നോട്ട് നിരോധന സമയത്ത് ഹൈദരാബാദിലെ വ്യാജകമ്പനി വെളുപ്പിച്ചെടുത്തത് 3178 കോടി രൂപയുടെ കളളപണം

0
127

ഹൈദരാബാദ് (www.mediavisionnews.in):  നോട്ട് നിരോധനത്തിന് പിന്നാലെ ഇന്ത്യയില്‍ ഉണ്ടായ വിവാദങ്ങളും അലയൊലികളും ഇതുവരെ അവസാനിച്ചിട്ടില്ല. ഇപ്പോഴിതാ നോട്ട് നിരോധന സമയത്ത് ഹൈദരാബാദിലെ ഒരു കമ്പനി വെളുപ്പിച്ചെടുത്തത് 3178 കോടി രൂപ എന്ന് കണ്ടെത്തല്‍. ഇറഗഡ്ഡ ആസ്ഥാനമായിട്ടുള്ള ഡ്രീംലൈന്‍ മാന്‍പവ്വര്‍ സൊല്യൂഷന്‍സ് എന്ന പേരിലാണ് കമ്പനി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എന്നാല്‍, ആ പേരിലൊരു കമ്പനി അവിടെ പ്രവര്‍ത്തിച്ചിട്ടേയില്ലെന്നതാണ് വസ്തുത. 3178 കോടി രൂപ നിക്ഷേപിക്കുകയും ദിവസങ്ങള്‍ക്കുള്ളില്‍ പിന്‍വലിക്കുകയും ചെയ്തതായിട്ടാണ് കണ്ടെത്തിയിരിക്കുന്നത്.

നോട്ട് നിരോധനത്തിന് പിന്നാലെ ഇത്തരത്തില്‍ അനവധി കമ്പനികള്‍ കളളപണം വെളിപ്പിച്ചു എന്ന വാര്‍ത്ത പുറത്തു വന്നിരുന്നു അതിനു ശേഷം ഇത്തരത്തില്‍ കോടിക്കണക്കിന് രൂപ ബാങ്കില്‍ നിക്ഷേപിച്ച 18 കമ്പനികള്‍ക്കെതിരെ കേന്ദ്രസര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. അതിലൊന്നായിരുന്നു ഡ്രീംലൈന്‍ മാന്‍ പവ്വര്‍ സൊല്യൂഷന്‍. സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസിന് (എസ്എഫ്‌ഐഒ) ആയിരുന്നു അന്വേഷണച്ചുമതല. ഇവര്‍ നടത്തിയ അന്വേഷണത്തിലാണ് ഈ കമ്പനി കടലാസ്സില്‍ മാത്രമേ പ്രവര്‍ത്തിക്കുന്നുള്ളു എന്ന് കണ്ടെത്തിയത്്.

മാന്‍പവ്വര്‍ സൊല്യൂഷന്‍ എന്ന പേര് കമ്പനി നിത്യാങ്ക് ഇന്‍ഫ്രാപവ്വര്‍ ആന്റ് മള്‍ട്ടി വെഞ്ച്വേഴ്‌സ് എന്ന് മാറ്റിയതായും അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ടാക്‌സ് കണ്‍സള്‍ട്ടന്‍സി, നിയമസഹായം, ഓഹരി മാര്‍ക്കറ്റിംഗ് തുടങ്ങിയ മേഖലകളിലാണ് പ്രവര്‍ത്തിക്കുന്നതെന്നാണ് കമ്പനി രേഖകളില്‍ നല്കിയിരിക്കുന്ന വിവരം. 2017-18 വര്‍ഷത്തെ നികുതി വരെ കമ്പനി അടച്ചിട്ടുണ്ട്. സൂരജ് കുമാര്‍ യാദവ്, ഹിതേഷ് മനോഹര്‍ എന്നിവരാണ് രേഖകള്‍ പ്രകാരം കമ്പനി ഡയറക്ടര്‍മാര്‍. എന്നാല്‍, രേഖകളിലുള്ള മേല്‍വിലാസത്തില്‍ അങ്ങനെയൊരു കമ്പനി ഇതുവരെ പ്രവര്‍ത്തിച്ചിട്ടില്ല.

കമ്പനി നല്കിയ മേല്‍വിലാസത്തിലുള്ളത് ഒരു ഫഌറ്റാണ്. അങ്ങനെയൊരു കമ്പനിയെക്കുറിച്ചോ ആള്‍ക്കാരെക്കുറിച്ചോ തങ്ങള്‍ക്ക് അറിവില്ലെന്ന് അവിടെ താമസിക്കുന്നവരും പറയുന്നു. യെസ് ബാങ്കില്‍ നിന്ന് 1700 കോടി രൂപ കമ്പനി വായ്പയെടുത്തതായും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ

LEAVE A REPLY

Please enter your comment!
Please enter your name here