ന്യൂഡല്‍ഹി (www.mediavisionnews.in):പുതിയ വാഹനങ്ങള്‍ക്ക് ഇന്‍ഷൂറന്‍സ് ഇനി ഒരു വര്‍ഷത്തേക്ക് മാത്രം അടച്ചാല്‍ മതിയാകില്ല. പുതിയ കാറുകള്‍ക്ക് മൂന്നു വര്‍ഷത്തേയും ഇരുചക്ര വാഹനങ്ങള്‍ക്ക് അഞ്ചു വര്‍ഷത്തേയും തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കി സുപ്രീം കോടതി ഉത്തരവ്. ജസ്റ്റിസ് മദന്‍ ബി. ലോക്കൂര്‍, ജസ്റ്റിസ് ദീപക് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ചിന്റെതാണ് ഉത്തരവ്. ജസ്റ്റിസ് കെ.എസ്. രാധാകൃഷ്ണന്‍ അധ്യക്ഷനായി സുപ്രീം കോടതി നിയോഗിച്ച റോഡ് സുരക്ഷാ സമിതിയുടെ നിര്‍ദേശങ്ങള്‍ കൂടി പരിഗണിച്ചാണ് ഉത്തരവ്. അടുത്ത മാസം മുതല്‍ വില്‍ക്കുന്ന വാഹനങ്ങള്‍ക്ക് ഉത്തരവ് ബാധകമാകും.
റോഡ് സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാല്‍പര്യ ഹര്‍ജിയിലാണ് ഇപ്പോള്‍ ഉത്തരവുണ്ടായിരിക്കുന്നത്. രാജ്യത്തെ നിരത്തുകളില്‍ 18 കോടി വാഹനങ്ങളുണ്ടെന്നും, അതില്‍ ആറ് കോടി വാഹനങ്ങള്‍ക്ക് മാത്രമേ തേഡ് പാര്‍ട്ടി ഇന്‍ഷൂറന്‍സുള്ളതെന്നും കഴിഞ്ഞ മാര്‍ച്ചില്‍ ചേര്‍ന്ന റോഡ് സുരക്ഷാ സമിതി യോഗത്തില്‍ വിലയിരുത്തിയിരുന്നു.
വലിയ അപകടങ്ങളില്‍പ്പെട്ടവര്‍ക്കു പോലും നഷ്ടപരിഹാരം കിട്ടുന്നില്ലെന്ന വ്യാപക പരാതി ഉണ്ടാകുന്നതിനാല്‍, ഈ വിഷയത്തില്‍ ഐ.ആര്‍.ഡി.എ (ഇന്‍ഷൂറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡവലപ്‌മെന്റ് അതോറിറ്റി) ജനറല്‍ ഇന്‍ഷൂറന്‍സ് കൗണ്‍സില്‍, ഉപരിതല ഗതാഗത മന്ത്രാലയം, കേന്ദ്ര ധനമന്ത്രാലയം എന്നിവയുമായും ചര്‍ച്ച നടത്തുകയും ഇത്തരത്തില്‍ ഒരു നിര്‍ദേശം മുന്നോട്ട് വെയ്ക്കുകയും ചെയ്തത്.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.