താജ്മഹല്‍ സംരക്ഷണം; ഉത്തര്‍പ്രദേശ് സര്‍ക്കാറിന്റെ നടപടി ഞെട്ടിച്ചെന്ന് സുപ്രീംകോടതി

0
130

ന്യൂദല്‍ഹി (www.mediavisionnews.in): താജ്മഹല്‍ വിഷയത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി. താജ്മഹലിന്റെ സംരക്ഷണവുമായി ബന്ധപ്പെട്ട ഭാവി പ്രവര്‍ത്തനങ്ങളുടെ കരട് രേഖ തയ്യാറാക്കുന്നതില്‍ പുരാവസ്തു വകുപ്പുമായി ആലോചിക്കാത്തതിനാലാണ് ഉത്തര്‍ പ്രദേശ് സര്‍ക്കാറിനെ കോടതി വിമര്‍ശിച്ചത്.

17ാം നൂറ്റാണ്ടില്‍ നിര്‍മിച്ച ലോകാത്ഭുതങ്ങളിലൊന്നായ താജിന്റെ സംരക്ഷണ ഉത്തരവാദിത്വമുള്ള പുരാവസ്തു വകുപ്പുമായി കൂടിയാലോചനയില്ലാതെ സര്‍ക്കാര്‍ നടപടി എടുത്തത് ഞെട്ടിക്കുന്നതാണെന്നും സുപ്രീം കോടതി പറഞ്ഞു. താജിന്റെ സംരക്ഷണത്തിനും വികസന പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടി ഒരു പ്രത്യേക അധികാരിയെ നിശ്ചയിക്കാനും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് സുപ്രീംകോടതി ആവശ്യപ്പെട്ടു.

ഉത്തരവാദിത്തപ്പെട്ടവരെല്ലാം കൈകഴുകിയെന്നും പുരാവസ്തു വകുപ്പിന്റെ പങ്കാളിത്തമില്ലാതെ തയ്യാറാക്കിയ സംരക്ഷണ രൂപരേഖയാണ് ലഭിച്ചതെന്നും ജസ്റ്റിസ് എം.ബി ലോകുര്‍ പറഞ്ഞു. ചൊവ്വാഴ്ച്ചയായിരുന്നു ഇതുമായി ബന്ധപ്പെട്ട കരട് രേഖ ജസ്റ്റിസ് ലോകുര്‍ അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെ യു.പി സര്‍ക്കാര്‍ സമര്‍പ്പിച്ചത്.

ലോകാത്ഭുതങ്ങളിലൊന്നായ താജ്മഹലിന്റെ സംരക്ഷണകാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കാണിക്കുന്ന അലംഭാവത്തെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ച് നേരത്തെ സുപ്രിംകോടതി രംഗത്തെത്തിയിരുന്നു. താജ്മഹലിന്റെ കാര്യത്തില്‍ കേന്ദ്രത്തിന്റെ നിലപാട് ആശാവഹമല്ലെന്നും സുപ്രിംകോടതി വിമര്‍ശിച്ചിരുന്നു.

നിങ്ങള്‍ ഒന്നുകില്‍ താജ്മഹല്‍ അടച്ചിട്, അല്ലെങ്കില്‍ പൊളിക്ക്, എന്നിട്ട് പുനര്‍നിര്‍മിക്ക്.എന്നായിരുന്നു സുപ്രിംകോടതി വിമര്‍ശനം.
താജ്മഹല്‍ എങ്ങനെ സംരക്ഷിക്കാമെന്ന വിഷയത്തില്‍ കേന്ദ്ര പരിസ്ഥിതി, വനം മന്ത്രാലയത്തിന്റെ പ്രതികരണത്തില്‍ അതിയായ അതൃപ്തി അറിയിച്ചുകൊണ്ടായിരുന്നു സുപ്രിംകോടതിയുടെ വിമര്‍ശനം

LEAVE A REPLY

Please enter your comment!
Please enter your name here