യുഎഇ (www.mediavisionnews.in): യുഎഇയില്‍ മൂന്നു മാസം നീളുന്ന പൊതുമാപ്പ് ആരംഭിക്കാന്‍ ഒരാഴ്ച ബാക്കിനില്‍ക്കെ ഊര്‍ജിത നടപടികളുമായി ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്‍റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ്. ഓഗസ്റ്റ് ഒന്നു മുതല്‍ ഒക്ടോബര്‍ 31 വരെ മൂന്നു മാസ കാലയളവില്‍ നിയമലംഘകരായ വിദേശികള്‍ക്ക് ശിക്ഷയോ പിഴയോ കൂടാതെ രാജ്യം വിടാം. പൊതുമാപ്പ് ഉപയോഗപ്പെടുത്തി നാടുവിടുന്നവര്‍ക്ക് വീണ്ടും പുതിയ വീസയില്‍ രാജ്യത്ത് പ്രവേശിക്കാന്‍ അനുമതിയുണ്ടെന്ന് താമസകാര്യവിഭാഗം ജനറല്‍ ഡയറക്ടര്‍ ബ്രിഗേഡിയര്‍ സഈദ് റക്കന്‍ അല്‍ റഷീദ് പറഞ്ഞു.
സാധുതയുള്ള രേഖകള്‍ ഇല്ലാത്തവര്‍ ബന്ധപ്പെട്ട എംബസിയിലോ കോണ്‍സുലേറ്റിലോ പോയി ഔട്ട്പാസ് ശേഖരിച്ചാണ് എമിഗ്രേഷനില്‍ എത്തേണ്ടത്. ഇവിടെ റജിസ്റ്റര്‍ ചെയ്യുന്ന വിവരങ്ങള്‍ പരിശോധിച്ച ശേഷം രാജ്യം വിടാന്‍ ആഗ്രഹിക്കുന്ന അപേക്ഷകര്‍ക്ക് എക്സിറ്റ് പെര്‍മിറ്റ് നല്‍കും. ഇതോടെ വിമാന ടിക്കറ്റെടുത്ത് ഇവര്‍ക്ക് നാടുവിടാം.
അസുഖം മൂലം ആശുപത്രിയിലുള്ളവര്‍, പ്രായാധിക്യമോ പരുക്കോ മൂലം യാത്ര ചെയ്യാനാവാത്തവര്‍ എന്നിവര്‍ക്ക് പകരം ചുമതലപ്പെടുത്തിയ ആള്‍ എത്തിയാല്‍ മതിയാകും. പക്ഷേ ഇവര്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റോ ബന്ധപ്പെട്ട കോണ്‍സുലേറ്റില്‍നിന്നുള്ള കത്തോ ഹാജരാക്കണം. ഭര്‍ത്താവിന്‍റെ പേരില്‍ പൊലീസ് കേസോ ഭര്‍ത്താവ് എവിടെയാണെന്ന് അറിയാത്തതോ ആയ സന്ദര്‍ഭങ്ങളില്‍ ഭാര്യയ്ക്ക് പൊതുമാപ്പിനായി അധികൃതരെ സമീപിക്കാവുന്നതാണ്.
അടച്ചുപൂട്ടിയ കമ്പനിയുടെ വീസയിലുള്ളവര്‍ക്കും പൊതുമാപ്പ് ആനുകൂല്യം ലഭിക്കും. വിസാ കാലാവധി കഴിഞ്ഞതിന്‍റെ പേരില്‍ കേസ് നിലനില്‍ക്കുന്നവര്‍ക്ക് കോടതിയില്‍നിന്നുള്ള ക്ലിയറന്‍സ് ലഭിച്ചാല്‍ പൊതുമാപ്പിലൂടെ രാജ്യം വിടാം. മറ്റു നിയമ നടപടി നേരിടുന്നവര്‍ക്ക് അത് പൂര്‍ത്തിയാകാതെ രാജ്യം വിടാനാകില്ല.
താമസ കുടിയേറ്റ നിയമം ലംഘിച്ചവര്‍, തൊഴില്‍ തര്‍ക്കത്തില്‍പെട്ട് കഴിയുന്നവര്‍, ഗാര്‍ഹിക തൊഴിലാളികള്‍ എന്നിവര്‍ക്കാണ് പ്രധാനമായും പൊതുമാപ്പ് ആനുകൂല്യത്തിന് അര്‍ഹതയുള്ളത്. വിസാ കാലാവധി കഴിഞ്ഞും രാജ്യത്ത് തുടരുന്നവര്‍ക്കും തൊഴിലുടമയുമായി തര്‍ക്കത്തില്‍ ഏര്‍പെട്ട് കഴിയുന്നവര്‍ക്കും സ്പോണ്‍സറില്‍നിന്ന് ഒളിച്ചോടിയവര്‍ക്കും അനധികൃതമായി രാജ്യത്തേക്ക് നുഴഞ്ഞുകയറിയവര്‍ക്കും പദവി ശരിയാക്കാന്‍ അനുമതിയുണ്ട്. ഈയിനത്തില്‍ എത്ര വലിയ പിഴയാണെങ്കിലും അധികൃതര്‍ എഴുതിത്തള്ളും.