ദുബൈ (www.mediavisionnews.in): ഉത്തര മലബാറിലെ മുസ്ലിം സമുദായത്തിന്റെ വിദ്യാഭ്യാസ സാമൂഹിക രാഷ്ട്രീയ മേഖലയിൽ മുന്നേറ്റത്തിനു വേണ്ടി സമർപ്പിത ജീവിതം നയിച്ചു പ്രതിസന്ധി ഘട്ടങ്ങളിൽ എല്ലാ വെല്ലുവിളികളെയും അതിജീവിച്ചു സംരക്ഷണ വലയം തീർത്തു മുസ്ലിം ഉമ്മത്തിനു രക്ഷാകവചമായ ആർജ്ജവമുള്ള കാവൽഭടനെയാണ് ചെർക്കളം അബ്ദുള്ള സാഹിബിന്റെ വിയോഗത്തിലൂടെ നഷ്ടമായതെന്ന് മലബാർ ഇസ്‌ലാമിക്ക് കോംപ്ലെക്സ് ദുബൈ സോണൽ കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ യോഗം അഭിപ്രായപ്പെട്ടു.
സംഭവബഹുലമായ ചെർക്കളത്തിന്റെ ജീവിതത്തിൽ നിന്നും പാഠവും പ്രചോദനവും ഉൾക്കൊണ്ട് രാഷ്ട്രീയ മത സാമൂഹിക പൊതു രംഗങ്ങളിൽ നീതിയുടെ പക്ഷത്തു നിൽക്കുന്ന പുതിയ നേതൃത്വത്തെ വളർത്തികൊണ്ടുവരാൻ സമുദായത്തിനു സാധിക്കട്ടെയെന്നും യോഗം പ്രത്യാശ പ്രകടിപ്പിച്ചു.
ദുബൈ എം.ഐ.സി ഉപാധ്യക്ഷൻ അബ്ദുൽ ഖാദർ അസ്അദിയുടെ അധ്യക്ഷതയിൽ ദുബൈ കാസറഗോഡ് ജില്ലാ കെ.എം.സി.സി ജനറൽ സെക്രട്ടറി അബ്ദുള്ള ആറങ്ങാടി യോഗം ഉദ്ഘാടനം ചെയ്തു. വ്യത്യസ്ത സംഘടനകളെ പ്രതിനിധീകരിച്ചുകൊണ്ട് നേതാക്കളായ മുനീർ ചെർക്കളം, കബീർ അസ്അദി പെരുമ്പട്ട, താഹിർ മുഗു, മഹമൂദ് ഹാജി പൈവളികെ, സിദ്ദീഖ് കനിയടുക്കം, സുബൈർ മാങ്ങാട്, ഹനീഫ് കുമ്പഡാജെ, അബ്ദുൽ ഖാദർ ഇർശാദി കർണൂർ, അസീസ് ബള്ളൂർ, നൗഫൽ പാറക്കട്ട, നിസാം പുളിക്കൂർ തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് ദിക്ർ ദുആ മജ്‌ലിസും മയ്യിത്ത് നിസ്കാരവും സംഘടിപ്പിച്ചു. ദുബൈ എം.ഐ.സി ജനറൽ സെക്രട്ടറി അബ്ദുൽ റഷീദ് ഹാജി സ്വാഗതവും, അസീസ് കമാലിയ ചെർക്കളം നന്ദിയും പറഞ്ഞു.