കൊച്ചി (www.mediavisionnews.in): രണ്ടു മാസം നീണ്ട ട്രോളിങ് നിരോധനത്തിന് ശേഷം മൽസ്യബന്ധന മേഖലയിൽ ഉത്സവ പ്രതീതി ജനിപ്പിച്ച് നാളെ അർദ്ധ രാത്രി ബോട്ടുകൾ വീണ്ടും കടലിലേക്ക്. ഏറെ പ്രതീക്ഷയോടെയാണ് തൊഴിലാളികളും ബോട്ടുടമകളും പുതിയ ഫിഷിങ് സീസണെ വരവേൽക്കുന്നത്. പതിനയ്യായിരത്തിൽപരം യന്ത്രവത്കൃത മൽസ്യ ബന്ധന യാനങ്ങളാണ് നാളെ കടലിന്റെ ആഴങ്ങളിൽ മുത്ത് വാരാൻ പോകുന്നത്.
ഇത്തവണ നല്ല കോള് ലഭിക്കുമെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. ആദ്യ ആഴ്ചകളിൽ നല്ല തോതിൽ കിളിമീനും മത്തിയും ലഭിക്കുമെന്ന് മുനമ്പം മേഖലയിലെ തൊഴിലാളികൾ കരുതുന്നു.
ഇത്തവണ കനത്ത മഴയും കാറ്റും മൂലം ട്രോളിംഗ് നിരോധന കാലത്ത് വള്ളങ്ങൾക്ക് കടലിൽ അധികം പോകാൻ കഴിഞ്ഞില്ല. ഇത് രൂക്ഷമായ മീൻ ക്ഷാമത്തിന് വഴി വച്ചു. ചാളയുടെ വില 200 രൂപയ്ക്കു മുകളിൽ പോയി. കേരളത്തിൽ ഇതാദ്യമായാണ് ചാളയുടെ വില 200 രൂപയ്ക്ക് മുകളിൽ എത്തുന്നത്. ഏതാനും ആഴ്ചകളായി വള്ളക്കാർക്ക് കിളിമീൻ കിട്ടുന്നുണ്ട്. അതുകൊണ്ട് സീസന്റെ തുടക്കത്തിൽ കിളിമീൻ നല്ലതു പോലെ കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു. അയല, പാമ്പാട തുടങ്ങിയ ഇനങ്ങളും ചെമ്മീനും ലഭിക്കാൻ സാധ്യത കാണുന്നു. എന്നാൽ കനത്ത മൺസൂൺ മൂലം കടൽ കാര്യമായി ഇളകിയിട്ടുണ്ട്. അതുകൊണ്ട് മൽസ്യകൂട്ടങ്ങൾ തീരക്കടലിൽ നിന്നും അകന്നു നിൽക്കുമോ എന്ന ആശങ്കയും ഉണ്ട്. മത്തിയുടെ ലഭ്യത കുറവാണ് ഇതിനു നിദാനമായി തൊഴിലാളികൾ ചൂണ്ടിക്കാട്ടുന്നത്.
ഏതായാലും ബോട്ടുകളുടെ അറ്റകുറ്റപണികൾ എല്ലാം തീർത്ത്, വലകൾ റിപ്പയർ ചെയ്ത് ഒരുക്കങ്ങൾ പൂർത്തിയായി കഴിഞ്ഞു. നിരവധി പുതിയ ബോട്ടുകളും കടലമ്മയുടെ കനിവിനായി ഇക്കുറി നീരണിയുന്നുണ്ട്. അനുബന്ധ മേഖലകളായ ഐസ് ഉത്പാദനം, ഡീസൽ പമ്പുകൾ പലചരക്ക്, ഗൃഹോപകരണ വ്യാപാര സ്ഥാപനങ്ങൾ എല്ലാം ഫിഷിങ് ഉത്സവ സീസണെ വരവേൽക്കാൻ ഒരുങ്ങി കഴിഞ്ഞു. മീനിന്റെ വറുതിക്ക് അറുതിയാകുമെന്ന പ്രതീക്ഷയിലാണ് ജനം. മീൻ കൂട്ടി സുഖമായി ഊണ് കഴിക്കാനാകുമെന്ന പ്രതീക്ഷ അവർ പങ്ക് വയ്ക്കുന്നു.
മുൻ പതിവിൽ നിന്ന് വ്യത്യസ്തമായി ഇക്കുറി 61 ദിവസമായിരുന്നു ട്രോളിങ് നിരോധനം. 45 ദിവസമായിരുന്നു കഴിഞ്ഞ വർഷം വരെ. ജൂൺ ഒന്നിനാണ് ഇത്തവണ നിരോധനം തുടങ്ങിയത്.