രാജസ്ഥാന് (www.mediavisionnews.in): രാജ്യത്ത് പശുവിന്റെ പേരില്‍ വീണ്ടും കൊലപാതകം. രാജസ്ഥാനിലെ അല്‍വാറില്‍ പശുവിനെ കടത്തിയെന്നാരോപിച്ച് മുസ്ലിം യുവാവിനെ അടിച്ചു കൊന്നു. അക്ബര്‍ ഖാന് എന്നയാളെയാണ് പശുവിനെ കടത്തിയെന്നാരോപിച്ച് ആള്‍ക്കൂട്ടം തല്ലിക്കൊന്നത്. പശുവിന്റെ പേരിലുള്ള കൊലപാതകങ്ങള്‍ക്കെതിരേ സുപ്രീം കോടതിയടക്കം നിലപാട് ശക്തമാക്കിയിരിക്കുന്ന സാഹചര്യത്തിലാണ് രാജ്യത്തെ നടുക്കി വീണ്ടും കൊലപാതകം നടന്നത്.
ഹരിയാനയിലെ കൊല്ഗാവോണ് സ്വദേശിയായ അക്ബര്‍ ഖാനെ അല്വാരിലെ ലാലാവന്‍ഡി പ്രദേശത്ത് രണ്ട് പശുക്കളുമായി കണ്ടതാണ് ആള്‍ക്കൂട്ടം ഇയാളെ മര്‍ദ്ദിക്കാന്‍ കാരണമായത്. സംഭവ സ്ഥലത്ത് വെച്ച് തന്നെ ഇയാള്‍ കൊല്ലപ്പെട്ടു. ഒപ്പമുണ്ടായിരുന്നയാളെയും സംഘം ക്രൂരമായി മര്‍ദ്ദിച്ചു.
സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ പെഹ്ലു ഖാന് എന്ന യുവാവിനെയും ഗോരക്ഷ ഭീകരര്‍ ഈ പ്രദേശത്ത് വെച്ച് അടിച്ച് കൊന്നിരുന്നു.
ആള്‍ക്കൂട്ട കൊലപാതകങ്ങളെ കുറിച്ച് ഇന്നലെ വരെ ലോകസഭയില്‍ പരാമര്‍ശം ഉയര്‍ന്നിരുന്നു. അതാത് സംസ്ഥാനങ്ങളുടെ ഉത്തരവാദിത്വമാണ് ഇത്തരം കെലാപാതകങ്ങളെന്ന് പറഞ്ഞ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങിനെതിരേ കോണ്‍ഗ്രസില്‍ നിന്നടക്കം വിമര്‍ശനം നേരിട്ടിരുന്നു.