ബിജെപിക്ക് തിരിച്ചടി; അവിശ്വാസ പ്രമേയ വോട്ടെടുപ്പില്‍ നിന്ന് ശിവസേന വിട്ടുനില്‍ക്കും

0
170

ന്യൂഡല്‍ഹി (www.mediavisionnews.in): ബിജെപിക്ക് തിരിച്ചടിയായി ശിവസേന അവിശ്വാസ പ്രമേയ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കും. വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ശിവസേന തീരുമാനിച്ചു.

ഇന്നലെ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഉദ്ദവ് താക്കറെയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അതിന് ശേഷം സര്‍ക്കാരിനുള്ള പിന്തുണ ഉറപ്പാക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ മലക്കം മറിഞ്ഞിരിക്കുകയാണ് ശിവസേന.

ശിവസേനയും പ്രതിപക്ഷത്ത് നിന്ന് അണ്ണാ ഡിഎംകെയും പിന്തുണ നൽകുമെന്നുറപ്പുള്ളതിനാൽ അവിശ്വാസപ്രമേയം യാതൊരു പ്രതിസന്ധിയും സൃഷ്‌ടിക്കില്ലെന്ന ആത്മവിശ്വാസത്തിലായിരുന്നു കേന്ദ്ര സർക്കാർ. എന്നാൽ അപ്രതീക്ഷിതമായാണ് ശിവസേനയുടെ മലക്കംമറിച്ചില്‍. ഇതിന് പുറമെ ശിവസേന മുഖപ്രസംഗമായ സാംമ്‌നയിൽ ബിജെപിയെ രൂക്ഷമായ ഭാഷയിലാണ് വിമർശിച്ചിരിക്കുന്നത്. ഇത് ശിവസേന പ്രതിപക്ഷ ചേരിയിലേക്ക് പോകുന്നതിന്റെ സൂചനയാണെന്നാണ് രാഷ്ട്രീയ വിലയിരുത്തൽ. ശിവസേന വിരുദ്ധരായ ചിലരെ എൻഡിഎ ചേരിയിലേക്ക് കൊണ്ടുവരുന്നതിൽ പ്രതിഷേധിച്ചാണ് ഉദ്ദവ് താക്കറെയുടെ നിർണായക നീക്കം.

അവിശ്വാസ പ്രമേയത്തിൽ പിന്തുണ നൽകണമെന്ന് ബി.ജെ.പി അദ്ധ്യക്ഷൻ അമിത് ഷാ ആവശ്യപ്പെട്ടത് അനുസരിച്ച് കഴിഞ്ഞ ദിവസം തന്നെ ശിവസേന എം.പിമാർക്ക് വിപ്പ് നൽകിയിരുന്നു. 19,20 ദിവസങ്ങളിൽ ഉറപ്പായും പാർലമെന്റിൽ ഉണ്ടായിരിക്കണമെന്നാണ് വിപ്പിൽ പറഞ്ഞിരുന്നത്. കേന്ദ്രസർക്കാരിന് അനുകൂലമായി വോട്ട് ചെയ്യണമെന്ന് എം.പിമാരോട് ഉദ്ദവ് താക്കറെ നേരിട്ട് ആവശ്യപ്പെടുകയും ചെയ്‌തിരുന്നു.  അതേസമയം, പ്രതിപക്ഷത്തിന് അനുകൂലമായി വോട്ട് ചെയ്യാൻ ശിവസേന തയ്യാറാകില്ലെന്നും വോട്ടെടുപ്പിൽ പങ്കെടുക്കാതെ മാറി നിൽക്കാനാണ് സാധ്യതയെന്നുമാണ് റിപ്പോർട്ടുകൾ.

LEAVE A REPLY

Please enter your comment!
Please enter your name here