ബൂം ബൂം അഫ്രീദിയ്ക്ക് ഭീഷണിയായി ഗെയിലാട്ടം; സിക്‌സറുകളുടെ എണ്ണത്തില്‍ ഗെയ്ല്‍ ലോകറെക്കോഡിനൊപ്പം

0
142

സെന്റ് കീറ്റ്‌സ് (www.mediavisionnews.in): അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സിക്‌സ് നേടിയവരുടെ പട്ടികയില്‍ വിന്‍ഡീസ് താരം ക്രിസ് ഗെയ്ല്‍ ലോകറെക്കോഡിനൊപ്പം. പാകിസ്താന്റെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ഷാഹിദ് അഫ്രീദിയുടെ 476 സിക്‌സ് എന്ന റെക്കോഡിനൊപ്പമാണ് ഗെയ്ല്‍.

ബംഗ്ലാദേശിനെതിരായ മൂന്നാം ഏകദിനത്തിലായിരുന്നു ഗെയ്‌ലിന്റെ തകര്‍പ്പന്‍ പ്രകടനം. 66 പന്തില്‍ അഞ്ച് സിക്‌സറടക്കം 73 റണ്‍സാണ് വിന്‍ഡീസ് ഓപ്പണര്‍ കുറിച്ചത്. ഗെയ്‌ലിന്റെയും പവലിന്റെയും മികവില്‍ 18 റണ്‍സിനാണ് വിന്‍ഡീസ്, ബംഗ്ലാദേശിനെ തോല്‍പ്പിച്ചത്. ഇതോടെ പരമ്പര 2-1 ന് കരീബിയന്‍ ടീം സ്വന്തമാക്കി.

524 മത്സരത്തില്‍ നിന്നാണ് അഫ്രീദി 476 സിക്‌സ് നേടിയത്. എന്നാല്‍ വെറും 443 മത്സരങ്ങളില്‍ നിന്നാണ് ഗെയ്ല്‍ ഈ നേട്ടത്തിലെത്തിയത്. ഏകദിനത്തില്‍ 275, ടി-20യില്‍ 103, ടെസ്റ്റില്‍ 98 എന്നിങ്ങനെയാണ് ഗെയ്‌ലിന്റെ അക്കൗണ്ടിലുള്ളത്. ഏകദിനത്തില്‍ 351 സിക്‌സും ടി-20യില്‍ 73 ഉം, ടെസ്റ്റില്‍ 52 ഉം സിക്‌സുകളാണ് അഫ്രീദിയുടെ റെക്കോഡ് ബുക്കിലുള്ളത്.

ആഗസ്റ്റ് 1 ന് ബംഗ്ലാദേശിനെതിരെ വിന്‍ഡീസിന് ടി-20 പരമ്പര ആരംഭിക്കുമെന്നതിനാല്‍ ഗെയ്ല്‍ റെക്കോഡ് ഒറ്റയ്ക്ക് സ്വന്തമാക്കുമെന്നുറപ്പാണ്.

ആദ്യ അഞ്ചില്‍ ഇന്ത്യന്‍ താരം മഹേന്ദ്രസിംഗ് ധോണി മാത്രമാണ് നിലവില്‍ ക്രിക്കറ്റ് കളിക്കുന്നവരുടെ പട്ടികയിലുള്ളത്. 504 മത്സരങ്ങളില്‍ 342 സിക്‌സാണ് ഇന്ത്യന്‍ മുന്‍ നായകന്റെ സമ്പാദ്യം. 291 സിക്‌സുമായി ഏഴാം സ്ഥാനത്തുള്ള രോഹിത് ശര്‍മ്മയും 264 സിക്‌സുമായി സച്ചിന്‍ ടെന്‍ഡുല്‍ക്കറുമാണ് ആദ്യ പത്തിലെ മറ്റ് ഇന്ത്യന്‍ താരങ്ങള്‍.

LEAVE A REPLY

Please enter your comment!
Please enter your name here