പച്ചപ്പതാക മാറ്റാന്‍ ഉദ്ദേശിക്കുന്നില്ല; പ്രചാരണം വസ്തുതാ വിരുദ്ധമെന്ന് മുസ്ലിം ലീഗ്

0
190

കോഴിക്കോട് (www.mediavisionnews.in): പാര്‍ടിയുടെ പതാക മാറ്റാന്‍ ഒരുങ്ങുന്നുവെന്ന പ്രചാരണം മുസ്ലിം ലീഗ് തള്ളി. പാര്‍ടിയുടെ ചരിത്രവും വ്യക്തിത്വവും പണയം വെച്ചുള്ള ഒരു മാറ്റത്തിനും തയ്യാറല്ലെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ് പറഞ്ഞു. അതിനിടെ യൂത്ത് ലീഗിന് പ്രത്യേക പതാക തയ്യാറാക്കാനുള്ള ആലോചനകള്‍ ആരംഭിച്ചു.

പച്ചയില്‍ അര്‍ധ ചന്ദ്രാങ്കിത നക്ഷത്ര ചിഹ്നമുള്ളതാണ് മുസ്ലിം ലീഗിന്‍റെ പതാക. ഈ പതാകയുമായി ഉത്തരേന്ത്യയില്‍ പ്രവര്‍ത്തിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന അഭിപ്രായം പാര്‍ടിയിലെ ചിലര്‍ക്കുണ്ട്. അതിനിടെയാണ് യുപിയിലെ ഷിയാ വഖഫ് ബോര്‍ഡ് അധ്യക്ഷനും സംഘപരിവാര്‍ സഹയാത്രികനുമായ വസീം റിസ് വി പച്ചപ്പതാക നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്. പച്ചപ്പതാക മാറ്റാന്‍ മുസ്ലിം ലീഗ് ആലോചിക്കുന്നുവെന്ന പ്രചാരണം പിറകെ വന്നു. എന്നാല്‍ പ്രചാരണം വസ്തുതാവിരുദ്ധമാണെന്ന് മുസ്ലിം ലീഗ് വിശദീകരിച്ചു.

മറ്റു യുവജന സംഘടനകള്‍ക്കുള്ളതു പോലെ യൂത്ത് ലീഗിന് പ്രത്യേക പതാക വേണമെന്ന ആവശ്യം ഏറെ കാലമായി സംഘടനയിലുണ്ട്. ഇക്കാര്യത്തില്‍ നിര്‍ദേശം സമര്‍പ്പിക്കാന്‍ യൂത്ത് ലീഗ് ദേശീയ എക്സിക്യുട്ടീവ്, ഉപസമിതിയെ നിയോഗിച്ചു. യൂത്ത് ലീഗിന്‍റെ യുവജന യാത്രയുടെ പ്രചരണ പരിപാടികളില്‍ നിന്ന് പച്ചനിറം ബോധപൂര്‍വ്വം ഒഴിവാക്കിയെന്ന് പാര്‍ടിയില്‍ ആക്ഷേപമുയര്‍ന്നിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here