മോസ്കോ (www.mediavisionnews.in): ലോകകപ്പിലെ നിര്‍ണായകമായ പ്രീ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ നെയ്മറിന്‍റെ ചിറകിലേറി ബ്രസീല്‍ ക്വാര്‍ട്ടറിലെത്തി. നെയ്മര്‍ മുന്നില്‍ നിന്ന് പടനയിച്ച മത്സത്തില്‍ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് മെക്സിക്കന്‍ പോരാട്ടവീര്യത്തെ കാനറകള്‍ തകര്‍ത്തത്. മത്സരത്തിന്‍റെ 51 ാം മിനിട്ടില്‍ നെയ്മറും 88 ാം മിനിട്ടില്‍ ഫിര്‍മിനോയുമാണ് ബ്രസീലിന്‍റെ വിജയഗോളുകള്‍ നേടിയത്.
ശക്തമായ ആക്രമണങ്ങളുമായി മെക്സിക്കോ തിരിച്ചടിക്കാന്‍ ശ്രമിച്ചെങ്കിലും ബ്രസീലിന്‍റെ പ്രതിരോധം ഉറച്ചകോട്ട തീര്‍ത്തു. അതിനിടയില്‍ നെയ്മറും സംഘവും തുടരെ ആക്രമണങ്ങള്‍ അഴിച്ചു വിടുകയും ചെയ്തു. ഒടുവില്‍ പകരക്കാരനായിറങ്ങിയ. ഫിര്‍മിനോ 88 ാം മിനിട്ടില്‍ മെക്സിക്കോയ്ക്ക് രണ്ടാം പ്രഹരവും നല്‍കി. മെക്സിക്കന്‍ ആക്രമണത്തിനിടയില്‍ ഗംഭീര കൗണ്ടർ അറ്റാക്കിലൂടെയാണ് നെയ്മറും സംഘവും രണ്ടാം വട്ടവും വലകുലുക്കിയത്. നെയ്മര്‍ നീട്ടി നല്‍കിയ പാസ് ഫിർമീനോ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു.
മെക്സിക്കോ പ്രീ ക്വാര്‍ട്ടറിന്‍റെ ആദ്യ പകുതി സമനിലയിലായിരുന്നു. ഇരു ടീമുകളും ആക്രമണ ഫുട്ബോളിന്‍റെ സുന്ദര നിമിഷങ്ങള്‍ കാട്ടി തന്ന ആദ്യ പകുതിയില്‍ ഗോള്‍ പിറക്കാത്തത് മാത്രമായിരുന്നു നിരാശ. ബ്രസീലിയന്‍ ബോക്സില്‍ തുടര്‍ച്ചയായ ആക്രമണങ്ങള്‍ അഴിച്ചുവിട്ട മെക്സ്സിക്കോയാണ് മികച്ചു നിന്നതെങ്കിലും നെയ്മറിന്‍റെ നേതൃത്വത്തില്‍ ശക്തമായ പ്രത്യാക്രമണം നടത്താന്‍ ബ്രസീലിനായിരുന്നു.