മാനത്ത് പ്രതിഭാസ വിരുന്ന്; ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ചന്ദ്രഗ്രഹണം ഇന്ന്

0
167

ന്യൂദല്‍ഹി (www.mediavisionnews.in):ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ചന്ദ്രഗ്രഹണം ഇന്ന്. രാത്രി 10.42 ന് ആരംഭിക്കുന്ന ഗ്രഹണം ശനിയാഴ്ച പുലര്‍ച്ചെ വരെ നീളും. ഇന്ത്യയില്‍ ഉള്‍പ്പെടെ ലോകത്തിന്റെ ഏകദേശം എല്ലാ ഭാഗങ്ങളിലും ഗ്രഹണം ദൃശ്യമാകും. കിഴക്കന്‍ ആഫ്രിക്ക, മിഡില്‍ ഈസ്റ്റ്, യൂറോപ്പിന്റെയും ഏഷ്യയുടെയും ചില ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ ‘റെഡ് മൂണ്‍’ ഏറ്റവും ഭംഗിയായി കാണാം സാധിക്കുമെന്നാണ് വിലയിരുത്തല്‍.

ഇന്ത്യയില്‍ ഡല്‍ഹിയില്‍ ഇന്ന് രാത്രി 10.44നു ചന്ദ്രഗ്രഹണം ആരംഭിക്കും. 11.54ന് ഭാഗിക ഗ്രഹണം ദൃശ്യമാകും. അര്‍ധരാത്രി ഒരു മണിയോടെ സൂര്യപ്രകാശത്തെ പൂര്‍ണമായും ഭൂമി മറച്ച് സമ്പൂര്‍ണ ചന്ദ്രഗ്രഹണക്കാഴ്ചയും നമുക്കു മുന്നിലെത്തും. പുലര്‍ച്ചെ 1.51നായിരിക്കും ഗ്രഹണത്തെ ഏറ്റവും പൂര്‍ണതയോടെ കാണാന്‍ സാധിക്കുക. 2.43ന് ഇത് അവസാനിക്കുകയും ചെയ്യും. സമ്പൂര്‍ണ്ണ ഗ്രഹണം രണ്ട് മണിക്കൂറോളം ഉണ്ടാകും. ഭാഗിക ഗ്രഹണം പിന്നാലെ 28നു പുലര്‍ച്ചെ 3.49നു വീണ്ടും സംഭവിക്കും, 4.58ന് അവസാനിക്കും.

15 വര്‍ഷങ്ങള്‍ക്കുശേഷം ചൊവ്വ ഭൂമിയോട് ഏറ്റവും അടുത്തു വരുന്നതിനും വരും ദിവസങ്ങള്‍ സാക്ഷ്യംവഹിക്കും. ചൊവ്വ ഗ്രഹത്തെ കൂടുതല്‍ വലുപ്പത്തിലും തിളക്കത്തിലും കാണാന്‍ ഇന്നു മുതല്‍ സാധിക്കും. ജൂലൈ 31നു ഭൂമിയോട് ഏറ്റവുമടുത്ത നിലയില്‍ ചൊവ്വയെത്തും. 57.6 ദശലക്ഷം കിലോമീറ്ററാകും അന്നു ഭൂമിയും ചൊവ്വയും തമ്മിലുള്ള അകലം.

ചന്ദ്രഗ്രഹണം ദൃശ്യമാകുന്ന സമയങ്ങളില്‍ ഭൂമിയില്‍ ചില മാറ്റങ്ങള്‍ക്ക് കാരണമായേക്കുമെന്നും മുന്നറയിപ്പുണ്ട്. ശക്തമായ തിരമാലകള്‍ക്ക് സാധ്യതയുണ്ടെന്ന് ദുരന്തനിവരണ അതോറിറ്റി നേരത്തെ അറിയിച്ചിട്ടുണ്ട്. കൂടാതെ ലോകത്തിന്റെ ചില ഭാഗങ്ങളില്‍ നേരിയ ഭൂചലനത്തിനു സാധ്യതയുണ്ടെന്നാണ് ശാസ്ത്രനിരീക്ഷകരുടെ മുന്നറിയിപ്പ്. പൂര്‍ണചന്ദ്രന്‍ പ്രത്യക്ഷപ്പെടുന്ന ദിവസങ്ങളില്‍ കടലിനെ സൂക്ഷിക്കണം. കടല്‍ ഉള്‍വലിയാനും തിരിച്ചു കരയിലേക്ക് അടിച്ചുകയറാനും സാധ്യതയുണ്ട്. അടുത്ത പൂര്‍ണ ചന്ദ്രഗ്രഹണം 2025 സെപ്റ്റംബര്‍ ഏഴിനാണ് സംഭവിക്കുക.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ

LEAVE A REPLY

Please enter your comment!
Please enter your name here