ന്യൂദല്‍ഹി (www.mediavisionnews.in): ബാബറി മസ്ജിദ് വിഷയത്തില്‍ ഹിന്ദുക്കള്‍ താലിബാനെപ്പോലെ പെരുമാറിയെന്ന് മുതിര്‍ന്ന അഭിഭാകഷകന്‍ രാജീവ് ധവാന്‍. ബാബറി മസ്ജിദ്-അയോദ്ധ്യ തര്‍ക്കത്തിലെ പരാതിക്കാരിലൊരാളായ എം.സിദ്ധീഖിനു വേണ്ടി സുപ്രീം കോടതിയില്‍ വാദിക്കവേയാണ് ഡിസംബര്‍ ആറിനു നടന്നത് തീവ്രവാദപ്രവര്‍ത്തനമാണെന്നും ഹിന്ദുക്കള്‍ താലിബാനെപ്പോലെ പ്രവര്‍ത്തിച്ചുവെന്നും ധവാന്‍ പ്രസ്താവിച്ചത്. കേസില്‍ ഇന്ന് സുപ്രീം കോടതി വാദം കേള്‍ക്കാനാരംഭിച്ചിരുന്നു.
ബാബറി മസ്ജിദ് തകര്‍ത്തത് ഹിന്ദു താലിബാനാണെന്ന പ്രസ്താവനയും ധവാന്‍ നടത്തിയിരുന്നു. അഫ്ഗാനിസ്ഥാനിലെ ബാമിയാനില്‍ താലിബാന്‍ ബുദ്ധപ്രതിമകള്‍ നശിപ്പിച്ചതിനു തുല്യമാണ് അയോദ്ധ്യയില്‍ നടന്ന സംഭവങ്ങളെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ധവാന്റെ പ്രസ്താവനയ്‌ക്കെതിരെ വലിയ തോതിലുള്ള പ്രതിഷേധങ്ങളാണ് കോടതിയ്ക്കകത്തുനിന്നു തന്നെ ഉണ്ടായത്. ഹിന്ദുക്കളെയൊന്നാകെ താലിബാനുമായി താരതമ്യം ചെയ്യുന്നത് തെറ്റായ നടപടിയാണെന്ന് ഒരു സംഘം അഭിഭാഷകര്‍ വാദിച്ചപ്പോള്‍ മസ്ജിദ് തകര്‍ത്തവരെക്കുറിച്ചു മാത്രമാണ് താന്‍ സംസാരിക്കുന്നതെന്നായിരുന്നു ധവാന്റെ വിശദീകരണം.
പ്രതിഷേധം കടുത്തതോടെ, ഇത്തരം താരതമ്യങ്ങള്‍ കോടതിക്കു പുറത്തുവച്ചു നടത്തിയാല്‍ മതിയെന്നു പറഞ്ഞുകൊണ്ട് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഇടപെടുകയായിരുന്നു. തീവ്രവാദം എന്ന വാക്കുപയോഗിച്ചത് തെറ്റായ സാഹചര്യത്തിലാണെന്ന ബെഞ്ചിന്റെ വാദത്തോട്, മസ്ജിദ് തകര്‍ത്ത പ്രവൃത്തി തീവ്രവാദം തന്നെയാണെന്ന വാദത്തിലുറച്ചുകൊണ്ടാണ് ധവാന്‍ പ്രതികരിച്ചത്.
ഹിന്ദു താലിബാനാണ് മസ്ജിദ് തകര്‍ത്തതെന്ന പ്രസ്താവന ധവാന്‍ ആവര്‍ത്തിക്കുകയും, ക്ഷുഭിതരായ അഭിഭാഷകര്‍ ‘നിങ്ങള്‍ ക്ഷേത്രങ്ങളും തകര്‍ത്തിട്ടുണ്ടെ’ന്നു പറഞ്ഞ് ബഹളം വയ്ക്കുകയുമായിരുന്നു. ഹിന്ദു താലിബാനെന്ന പരാമര്‍ശം ഉപയോഗിക്കരുതെന്ന് ഇതേത്തുടര്‍ന്ന് ചീഫ് ജസ്റ്റിസ് ധവാനു നിര്‍ദ്ദേശം നല്‍കി.
ചീഫ് ജസ്റ്റിസിനൊപ്പം അശോക് ഭൂഷണും അബ്ദുല്‍ നസീറുമടങ്ങുന്ന ബെഞ്ചാണ് കേസില്‍ വാദം കേള്‍ക്കുന്നത്. വിഷയത്തില്‍ ഒത്തുതീര്‍പ്പിന് തയ്യാറാണെന്ന് ഷിയാ വഖഫ് ബോര്‍ഡ് നേരത്തേ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ബാബറി മസ്ജിദിന്റെ മേല്‍നോട്ടക്കാര്‍ ഷിയാ-സുന്നി വഖഫ് ബോര്‍ഡ് ആണെന്നും ഇന്ത്യയിലെ മുസ്‌ലീങ്ങളെ പ്രതിനിധീകരിക്കാന്‍ മറ്റാരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും ബോര്‍ഡ് ചൂണ്ടിക്കാട്ടിയിരുന്നു.