ബലാത്സംഗത്തിന് വധശിക്ഷ: ലൈംഗിക അതിക്രമത്തിന് കുറഞ്ഞത് 20 വര്‍ഷം തടവ്: സുപ്രധാന ബില്‍ ലോകസഭ പാസാക്കി

0
138

ന്യൂദല്‍ഹി(www.mediavisionnews.in):12 വയസില്‍ താഴെയുള്ള കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ വരെ നല്‍കാവുന്ന ബില്ല് ലോക്സഭ ഐകകണ്‌ഠ്യേന പാസാക്കി. രാജ്യത്തെ പിടിച്ചുലച്ച കത്വ, ഉന്നോവ ബലാത്സംഗകേസുകളാണ് സര്‍ക്കാരിനെ പുതിയ ബില്‍ കൊണ്ടുവരുന്നതിലെത്തിച്ചത്. പന്ത്രണ്ട് വയസില്‍ താഴെയുള്ള കുഞ്ഞുങ്ങളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ ഉറപ്പ് വരുത്തുമെന്ന് കേന്ദ്ര വനിതാ ശിശുക്ഷേമമന്ത്രി മനേക ഗാന്ധി നേരത്തെ വ്യക്തമാക്കിയിരുന്നു.

കൂട്ടബലാത്സംഗത്തിന് കുറഞ്ഞത് ജീവപര്യന്തവും 16 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗിക അതിക്രമത്തിന് കുറഞ്ഞത് 20 വര്‍ഷം തടവും ശിക്ഷയായി വിധിക്കാമെന്നും ക്രിമിനല്‍ കുറ്റ നിയമ ഭേദഗതി ബില്ലിലുണ്ട്. രാജ്യത്തെ പ്രായപൂര്‍ത്തിയാവാത്ത കുട്ടികളുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് ബില്‍ കൊണ്ടുവന്നതെന്ന് കേന്ദ്ര സഹമന്ത്രി കിരണ്‍ റിജ്ജു വ്യക്തമാക്കി. ഏപ്രിൽ 21നു കൊണ്ടുവന്ന ക്രിമിനൽ ലോ (അമെൻഡ്മെന്റ്) ഓർഡിനൻസിനു പകരമായാണ് ബിൽ അവതരിപ്പിച്ചത്.

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികള്‍ക്ക് നേരെയുണ്ടാകുന്ന ലൈംഗിക അതിക്രമണങ്ങളുമായി ബന്ധപ്പെട്ട കേസുകളും വിചാരണയും പെട്ടെന്ന് തീര്‍പ്പാക്കാനും ബില്ലില്‍ നിര്‍ദ്ദേശമുണ്ട്. രണ്ട് മാസത്തിനുള്ളില്‍ കേസ് അന്വേഷണം പൂര്‍ത്തിയാക്കണമെന്നാണ് നിര്‍ദ്ദേശം. 16 വയസില്‍ താഴെയുള്ള കുട്ടികളെ ഒറ്റക്കോ കൂട്ടമായോ ബലാത്സംഗം ചെയ്തുവെന്ന് ആരോപിക്കപ്പെടുന്നവര്‍ക്ക് മുന്‍കൂര്‍ ജാമ്യവും ലഭിക്കാത്ത രീതിയിലുള്ള ചട്ടമാണ് ബില്ലിലുള്ളത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ

LEAVE A REPLY

Please enter your comment!
Please enter your name here