തകര്‍ന്നടിഞ്ഞ ദക്ഷിണാഫ്രിക്കയെ കൈപിടിച്ചുയര്‍ത്താന്‍ ഡിവില്ലിയേഴ്‌സ് ടീമിലേക്ക്‌: സൂചനയുമായി സിഎസ്എ

0
130

ജോഹന്നാസ്ബര്‍ഗ്(www.mediavisionnews.in): ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റില്‍ ദക്ഷിണാഫ്രിക്ക തകര്‍ന്നടിഞ്ഞതിന് പിന്നാലെയാണ് ടീമിന്റെ രക്ഷയ്ക്ക് ഡിവില്ലിയേഴ്‌സ് തിരിച്ചെത്തുമോ എന്ന ചോദ്യം ശക്തമായത്. കളിക്കാരനായിട്ടല്ല, മറിച്ച് ടീമിന്റെ പരിശീലക റോളിലേക്ക് ഡിവില്ലിയേഴ്‌സ് എത്തുന്നതിനുള്ള സാധ്യതകളാണ് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ഇപ്പോള്‍ പരിശോധിക്കുന്നത്.

മെയിലായിരുന്നു ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ഡിവില്ലിയേഴ്‌സ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. എന്നാല്‍ ഐപിഎല്ലിലും ടൈറ്റന്‍സിലും തുടര്‍ന്ന് കളിക്കുമെന്ന് ഡിവില്ലിയേഴ്‌സ് പിന്നീട് വ്യക്തമാക്കിയിരുന്നു. ഇതിന് പുറമെ കണ്‍സള്‍ട്ടന്‍സി പദവിയില്‍ ഡിവില്ലിയേഴ്‌സ് താത്പര്യം പ്രകടിപ്പിച്ചിരുന്നു എന്നാണ് ക്രിക്കറ്റ് സൗത്ത് ആഫ്രിക്ക സിഇഒ തബാംഗ് മൊറോ പ്രതികരിച്ചത്.

മാത്രമല്ല, വിരമിക്കല്‍ പ്രഖ്യാപിച്ചതിന് തൊട്ടടുത്ത ദിവസങ്ങളില്‍ ഡി വില്ലിയേഴ്‌സിനോട് സംസാരിച്ചപ്പോള്‍ പരിശീലക വേഷത്തോട് അനുകൂലമായിട്ടാണ് ഡിവില്ലിയേഴ്‌സ് പ്രതികരിച്ചതെന്നും തബാങ് മൊറോ പറയുന്നു. ടീമിന് നിര്‍ദേശങ്ങള്‍ നല്‍കാന്‍ ഡിവില്ലിയേഴ്‌സ് തയ്യാറായാല്‍ അദ്ദേഹത്തിന്റെ സൗകര്യത്തിന് അനുസരിച്ച് ടീമിന്റെ കാര്യങ്ങള്‍ ഒരുക്കുമെന്നാണ് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് അസോസിയേഷന്‍ പറയുന്നത്. ഇതിന് മുന്‍പ് പരിശീലക വേഷത്തില്‍ ഡിവില്ലിയേഴ്‌സ് എത്തിയിട്ടില്ല. എന്നാല്‍ മുന്‍ രാജ്യാന്തര താരം എന്ന നിലയില്‍ ഡിവില്ലിയേഴ്‌സ് ലെവല്‍ 2 സര്‍ട്ടിഫിക്കറ്റില്‍ വരും.

ക്രിക്കറ്റില്‍ വെടിക്കെട്ട് ബാറ്റിങ്ങിന് തിരികൊളുത്താറുള്ള ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് താരം എ.ബി.ഡിവില്ലിയേഴ്‌സ് 14 വര്‍ഷം നീണ്ട കരിയറിന് ശേഷമാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്.

228 ഏകദിനങ്ങളും 114 ടെസ്റ്റുകളും 78 ട്വന്റി 20 മത്സരങ്ങളും ഡിവില്ലിയേഴ്‌സ് കളിച്ചിട്ടുണ്ട്. വിരമിക്കാനുള്ള ശരിയായ സമയം ഇതാണെന്നും മറ്റുള്ളവര്‍ക്ക് വേണ്ടി വഴിമാറി കൊടുക്കാന്‍ സന്തോഷമേയുള്ളൂവെന്നും വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു.ഇതൊരു കടുപ്പമേറിയ തീരുമാനമാണെന്ന് അറിയാം. ദീര്‍ഘനാളായി ഇതേക്കുറിച്ച്‌ ഞാന്‍ ആലോചിച്ച്‌ വരികയായിരുന്നു. മാന്യമായി കളിച്ചു കൊണ്ടിരിക്കുന്നപ്പോള്‍ തന്നെ വിരമിക്കണമെന്നായിരുന്നു ആഗ്രഹം. ഇന്ത്യയ്ക്കും ഓസ്‌ട്രേലിയയ്ക്കും എതിരായ പരമ്പര വിജയത്തിന് ശേഷം ഇത് തന്നെയാണ് വിരമിക്കാനുള്ള ഏറ്റവും നല്ല സമയം ഡിവില്ലിയേഴ്‌സ് പറഞ്ഞു.

ഞാന്‍ ക്ഷീണിതനാണ്, മറ്റുള്ളവര്‍ക്ക് മാറി കൊടുക്കേണ്ട സമയമായെന്നും അദ്ദേഹം തന്റെ വിടവാങ്ങള്‍ പ്രഖ്യാപനത്തിലൂടെ അറിയിച്ചു. ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന് വേണ്ടി കളിച്ചിരുന്ന ഡിവില്ലേഴ്സ് ടീം തോറ്റ് പുറത്തായതിന് ശേഷം ദക്ഷിണാഫ്രിയിലേക്ക് മടങ്ങിയതിന് ശേഷമാണ് നിര്‍ണായക തീരുമാനമെടുത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here