ഡല്‍ഹി(www.mediavisionnews.in): പി.എസ് ശ്രീധരന്‍ പിള്ളയെ ബി.ജെ.പി സംസ്ഥാന അധ്യക്ഷനായി നിയമിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പ് വരെ ശ്രീധരന്‍ പിള്ളയെ അധ്യക്ഷനാക്കണമെന്ന് ആര്‍.എസ്.എസും നിലപാടെടുത്തിരുന്നു. ഇത് രണ്ടാം തവണയാണ് ശ്രീധരന്‍ പിള്ള ബി.ജെ.പി സംസ്ഥാന അധ്യക്ഷനാകുന്നത്. വി മുരളീധരന് ആന്ധ്രയുടെ ചുമതല നല്‍കും.
കെ. സുരേന്ദ്രന്‍, പി.കെ കൃഷ്ണദാസ്, എ.എന്‍ രാധാകൃഷ്ണന്‍, എം.ടി രമേശ് തുടങ്ങിയവരെ സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നെങ്കിലും അഭിപ്രായ ഭിന്നതയും ഗ്രൂപ്പിസവും തീരുമാനം വൈകിപ്പിക്കുകയായിരുന്നു. ഒടുവില്‍ വി മുരളീധരപക്ഷം ആവശ്യം ശക്തമാക്കിയതോടെ കെ. സുരേന്ദ്രനെ കേന്ദ്രീകരിച്ച് ചര്‍ച്ചകള്‍ സജീവമായി. പക്ഷേ ആര്‍.എസ്.എസ് എതിര്‍പ്പ് ശക്തമാക്കിയതോടെ കെ.സുരേന്ദ്രനെ അധ്യക്ഷനാക്കേണ്ടതില്ലെന്ന് അമിത്ഷാ അന്തിമ തീരുമാനമെടുത്തെന്ന് ബി.ജെ.പി വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. ഇതോടെ ഗ്രൂപ്പുകള്‍ക്കതീതനായ ശ്രീധരന്‍ പിള്ളക്ക് നറുക്ക് വീഴുകയായിരുന്നു.
ഡല്‍ഹിയിലുള്ള ശ്രീധരൻ പിള്ളയും ഒപ്പം പി.കെ കൃഷ്ണദാസും ഇന്ന് ദേശീയ സംഘടനാ സെക്രട്ടറി രാംലാലുമായി വിഷയത്തില്‍ ചർച്ച നടത്തി. 2003 മുതല്‍ 2006 വരെ ബി.ജെ.പി സംസ്ഥാന അധ്യക്ഷനായിരുന്ന ശ്രീധരന്‍പിള്ള കഴിഞ്ഞ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയുമായിരുന്നു.
അതിനിടെ കുമ്മനത്തെ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടക്കികൊണ്ടുവരുന്നത് സംബന്ധിച്ച തീരുമാനവും ഉടനുണ്ടാകുമെന്ന് ബി.ജെ.പി വൃത്തങ്ങള്‍ സൂചന നല്‍കി. കുമ്മനത്തെ മാറ്റിയതില്‍ ആര്‍.എസ്.എസിനുള്ള എതിര്‍പ്പ് ഇപ്പോഴും ശക്തമായി തുടരുകയാണ്.