ കാണാന്‍ വേണ്ടി ലക്ഷ്മിനയുടെ വീട്ടിലേക്ക് എത്തുകയായിരുന്നു. ലക്ഷ്മിനയുടെ വീട്ടുകാരെല്ലാം മുകള്‍ നിലയിലാണ് ഉറങ്ങിയിരുന്നത്. താഴത്തെ നിലയിലെ റൂമിലാണ് ലക്ഷ്മിന കിടക്കുകയെന്നറിഞ്ഞു കൊണ്ടാണ് വിശാല്‍ എത്തിയത്. എന്നാല്‍ വിശാല്‍ വീട്ടിലേക്ക് രഹസ്യമായി കയറുന്നത് വീട്ടുകാര്‍ കാണുകയും, കള്ളനാണെന്ന് തെറ്റിദ്ധരിച്ച് നാട്ടുകാരെ വിളിച്ചുകൂട്ടുകയും ചെയ്യുകയായിരുന്നു. നാട്ടുകാര്‍ വിശാലിനെ മര്‍ദ്ദിക്കാന്‍ ഒരുങ്ങിയതോടെ ഇരുവരും സത്യം വെളിപ്പെടുത്തുകയായിരുന്നു.
തുടര്‍ന്ന് വിശാലിന്റെ വീട്ടുകാരെയും പൊലീസിനേയും വിളിച്ചുവരുത്തി. ഇരു വീട്ടുകാരുമായി നടത്തിയ ചര്‍ച്ചയില്‍ വിവാഹം തീരുമാനിക്കുകയായിരുന്നു. അവിടെ വെച്ച് അപ്പോള്‍ തന്നെ വിവാഹം നടത്താനായിരുന്നു കുടുംബത്തിലെ മുതിര്‍ന്നവര്‍ എടുത്ത തീരുമാനം. താമസിയാതെ പൂജാരിയെ വിളിച്ച് കൊണ്ടു വന്ന് വിവാഹം നടത്തുകയായിരുന്നു. ഇരുവരും ഒരേ ജാതിയില്പ്പെട്ടവരായതു കൊണ്ടാണ് വലിയ പ്രശ്നങ്ങളൊന്നുമില്ലാതെ വിവാഹം നടന്നത്.
ചടങ്ങിന് ശേഷം സദ്യയും ഏര്‍പ്പാടാക്കിയിരുന്നു. നൂറുകണക്കിന് പേരാണ് പെട്ടെന്നുണ്ടായ വിവാഹത്തില്‍ പങ്കെടുത്തത്. കാമുകിയെ കാണാന്‍ പാത്തും പതുങ്ങിയുമെത്തിയ വിശാല്‍ മടങ്ങിയത് ലക്ഷ്മിന കുമാരിയുടെ കൈയ്യും പിടിച്ച്.