തൃശൂർ (www.mediavisionnews.in): ശ്വാസമെടുക്കാൻ കഴിയാതെ വിങ്ങുന്നതിനിടിയിലും ആംബുലൻസിലെ ജീവനക്കാരോടു ഹന പറഞ്ഞു ‘എനിക്കിനിയും പഠിക്കണം, സ്കൂളിൽ പോകണം…’. ആ വാക്കുകളിലെ ദൃഢനിശ്ചയം സ്റ്റീയറിങ് വീലിലേക്കാവാഹിച്ചു ഡ്രൈവർ സബിൻ സെബാസ്റ്റ്യൻ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജിൽ നിന്നു തിരുവനന്തപുരം എസ്എടി ആശുപത്രിയിലേക്ക് ലൈഫ് സേവ് ആംബുലൻസ് പായിച്ചു. മൂന്നു മണിക്കൂർ കൊണ്ട് 304 കിലോമീറ്റർ പിന്നിട്ട് ആംബുലൻസ് സുരക്ഷിതമായി എസ്എടിയിലെത്തി. കുട്ടിയെ പീഡിയാട്രിക് ഐസിയുവിലേക്കു മാറ്റി.
വാടാനപ്പള്ളി പുതിയ വീട്ടില്‍ നൗഷാദിന്‍റെ മകൾ ഹനയെന്ന ഏഴാം ക്ലാസുകാരിയാണ് ആംബുലൻസിലെ സാഹസിക യാത്രയ്ക്കൊടുവിൽ സുരക്ഷിത തീരത്തെത്തിയത്. ഒരു മാസം മുൻപു വന്ന പനിയാണ് ഹനയുടെ ജീവൻപോലും അപകടത്തിലാക്കിയത്. ശരീരമാസകലം നിറംമാറുകയും ഓക്സിജന്റെ അളവ് അപകടകരമായി കുറയുകയും ചെയ്തതിനെ തുടർന്നു മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
മണിക്കൂറിൽ 10 ലീറ്റർ ഓക്സിജൻ ലഭിക്കാതെ ജീവൻ നിലനിർത്താൻ കഴിയാത്ത അവസ്ഥയിലായിരുന്നു ഹനയുടെ ശരീരം. ചികിത്സയിൽ വേണ്ടത്ര പുരോഗതി കാണാതെ വന്നപ്പോൾ ഹനയെ എസ്എടിയിലേക്കു മാറ്റാൻ തീരുമാനമായി. ഓക്സിജൻ അളവു കുറയാതെ എത്രയും വേഗം തിരുവനന്തപുരത്തെത്തിക്കുക എന്ന ദൗത്യം ലൈഫ് സേവ് ആംബുലൻസ് ഡ്രൈവറായ സബിനും എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ റെജി മാത്യൂസും ചേർന്ന് ഏറ്റെടുത്തു.
പുലർച്ചെ അഞ്ചിനു മെഡിക്കൽ കോളജിൽനിന്ന് ആംബുലൻസ് പുറപ്പെട്ടു. തിരക്കു കുറഞ്ഞ സമയമായതിനാൽ പൊലീസ് പൈലറ്റ് വാഹനങ്ങളുടെ അകമ്പടി ഇല്ലാതെയായിരുന്നു യാത്ര. മഴ മാറിനിന്നതും അനുഗ്രഹമായി. കേരളമാകമാനമുള്ള ഡ്രൈവർമാരുടെ ഫെയ്സ്ബുക്ക് കൂട്ടായ്മയായ ഓൾ കേരള ഡ്രൈവർ ഫ്രീക്കേഴ്സ് ഗതാഗതം സുഗമമാക്കാനുള്ള ദൗത്യം ഏറ്റെടുത്തു. തൃശൂർ മുതൽ തിരുവനന്തപുരം വരെ റോഡിൽ എകെഡിഎഫ് അംഗങ്ങൾ സുരക്ഷിത മാർഗമൊരുക്കാൻ യത്നിച്ചു.
കൂട്ടായ്മയിലെ അംഗമായ അനന്തൻ ആംബുലൻസിലിരുന്നു യാത്ര ഏകോപിപ്പിച്ചു. വൈറ്റില, കൊട്ടിയം പോലുള്ള തിരക്കേറിയ ഇടങ്ങളിൽ പോലും ആംബുലൻസ് കുതിച്ചുപാഞ്ഞു. 120 കിലോമീറ്ററായിരുന്നു ശരാശരി വേഗം. രാവിലെ എട്ടുമണിയോടെ ആംബുലൻസ് എസ്എടിയിലെത്തി. ഓക്സിജൻ നില കുറഞ്ഞാൽ അപകടമാണെന്നതിനാൽ ഡോക്ടർമാർ ആശുപത്രിക്കു പുറത്തുതന്നെ ഹനയെ കാത്തുനിന്നിരുന്നു. അതിവേഗം പീഡിയാട്രിക് ഐസിയുവിലേക്കു കുട്ടിയെ മാറ്റി. തുടർ പരിശോധനകൾ ഇന്നു നടക്കും.
ഫാത്തിമ ഷിഫ സുരക്ഷിത, വെന്റിലേറ്ററിൽ നിന്നു മാറ്റി
ഒരാഴ്ചയ്ക്കിടെ തൃശൂരിൽ നടക്കുന്ന രണ്ടാമത്തെ വലിയ ജീവൻരക്ഷാ ദൗത്യമാണ് ഇന്നലെയുണ്ടായത്. ഒരാഴ്ച മുൻപു മദർ ആശുപത്രിയിൽനിന്നു മൂന്നേകാൽ മണിക്കൂർ കൊണ്ടു തിരുവനന്തപുരം എസ്എടി ആശുപത്രിയിലേക്ക് ഓടിയെത്തിയ ആംബുലൻസ് ഏഴു ദിവസം പ്രായമുള്ള കുഞ്ഞിന്റെ ജീവൻ രക്ഷിച്ചിരുന്നു. പാലക്കാട് കുറ്റിക്കോട് കോഴിത്തൊടിയിൽ ഉമറുൽ ഫാറൂഖ്– അസ്നാൻ ദമ്പതികളുടെ മകളായ ഫാത്തിമ ഷിഫയെ ആണ് ആംബുലൻസിൽ തിരുവനന്തപുരത്തെത്തിച്ചത്.
740 ഗ്രാം തൂക്കവുമായി ജനിച്ചവീണ കുഞ്ഞിനെ ഉടൻ എസ്എടിയിലെത്തിക്കുകയെന്നതായിരുന്നു ദൗത്യം. വെന്റിലേറ്ററിൽ പ്രവേശിപ്പിച്ച കുട്ടിയുടെ ആരോഗ്യനില ഇപ്പോൾ ഭേദപ്പെട്ട അവസ്ഥയിലേക്കു മാറിയിട്ടുണ്ട്. ഐസിയുവിലേക്കു മാറ്റിയതായി ഡോക്ടർമാർ അറിയിച്ചു.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ