ന്യൂദല്‍ഹി (www.mediavisionnews.in): നിക്കാഹ് ഹലാലാ ഖുര്‍ആനില്‍ അധിഷ്ഠിതമായ ആചാരമെന്നും ചോദ്യം ചെയ്യാനാവില്ലെന്നും ഓള്‍ ഇന്ത്യ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ്. നിക്കാഹ് ഹലാലയ്‌ക്കെതിരായ ഹരജികള്‍ പരിശോധിക്കാന്‍ സുപ്രീം കോടതി തയ്യാറെടുക്കുന്നതിനിടെയാണ് വിമര്‍ശനങ്ങള്‍ക്കതീതമാണ് ഈ ഇസ്‌ലാമികാചാരമെന്ന നിലപാടുമായി വ്യക്തിനിയമ ബോര്‍ഡ് രംഗത്തെത്തിയിരിക്കുന്നത്.
സമുദായവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യാനായി ദല്‍ഹിയില്‍ വിളിച്ചുകൂട്ടിയ യോഗത്തിനു ശേഷമാണ് ബോര്‍ഡിന്റെ പ്രസ്താവന. നിക്കാഹ് ഹലാലായെ വെല്ലുവിളിക്കാന്‍ സാധിക്കില്ലെന്നായിരുന്നു ബോര്‍ഡ് സെക്രട്ടറിയും നിയമോപദേഷ്ടാവുമായ സഫര്യാബ് ജിലാനിയുടെ പരാമര്‍ശം.
‘ഒരിക്കല്‍ മതനിയമപ്രകാരം ഭാര്യയുമായുള്ള വിവാഹബന്ധം വേര്‍പെടുത്തിക്കഴിഞ്ഞാല്‍, പിന്നീട് അവര്‍ മറ്റൊരാളെ വിവാഹം ചെയ്ത് ആ ബന്ധത്തില്‍ നിന്നും വിടുതല്‍ നേടിയാല്‍ മാത്രമേ വീണ്ടും ആദ്യത്തെ ബന്ധത്തില്‍ തുടരാന്‍ സാധിക്കുകയുള്ളൂ. ഈ നിയമമാണ് നിക്കാഹ് ഹലാലാ. ഖുര്‍ആന്‍ അനുശാസിക്കുന്നതാണിത്. അതില്‍ നിന്നും വ്യത്യസ്തമായ അഭിപ്രായം പറയാന്‍ ബോര്‍ഡിനു സാധിക്കില്ല.’ ജിലാനി പറഞ്ഞു.