മഴകനത്തു ഇടുക്കി ഡാം നിറഞ്ഞു; 26 വര്‍ഷങ്ങള്‍ക്കു ശേഷം തുറക്കാനൊരുങ്ങി ചെറുതോണി; ജാഗ്രതാ നിര്‍ദ്ദേശം

0
126

ഇടുക്കി (www.mediavisionnews.in): കനത്ത മഴയില്‍ ഇടുക്കി ഡാമിലെ ജലനിരപ്പ് ഉയര്‍ന്നതോടെ ഡാമിന്റെ ഭാഗമായ ചെറുതോണിയിലെ ഷട്ടര്‍ തുറക്കാന്‍ ജലസേചന വകുപ്പിന്റെ തീരുമാനം. ഡാമിന്റെ ജലനിരപ്പ് ഇപ്പോള്‍ 2393 അടിയായി ഉയര്‍ന്നിട്ടുണ്ട്. 2400 അടിയിലെത്തിയാല്‍ ഡാം തുറക്കും. നീരൊഴുക്ക് കൂടിയതിനാല്‍ ഡാം തുറക്കാതെ വേറെ വഴിയില്ലാത്തിനാല്‍ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

ജലനിരപ്പ് 2395 അടിയിലെത്തുമ്പോള്‍ കെഎസ്ഇബി രണ്ടാമത്തെ ജാഗ്രതാ നിര്‍ദേശമായ ഓറഞ്ച് അലര്‍ട്ട് നല്‍കും. ആദ്യ ജാഗ്രതാ നിര്‍േദശം വ്യാഴാഴ്ച നല്‍കിയിരുന്നു. സംഭരണശേഷിയുടെ 87.34 ശതമാനം വെള്ളം ഇപ്പോള്‍ അണക്കെട്ടിലുണ്ട്. കഴിഞ്ഞ വര്‍ഷം ഇതേ ദിവസം ഇടുക്കി ഡാമില്‍ 2319.08 അടിവെള്ളം ഉണ്ടായിരുന്നു.

മഴ തുടര്‍ന്നാല്‍ ഇടുക്കിക്കു പുറമേ ശബരിഗിരി, ഇടമലയാര്‍ ജലവൈദ്യുത നിലയങ്ങളുടെ സംഭരണികളും വൈകാതെ തുറന്നുവിടുമെന്നാണ് സൂചന. 26 വര്‍ഷത്തിനു ശേഷമാണ് ഇടുക്കി ഡാം തുറക്കുക. 1981, 1992 വര്‍ഷങ്ങളില്‍ തുറന്നിരുന്നു. 1981 ഒക്ടോബര്‍ 29 നും 1992 ഒക്ടോബര്‍ 12 നുമാണ് ഇടുക്കി അണക്കെട്ട് പൂര്‍ണമായും നിറഞ്ഞത്. ചെറുതോണി അണക്കെട്ടിന്റെ അഞ്ചു ഷട്ടറുകളും 1981 ല്‍ തുറന്നിരുന്നു. രാവിലെ ഒന്‍പതോടെ അണക്കെട്ടു തുറന്നു രണ്ടു മണിക്കൂറിനു ശേഷം ഷട്ടര്‍ താഴ്ത്തി. വൈകിട്ട് നാലു മണിയോടെ വീണ്ടും തുറന്നു. 1981 ല്‍ ആകെ 15 ദിവസമാണ് അണക്കെട്ടിന്റെ ഷട്ടര്‍ തുറന്നിട്ടത്.

ഇടുക്കി ഡാമിലെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്ന സാഹചര്യത്തില്‍ മുന്നൊരുക്കങ്ങള്‍ സംബന്ധിച്ച് തീരുമാനങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് അടിയന്തര യോഗം കലക്ടറേറ്റില്‍ നടക്കുകയാണ്. റവന്യൂ, കെഎസ്ഇബി, ജലസേചനം എന്നീ വകുപ്പുകളുടെ യോഗങ്ങള്‍ക്ക് പുറമെ ദുരന്തനിവാരണ അതോറിറ്റിയുടെ യോഗവും ജില്ലാ കലക്ടര്‍ ഇന്ന് വിളിച്ചു ചേര്‍ത്തിട്ടുണ്ട്.

 

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ

LEAVE A REPLY

Please enter your comment!
Please enter your name here