ഉപ്പള: മീഞ്ച പഞ്ചായത്തിലെ നാലാം വാർഡിൽ കല്ലുവെട്ടു മാഫിയ അഴിഞ്ഞാടുന്നതായി നാട്ടുകാർക്ക് പരാതി. അന്യ സംസ്ഥാനത്തുനിന്നും തൊഴിലാളികളെയും, വാഹനവും കൊണ്ടുവന്നു അനധികൃതമായി കല്ല് വെട്ടി അന്യ സംസ്ഥാനത്തേക്കു കടത്തുന്നത് .
ഭൂരഹിതർക്ക് സർക്കാർ പതിച്ചു നൽകിയ മൂന്നു സെന്റ് ഭൂമികളിൽ നിന്നാണ് മാഫിയകൾ കല്ല് വെട്ടുന്നത്. ഇത് നാട്ടുകാർക്കും പരിസരവാസികൾക്കും ഭീഷണിയായപ്പോളാണ് പരാതിയുമായി നാട്ടുകാർ വന്നത്.
ഇവിടത്തെ നാട്ടുകാർ സ്ഥിരമായി കാൽനട യാത്രക്ക് ഉപയോഗിച്ചിരുന്ന സ്ഥലത്തു നിന്നും കല്ല് വെട്ടാൻ തുടങ്ങിയത് മൂലം നടക്കാൻ വഴിയില്ലാതായി. യന്ത്രമുപയോഗിച്ചു കല്ല് വെട്ടുന്നതിനാൽ സമീപ വീടുകളിലെ ഭക്ഷണത്തിലും, വസ്ത്രത്തിലുമൊക്കെ മണ്ണും, പൊടിയും പുരളുന്നു. പരാതി കൊടുത്താൽ കൊല്ലുമെന്ന് മാഫിയ ഭീഷണിപ്പെടുത്തുന്നതായും നാട്ടുകാർ പറയുന്നു.
ദിവസേന അൻപതു ലോഡ് കല്ലുകൾ ഇവിടെ നിന്നും അന്യ സംസ്ഥാനത്തേക്ക് കടത്തുന്നതായും പറയുന്നു. ജിയോളജി ഉദ്യോഗസ്ഥർ വാഹനത്തിൽ നിന്നും ഇറങ്ങാതെയും, സ്ഥലം കാണാതെയുമാണ് ഇവർക്ക് കല്ല് ഖനനം ചെയ്യാൻ അനുവാദം നൽകിയതെന്നും നാട്ടുകാർ പറയുന്നു.
കല്ലുവെട്ടു നിർത്തിവെക്കും വരെ ജനങ്ങളെ അണിനിരത്തി സമരം ചെയ്യാനാണ് നാട്ടുകാരുടെ തീരുമാനം.