ബന്തിയോട്(www.mediavisionnews.in): ഒരു കാലത്ത് പ്രതാപം നില നിർത്തിയിരുന്ന ഹേരൂർ മീപിരി സ്കൂൾ ഇന്ന് അവഗണനയുടെ ഭാരം പേറി ആഴിയിലേക്കു മുങ്ങിതാവുകയാണ്.
1974 ൽ ആരംഭിച്ച ഈ സ്കൂൾ 1984 ലാണ് വൊക്കേഷണൽ ഹയർ സെകണ്ടറിയായി ഉയർത്തപ്പെട്ടത്. തൊട്ടടുത്തൊന്നും മലയാളം മീഡിയം ഹയർ സെക്കണ്ടറി വി.എച്.എസ്.ഇ ഇല്ലാതാനും, ആയിരത്തിലധികം കുട്ടികൾ പഠിച്ചിരുന്ന ഒരു പ്രതാപകാലം ഈ സ്കൂളിനുണ്ടായിരുന്നെങ്കിലും, സ്ഥിരമായ അദ്ധ്യാപക നിയമനമില്ലായ്മയും, സ്കൂളിലെ അസൗകര്യങ്ങളും കാരണം പല രക്ഷിതാക്കളും കുട്ടികളെ മറ്റു സ്കൂളുകളിലേക്ക് മാറ്റി ചേർക്കാൻ നിമിത്തമായി.
സ്കൂളിൽ നിന്നും ഒരുപാട് അകലെയാണ് മൂത്രപ്പുര സ്ഥിതി ചെയ്യുന്നത്. ഇതു കാരണം മിക്ക പെൺകുട്ടികളും ശുചി മുറി ഉപയോഗിക്കാറില്ല. മാത്രമല്ല കുട്ടികളുടെ എണ്ണത്തിനനുസരിച്ചുള്ള ശുചിമുറികളും ഇവിടെയില്ല. പത്ത് വർഷം മുമ്പ് സ്കൂളിനു അനുവദിച്ച ലാബ് ആണെങ്കിൽ സാമഗ്രികളൊക്കെ തുരുമ്പെടുത്ത അവസ്ഥയിലാണ്.
ശക്തമായ ഒരു കാറ്റടിച്ചാൽ നിലംപൊത്താൻ തയ്യാറായി നിൽക്കുന്ന ഒരു കെട്ടിടമാണ് സ്കൂളിനുള്ളത്. വർഷാവർഷം പഞ്ചായത്തിൽ നിന്നുള്ള എൻജിനീയർ വന്നു ഫിറ്റ്നസ് സർട്ടിഫിക്കറ്റു നൽകുന്നത് എവിടെ നോക്കിയാണെന്നറിയില്ലെന്നു നാട്ടുകാർ പറയുന്നു.
കഴുക്കോലുകൾക്കും, പട്ടികക്കും ചിലയിടങ്ങളിൽ പൊട്ടൽ കാണുന്നു. ഓടിലാണെങ്കിൽ പാഴ്ച്ചെടികൾ പടർന്നു പിടിച്ചു പന്തലിച്ചു. നിലം പൊത്താൻ കാറ്റിനെ പ്രതീക്ഷിച്ചു ഒരുകുഞ്ഞു കഞ്ഞിപ്പുരയും ഇവിടെയുണ്ട്. വിറകടുപ്പായതിനാൽ ഭക്ഷണം പാകം ചെയ്‌താൽ പുക പോകുന്നത് നേരെ ക്ലാസ്സിലേക്കാണ്. ഇടുങ്ങിയതായതിനാൽ പാചകപ്പുരയിൽ കയറാനും ബുദ്ധിമുട്ടാണ്.
സ്കൂളിന്റെ ജനലയും, വാതിലുമൊക്കെ കാലപ്പഴക്കത്താൽ ചിതലരിച്ചു മണ്ണായി മാറി. കാസറഗോഡ് കളക്ടർ മാറിപ്പോകുന്നതിനു മുമ്പ് അദ്ദേഹത്തിന്റെ ശ്രദ്ധയിൽ ഈ കാര്യങ്ങളൊക്കെ പെടുത്തിയെങ്കിലും ഒരു നടപടിയുമായില്ല. ബ്ലോക്ക് പഞ്ചായത്തടക്കമുള്ള അധികാരികളോടും എല്ലാ കാര്യങ്ങളും മുറപോലെ പറയാറുണ്ടെങ്കിലും സർക്കാർ കാര്യം മുറ പോലെ എന്ന മറ്റുതന്നെയാണ് ഇവിടെയും.
ഒന്ന് പെയിന്റ് ചെയ്തു ആകർഷണീയമാക്കിയാൽ കുട്ടികളെ ഇങ്ങോട്ട് ആകർഷിക്കാൻ കഴിയുമെന്ന് പി.ടി.എ ഭാരവാഹികൾ പറയുന്നു. പഴയ പ്രതാപം വീണ്ടുടുക്കാനുള്ള ശ്രമത്തിലാണ് അധ്യാപകരും നാട്ടുകാരും. തങ്ങൾക്കു അസൗകര്യമാണെങ്കിലും ഇനി വരുന്ന കുട്ടികൾക്കെങ്ങിലും, നല്ല അന്തരീക്ഷമുള്ള ഒരു വിദ്യാലയം ലഭിക്കട്ടെ എന്ന പ്രാർത്ഥനയിലാണ് ഇവിടത്തെ വിദ്യാർത്ഥികൾ.